ന്യൂഡൽഹി: യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ജോ ബൈഡൻ, വൈസ് പ്രസിഡന്‍റ് കമല ഹാരിസ് എന്നിവര്‍ക്ക് ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസിഎൽ ഒരു പുതിയ അധ്യായം കുറിച്ച ഇരുവർക്കും ആശംസകൾ അറിയിച്ച മോദി, ഒത്തുചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നും അറിയിച്ചു. കഴിഞ്ഞ ദിവസമാണ് അമേരിക്കയുടെ 46-ാം പ്രസിഡന്‍റായി
ജോ ബൈഡൻ അധികാരമേറ്റത്.
ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം ശക്തിപ്പെടുത്താൻ ഒത്തുചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് ആശംസകൾ അറിയിച്ച് മോദി കുറിച്ചത്. 'യുഎസ് പ്രസിഡന്‍റായി സ്ഥാനമേറ്റ ജോ ബൈഡന് എന്‍റെ ഊഷ്മളമായ ആശംസകൾ. ഇന്ത്യ-യുഎസ് നയതന്ത്ര പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താൻ അദ്ദേഹത്തോടൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു'. ജോ ബൈഡനെ ടാഗ് ചെയ്ത് മോദി കുറിച്ചു.
ഇന്ത്യ-യുഎസ് പങ്കാളിത്തം മൂല്യങ്ങള്‍ പങ്കിടുന്നത് അടിസ്ഥാനമാക്കിയുള്ളതാണ്. ഞങ്ങൾക്ക് ഗണ്യമായ ബഹുമുഖ ഉഭയകക്ഷി അജണ്ടയാണുള്ളത്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പ്രസിഡന്‍റ് ജോ ബൈഡനുമായി ഒത്തുചേര്‍ന്ന് പ്രവർത്തിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും മറ്റൊരു ട്വീറ്റിൽ മോദി കുറിച്ചു.
പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും ആഗോള സമാധാനവും സുരക്ഷയും മുന്നോട്ട് കൊണ്ടുപോകുന്നതിലും ഐക്യത്തോടെയും ഊർജ്ജസ്വലതയോടെയും എല്ലാവരും ഒറ്റക്കെട്ടായി നിലകൊള്ളുമ്പോൾ യുഎസ്എയെ നയിക്കുന്ന വിജയകരമായ ഒരു പദത്തിലെത്തിയതിന് ആശംസകൾ എന്നും മോദി കുറിച്ചു.
ഉപരാഷ്ട്രപതി വെങ്കയ്യനായിഡു, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരും അമേരിക്കയുടെ പുതിയ ഭരണത്തലവൻമാർക്ക് അഭിനന്ദനം അറിയിച്ച് പ്രതികരിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വരുംവർഷങ്ങളിൽ കൂടുതൽ മെച്ചപ്പെടുമെന്ന് ഉറപ്പാണെന്നാണ് അഭിനന്ദനം അറിയിച്ച് വെങ്കയ്യ നായിഡു ട്വീറ്റ് ചെയ്തത്.
'ജനാധിപത്യത്തിന്‍റെ ഒരു പുത്തൻ അധ്യായം കുറിച്ച യുഎസ്എയ്ക്ക് അഭിനന്ദനങ്ങൾ' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
അമേരിക്കൻ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് ജോ ബൈഡൻ. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റയുടൻ തന്നെ അദ്ദേഹം രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. ഐക്യവും രോഗശാന്തിയും പ്രമേയമാക്കി ചരിത്ര പ്രസംഗം തയ്യാറാക്കിയത് അദ്ദേഹത്തിന്റെ ഇന്ത്യൻ-അമേരിക്കൻ പ്രസംഗ എഴുത്തുകാരൻ വിനയ് റെഡ്ഡിയാണ്.
56 കാരിയായ കമല ഹാരിസിനെ അമേരിക്കയുടെ 49-ാമത് വൈസ് പ്രസിഡന്റായി സുപ്രീം കോടതിയിലെ ആദ്യത്തെ ലാറ്റിന അംഗം ജസ്റ്റിസ് സോണിയ സൊട്ടോമയർ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. അമേരിക്കയിലെ ആദ്യത്തെ വനിത, ആദ്യത്തെ ഇന്ത്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ കമല ഹാരിസ് ചരിത്രം സൃഷ്ടിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.