• HOME
  • »
  • NEWS
  • »
  • india
  • »
  • രണ്ടു ദിവസം കൊണ്ട് ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിയുടെ സന്ദർശനം; ലക്ഷ്യം 2024 ലോക്സഭാ തെരഞ്ഞെടുപ്പ്

രണ്ടു ദിവസം കൊണ്ട് ദക്ഷിണേന്ത്യയിലെ നാലു സംസ്ഥാനങ്ങളിൽ പ്രധാനമന്ത്രിയുടെ സന്ദർശനം; ലക്ഷ്യം 2024 ലോക്സഭാ തെരഞ്ഞെടുപ്പ്

ഇതിൽ രണ്ട് സംസ്ഥാനങ്ങളിൽ 2023ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്

  • Share this:
    2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രധാന ലക്ഷ്യം ദക്ഷിണേന്ത്യയിൽ നിന്ന് മികച്ച നേട്ടം ഉണ്ടാക്കുക എന്നതാണ്. അതിനായുള്ള ശ്രമങ്ങൾ മോദി ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ഈ ആഴ്ച അവസാനം രണ്ട് ദിവസങ്ങളിലായി നാല് സംസ്ഥാനങ്ങളിൽ പര്യടനം നടത്തുകയാണ് പ്രധാനമന്ത്രി. ഗുജറാത്തിൽ നിന്ന് നേരെ കർണാടകയിലേക്കാണ് അദ്ദേഹം എത്തിയത്. തമിഴ്നാട്, തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിലും സന്ദർശനം നടത്തും. ഇതിൽ രണ്ട് സംസ്ഥാനങ്ങളിൽ 2023ൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്.

    ദക്ഷിണേന്ത്യ ബിജെപിക്ക് കൂടി മേൽക്കൈയുള്ള മണ്ണായി മാറ്റിയെടുക്കുകയെന്നതാണ് ഈ യാത്രയിലെ പ്രധാനമന്ത്രി മോദിയുടെ പ്രധാന ലക്ഷ്യം. വടക്ക് - തെക്ക് എന്നിവിടങ്ങളിലുള്ള അന്തരം കുറയ്ക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. “2014ൽ ഉത്തരേന്ത്യയിലും പശ്ചിമ ഇന്ത്യയിലും മധ്യേന്ത്യയിലുമാണ് ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്. 2019ൽ കിഴക്കൻ ഇന്ത്യയിലും വടക്കുകിഴക്കൻ ഇന്ത്യയിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അത്തരത്തിലുള്ള ഒരു പാറ്റേൺ ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങളിലുണ്ട്. 2024ൽ ഇനി ദക്ഷിണേന്ത്യയുടെ ഊഴമാണ്,” രാഷ്ട്രീയകാര്യ വിശകലന വിദഗ്ദനായ സന്ദീപ് ശാസ്ത്രി പറഞ്ഞു.

    കർണാടകയും തെലങ്കാനയെയും ബി.ജെ.പിക്ക് ഏറ്റവും സാധ്യതയുള്ള രണ്ട് സംസ്ഥാനങ്ങൾ ആണെന്നും അവിടെ നിന്നാവും ദക്ഷിണേന്ത്യയിലെ പ്രവർത്തനങ്ങളുടെ തുടക്കമെന്നും ശാസ്ത്രി കരുതുന്നു. രാഷ്ട്രീയമായി ബിജെപിക്ക് ദക്ഷിണേന്ത്യയിൽ മേൽക്കൈ കുറവാണ്. പാൻ-ഇന്ത്യ പദ്ധതികളുടെ ഭാഗമായി അത് മാറ്റിയെടുക്കുക എന്ന ലക്ഷ്യം കൂടി വെച്ചാണ് മോദി നാല് സംസ്ഥാനങ്ങളിൽ പര്യടനത്തിനായി എത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.

    “കർണാടകയിലെ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ഏതാനും മാസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. തെലങ്കാനയും ഒരു വർഷത്തിനുള്ളിൽ തിരഞ്ഞെടുപ്പിനെ നേരിടും. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇവിടങ്ങളിലെ അസംബ്ലി തെരഞ്ഞെടുപ്പ്. അതിനാൽ തന്നെ രണ്ട് തെരഞ്ഞെടുപ്പുകളും ബിജെപിക്ക് വളരെ പ്രധാനമാണ്. കർണാടകയിൽ നിലവിൽ ഭരിക്കുന്നത് ബിജെപിയാണ്. അത് തുടരാനാണ് അവരുടെ ലക്ഷ്യം. തെലങ്കാനയിൽ ബിജെപി പ്രധാന പ്രതിപക്ഷമായി ഉയർന്ന് കഴിഞ്ഞു," ശാസ്ത്രി ന്യൂസ് 18-നോട് പറഞ്ഞു.

    Also read: Gujarat Elections | ഗുജറാത്തിൽ 25 റാലികൾ നയിക്കാൻ മോദി; 100ലധികം സീറ്റ് നേടാൻ ബിജെപി

    മോദിയുടെ സന്ദർശനത്തിലെ ആദ്യ സംസ്ഥാനം കർണാടകയാണ്. കവിയും സന്യാസിയുമായിരുന്ന കനകദാസൻെറ ജയന്തി ആഘോഷിക്കുന്ന ദിവസമാണ് അദ്ദേഹം കർണാടകയിലെത്തിയത്. 16ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കവിക്ക് കർണാടകയിൽ വലിയ ജനപ്രീതിയാണുള്ളത്. ബെംഗളുരു നഗരത്തിന്റെ സ്ഥാപകൻ നാദപ്രഭു കെംപെഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി കെംപഗൌഡ വിമാനത്താവളത്തിൽ അനാച്ഛാദനം ചെയ്തു. "അഭിവൃദ്ധിയുടെ പ്രതിമ" എന്നാണ് ഇത് അറിയപ്പെടുന്നത്. കർണാടകയിലെ ബിജെപി സർക്കാർ ഈ പ്രതിമ നിർമ്മിച്ചതിൽ വലിയ അഭിമാനത്തിലാണ്.

    ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് എക്‌സ്പ്രസും ഏകദേശം 5,000 കോടി രൂപ ചെലവിൽ നിർമ്മിച്ച കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ടെർമിനൽ-2 ഉം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. വന്ദേ ഭാരതിനൊപ്പം ഭാരത് ഗൗരവ് കാശി ദർശൻ ട്രെയിനും അദ്ദേഹം ഉദ്ഘാടനം ചെയ്തു.

    “ഞങ്ങൾ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും ഇപ്പോൾ തന്നെ തുടങ്ങിക്കഴിഞ്ഞു. എന്നാൽ പ്രധാനമന്ത്രി മോദിയുടെ സന്ദർശനം പ്രവർത്തകർക്ക് വലിയ ഊർജ്ജവും ആവേശവുമാണ് പകരുന്നത്. പ്രവർത്തകരെല്ലാം അഭിമാനത്തോടെയാണ് അദ്ദേഹത്തിൻെറ ഈ കർണാടക സന്ദർശനത്തെ കാണുന്നത്. ഓരോ തവണ അദ്ദേഹം വരുമ്പോഴും ഒരു പ്രത്യേകതരം ഊർജമാണ് നമുക്ക് ലഭിക്കുന്നത്. 2023ൽ പുതിയ ബിജെപി മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ മോദിജി വിധാൻ സൗധയിൽ ഞങ്ങളോടൊപ്പം ഉണ്ടാവുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്,” കർണാടകയിലെ ബിജെപിയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞു.

    കർണാടക കഴിഞ്ഞാൽ തമിഴ്നാട്ടിലാണ് മോദി സന്ദർശനത്തിനായി എത്തുന്നത്. അവിടെ പ്രതിപക്ഷത്തുള്ള ബിജെപിയുടെ സഖ്യകക്ഷി എഐഡിഎംകെയിലെ പ്രധാന നേതാക്കൾ തമ്മിൽ ആഭ്യന്തര കലഹം രൂക്ഷമാണ്. എടപ്പാടി പളനിസ്വാമി, ഒ പനീർശെൽവം, വി.കെ. ശശികല തുടങ്ങിയ നേതാക്കൾ തമ്മിലുള്ള വിയോജിപ്പ് അനുദിനം വർധിക്കുകയാണ്. അതിനിടയിൽ പ്രധാന പ്രതിപക്ഷ ശബ്ദമായി ബി.ജെ.പി. നിലയുറപ്പിച്ച് തുടങ്ങിയിട്ടുണ്ട്. മുൻ ഐപിഎസ് ഉദ്യോഗസ്ഥനും ഇപ്പോൾ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനുമായ കെ. അണ്ണാമലൈയുടെ നേതൃത്വത്തിൽ പാർട്ടി കേഡർ അടിസ്ഥാനത്തിൽ കൂടുതൽ ശക്തമായി മാറുകയാണ്. ദ്രാവിഡ രാഷ്ട്രീയത്തിന് വലിയ വേരോട്ടമുള്ള തമിഴ്നാട്ടിലെ മൂന്നാമത്തെ പ്രധാന രാഷ്ട്രീയ ശക്തിയായി മാറുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ന്യൂസ് 18 നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു.

    “തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ മോദി ഇടപെട്ട് തുടങ്ങിയാൽ പിന്നെ ആർക്കും അദ്ദേഹത്തെ തടയാൻ സാധിക്കില്ല. ദക്ഷിണേന്ത്യയിൽ തെലങ്കാനയിലും തമിഴ്നാട്ടിലും ഭാവിയിൽ നേട്ടങ്ങൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് ബിജെപി മനസ്സിലാക്കിയിട്ടുണ്ട്. അവിടെ മികച്ച വിജയം നേടിയെടുക്കുകയാണ് അവരുടെ ലക്ഷ്യം,” ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന രാഷ്ട്രീയ നിരീക്ഷകൻ സുമന്ത് സി രാമൻ പറഞ്ഞു.

    തെലങ്കാനയിൽ തെലങ്കാന രാഷ്ട്രീയ സമിതിക്കെതിരെ നേർക്ക് നേർ മത്സരിച്ചിട്ടും മുനുഗോഡ് ഉപതെരഞ്ഞെടുപ്പിലെ തോൽവി ബിജെപിയെ നിരാശപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ എംഎൽഎമാരെ അടർത്തിയെടുക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്ന് തെലങ്കാന മുഖ്യമന്ത്രിയും ടിആർഎസ് നേതാവുമായ ചന്ദ്രശേഖരു റാവു നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിട്ടുണ്ട്. കൃത്യമായ പദ്ധതികളുമായി മുന്നിട്ടിറങ്ങിയാൽ ബിജെപിക്ക് തെലങ്കാനയിൽ അധികാരം പിടിക്കാൻ സാധിക്കുമെന്ന് പാർട്ടി നേതാക്കൾ ന്യൂസ് 18നോട് പറഞ്ഞു. തെലങ്കാനയിലെ 9,500 കോടിയുടെ രാമഗുണ്ടം വളം പ്ലാന്റ് പ്രധാനമന്ത്രി മോദി രാജ്യത്തിന് സമർപ്പിക്കും. 1000 കോടിയോളം രൂപ ചെലവിൽ നിർമിച്ച ഭദ്രാചലം റോഡ്-സാറ്റുപള്ളി റെയിൽ പാതയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും.

    പ്രധാനമന്ത്രിയുടെ നിലവിലെ സന്ദർശനത്തിൽ ആന്ധ്രപ്രദേശിലാണ് ഏറ്റവും വലിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. 3750 കോടി രൂപ ചെലവിൽ നിർമ്മിച്ച ആറ് വരി ഗ്രീൻഫീൽഡ് റായ്പൂർ-വിശാഖപട്ടണം സാമ്പത്തിക ഇടനാഴി, 2,900 കോടിയിലധികം രൂപ ചെലവിൽ വികസിപ്പിച്ച ആന്ധ്രാപ്രദേശിലെ ഒഎൻജിസിയുടെ യു-ഫീൽഡ് ഓൺഷോർ ഡീപ് വാട്ടർ ബ്ലോക്ക് പദ്ധതി, 745 കി.മീറ്ററിൽ 2,650 കോടിയിലധികം രൂപ ചെലവിൽ നിർമ്മിക്കുന്ന ഗെയിലിന്റെ ശ്രീകാകുളം അംഗുൽ പ്രകൃതിവാതക പൈപ്പ് ലൈൻ പദ്ധതി, വിശാഖപട്ടണം ഫിഷിംഗ് ഹാർബറിന്റെ നവീകരണം എന്നീ പദ്ധതികളെല്ലാം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

    പ്രധാനമന്ത്രി മോദിയോട് പരോക്ഷമായി ആഭിമുഖ്യം പുലർത്തുന്നയാളാണ് ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി. ആന്ധ്ര - തെലങ്കാന വിഭജനത്തിന് ശേഷം താൻ നടത്തിയ വാഗ്ദാനങ്ങളിൽ പലതും നടപ്പാക്കാൻ സാധിക്കാത്തതിൽ ജഗന് നിരാശയുണ്ട്. പദ്ധതികൾക്കെല്ലാം കേന്ദ്ര സർക്കാരിൻെറ പിന്തുണ ആവശ്യമാണ്. പുതിയ പദ്ധതികൾ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തുന്നതിൽ ജഗന് വലിയ ആശ്വാസമാകും,” വിശാഖപട്ടണം ആസ്ഥാനമായുള്ള രാഷ്ട്രീയകാര്യ വിദഗ്ദൻ ഗാലി നാഗരാജ വിശദീകരിച്ചു.
    Published by:user_57
    First published: