പരമ്പരാഗതമായി അസാമില്‍ ഉപയോഗിക്കുന്ന ഗമോസ ടവ്വലിന് ജിഐ (ജ്യോഗ്രഫിക്കല്‍ ഇന്‍ഡിക്കേഷന്‍ ടാഗ്) അംഗീകാരം ലഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് പ്രിയപ്പെട്ട ടവ്വൽ എന്ന പ്രത്യേകതയും ഗമോസയ്ക്കുണ്ട്. ആദ്യ ഡോസ് കോവിഡ് വാക്സിന് എടുക്കാനായി കഴുത്തിൽ ഗമോസ ടവ്വല്‍ ധരിച്ച് മോദിയെത്തിയതു മുതലാണ് ഈ ടവ്വൽ ജനശ്രദ്ധ നേടിയത്.
ചുവപ്പും വെളുപ്പും ഇടകലര്‍ന്ന നിറത്തിലാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. അസമിലെ എല്ലാ വീടുകളിലുമുണ്ടാകുന്ന ടവ്വലാണിത്. കൈത്തറിയില്‍ നിര്‍മ്മിക്കുന്ന ഈ ടവ്വലുകള്‍ അസം ജനതയുടെ സംസ്കാരത്തിന്റെ ഭാഗം കൂടിയാണ്.
കഴിഞ്ഞ വര്‍ഷം അസമില്‍ നടന്ന സംസ്ഥാന തെരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൗരത്വനിയമ വിരുദ്ധ പ്രചാരണങ്ങളുടെ പ്രതീകമായി ഉപയോഗിച്ചതും ഗമോസ ടവ്വലുകള്‍ ആയിരുന്നു. അന്ന് ഗമോസ ടവ്വലുകള്‍ ഉപയോഗിച്ചുള്ള പ്രചാരണത്തിനാണ് പാര്‍ട്ടി ആഹ്വാനം ചെയ്തിരുന്നത്. അസം സംസ്കാരത്തില്‍ ഗമോസ ടവ്വലുകള്ക്കുള്ള പ്രാധാന്യമാണ് അവയെ പ്രതിഷേധത്തിനായി തെരഞ്ഞെടുക്കാന്‍ അന്ന് കോണ്‍ഗ്രസിനെ പ്രേരിപ്പിച്ചത്.
അസം സയന്‍സ് ആന്റ് ടെക്നോളജി എന്‍വയോണ്‍മെന്റ് കൗണ്‍സിലിന്റെ പേറ്റന്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ആണ് ഗമോസ ടവ്വലുകള്‍ക്ക് ജിഐ ടാഗ് ലഭിക്കാനായുള്ള അപേക്ഷ നല്‍കിയത്. രാഷ്ട്രീയത്തിന് അതീതമായ നേട്ടമാണ് ഇതിലൂടെ അസമിനെ തേടിയെത്തിയത്.
ഇതിനുമുമ്പ് മുഗ സില്‍ക്ക്, ഓര്‍ത്തഡോക്സ് ചായ, എന്നിവയ്ക്കാണ് അസമില്‍ ജിഐ ടാഗ് ലഭിച്ചത്. ഇതോടെ ജിഐ ടാഗ് ലഭിക്കുന്ന മൂന്നാമത്തെ വസ്തുവായി മാറിയിരിക്കുകയാണ് ഗമോസ ടവ്വല്‍. അംഗീകാരത്തിന് പിന്നാലെ ഈ നേട്ടത്തില്‍ ആശംസയറിയിച്ച് നിരവധി പ്രമുഖരും രംഗത്തെത്തിയിരുന്നു. അസമിന് ഇത് അഭിമാന നിമിഷമെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞത്.
Also read: തമിഴ്നാട് മന്ത്രിയുടെ മകന്റെ കല്യാണം കൊഴുപ്പിക്കാൻ ഗജപൂജയ്ക്കെന്ന പേരിൽ കേരളത്തിലെ ആനകൾ
ഗമോസയുടെ പ്രധാന വകഭേദങ്ങള്‍
കൃഷിയിടങ്ങളില്‍ പണിയെടുക്കുന്ന അസമിലെ ജനത തലയില്‍ കെട്ടാനായി പരമ്പരാഗതമായി ഉപയോഗിക്കുന്ന ടവ്വലാണ് ഗമോസ. അസമിലെ പ്രധാന ആഘോഷമായ ബിഹുവിന്റെ സമയത്ത് ചെറുപ്പക്കാര്‍ വീട്ടിലെ മുതിര്‍ന്നവര്‍ക്ക് ഗമോസ ടവ്വലുകളാണ് സമ്മാനിക്കാറുള്ളത്. സ്നേഹം, ബഹുമാനം എന്നിവയാണ് ഗമോസ സമ്മാനമായി നല്‍കുന്നതിലൂടെ സൂചിപ്പിക്കുന്നത്. കൂടാതെ അസമിലെ ജനങ്ങള്‍ ക്ഷേത്രദര്‍ശന സമയത്ത് നിര്‍ബന്ധമായി കൈയ്യില്‍ കരുതുന്ന ഒന്നും കൂടിയാണ് ഗമോസ ടവ്വല്‍.
ഗമോസ ടവ്വലുകൾ വ്യത്യസ്ത തരത്തിലുണ്ട്. അവയില്‍ ചിലത് താഴെപ്പറയുന്നവയാണ്.
1. ഉക ഗമോസ
ഗമോസ ടവ്വലുകളിലെ പ്രധാന വകഭേദമാണ് ഉക ഗമോസ. ഈ ടവ്വലുകളുടെ ഇരുവശത്തും ചുവന്ന നിറത്തിലുള്ള ബോര്‍ഡര്‍ ഉണ്ടായിരിക്കും. ടവ്വലിനുള്ളില്‍ പ്രത്യേകിച്ച് എംബ്രോയ്ഡറി വര്‍ക്കുകളൊന്നും തന്നെ ഉണ്ടായിരിക്കില്ല. പൂജാ സമയങ്ങളിലും മറ്റും മുഖം തുടയ്ക്കാനായാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.
2. ഫുലം ഗമോസ
അസമിലെ കൈത്തറി കലാകാരന്മാരുടെ മാസ്റ്റര്‍പീസാണ് ഫുലം ഗമോസ. ചുവപ്പ് നിറത്തിലാണ് ഇവ സാധാരണയായി കാണുന്നത്. നിരവധി എംബ്രോയഡ്റി വര്‍ക്കുകള്‍ ചെയ്താണ് ഫുലം ഗമോസ പുറത്തിറക്കുന്നത്. മുതിര്‍ന്നവര്‍, പ്രശസ്തര്‍, എന്നിവര്‍ക്ക് ബഹുമാനാര്‍ത്ഥം ഇവ സമ്മാനിക്കാറുണ്ട്.
3. ബിഹുവന്‍
അസം ജനതയുടെ ആഘോഷമായ ബിഹുവുമായി ബന്ധപ്പെട്ടിരിക്കുന്ന ഗമോസയാണ് ഇത്. ഈ ആഘോഷവേളയില്‍ മരുമക്കള്‍ക്കോ, മറ്റ് മുതിര്‍ന്നവര്‍ക്കോ ബിഹുവന്‍ ഗമോസ സമ്മാനിക്കാറുണ്ട്.
4. പാനി ഗമോസ
കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ ധരിക്കാന്‍ ഉപയോഗിക്കുന്നവയാണ് ഇത്. മുട്ടറ്റം വരെ നീളമുള്ള ടവ്വലാണ് പാനി ഗമോസ. പ്രത്യേകിച്ച് ഡിസൈനുകള്‍ ഒന്നും തന്നെ ഇവയില്‍ ഉണ്ടായിരിക്കില്ല. പരുത്തിത്തുണിയിലാണ് ഇവ നെയ്തെടുക്കുന്നത്. ഗ്രാമപ്രദേശങ്ങളില്‍ മുതിര്‍ന്നവര്‍ സ്ഥിരമായി പാനി ഗമോസ ധരിക്കുന്നവരാണ്.
5. അനാഖത ഗമോസ
വിവാഹവേളയില്‍ വരനും വധുവും ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം ടവ്വലാണ് ഇത്. അസം ജനതയുടെ വിശ്വാസ പ്രകാരം വിവാഹസമയത്ത് അനാഖത ഗമോസ ധരിക്കുന്നതിലൂടെ ദമ്പതികള്‍ക്ക് ദുഷ്ടശക്തികളിൽ നിന്ന് സംരക്ഷണം ലഭിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.