ന്യൂഡല്‍ഹി: ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശേഷം വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ളവര്‍ അദ്ദേഹത്തെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടിലെത്തിയിരുന്നു. ജപ്പാന്, പാപ്പുവ ന്യൂഗിനിയ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്.
അതേസമയം തിരിച്ചെത്തിയയുടന്‍ തന്നെ ഇന്ത്യയിലെ പ്രതിപക്ഷത്തെ വിമര്‍ശിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശവും ഇപ്പോള്‍ ചര്‍ച്ചയാകുകയാണ്. ഓസ്ട്രേലിയയില്‍ ഇന്ത്യക്കാർ സംഘടിപ്പിച്ച പരിപാടിയില്‍ ആ രാജ്യത്തെ പ്രതിപക്ഷ എംപിമാര്‍ വരെ പങ്കെടുത്തുവെന്നാണ് അദ്ദേഹം പറഞ്ഞത്. എയര്‍പോര്‍ട്ടിലെത്തിയ അനുയായികളോട് സംസാരിക്കുകയായിരുന്നു മോദി.
” സിഡ്നിയിലെ ഇന്ത്യന്‍ വംശജര്‍ നടത്തിയ പരിപാടിയില്‍ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി മാത്രമല്ല പങ്കെടുത്തത്. മുന്‍ പ്രധാനമന്ത്രി, പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുള്ള എംപിമാര്‍, ഭരണപക്ഷ അംഗങ്ങള്‍ എന്നിവരും പങ്കെടുത്തിരുന്നു. ഇതാണ് ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ശക്തി. ഇന്ത്യന്‍ വംശജരുടെ പരിപാടിയില്‍ അവരെല്ലാവരും ഒന്നിച്ചെത്തിയിരുന്നു,” പ്രധാനമന്ത്രി പറഞ്ഞു.
” എന്റെ രാജ്യത്തിന്റെ സംസ്കാരത്തെപ്പറ്റി പറയാന്‍ ആരംഭിച്ചപ്പോള്‍ ഞാന്‍ നോക്കിയത് ലോകത്തിന്റെ കണ്ണുകളിലേക്കാണ്. നിങ്ങളാണ് ഈ സര്‍ക്കാരിനെ നിയമിച്ചത്. പരിപാടിയില്‍ പങ്കെടുത്തവരെല്ലാം ഇന്ത്യയെ അത്രയധികം സ്നേഹിക്കുന്നവരാണ്. അല്ലാതെ പ്രധാനമന്ത്രിയെ സ്നേഹിക്കുന്നവരല്ല,” പ്രധാനമന്ത്രി പറഞ്ഞു.
വളരെ ആത്മവിശ്വാസത്തോടെയാണ് തന്റെ രാജ്യത്തെ സവിശേഷതകളെ അവര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
” എന്റെ രാജ്യത്തെപ്പറ്റി വളരെ അഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയുമാണ് ഞാന്‍ സംസാരിച്ചത്. നിങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണിത്. ഞാന്‍ സംസാരിക്കുമ്പോള്‍ ലോകം എന്നില്‍ മാത്രമല്ല ഇന്ത്യയിലെ 140 കോടി ജനങ്ങളിലാണ് വിശ്വാസമര്‍പ്പിച്ചത്. അവരെയാണ് ഞാന്‍ പ്രതിനിധാനം ചെയ്യുന്നത്,’ മോദി പറഞ്ഞു.
അതേസമയം യുവതലമുറയുടെ കഴിവുകള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെടുന്നുണ്ടെന്നും അവസരം ലഭിക്കുമ്പോള്‍ അവര്‍ ആത്മവിശ്വാസത്തോടെ കഴിവ് പുറത്തെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
”ഇന്ത്യയുടെ സംസ്കാരത്തെയും സവിശേഷതകളെയും പറ്റി പറയുമ്പോള്‍ ഒരിക്കലും ഒരു അടിമത്ത മനോഭാവത്തോടെ സംസാരിക്കരുത്. ധൈര്യത്തോടെ സംസാരിക്കണം. ലോകം നമ്മളെ കേള്‍ക്കാന്‍ കാത്തിരിക്കുകയാണ്. നമ്മുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. അതിനോട് യോജിക്കുന്ന നിലപാടാണ് ലോകരാജ്യങ്ങള്ക്കുമുള്ളത്,” മോദി കൂട്ടിച്ചേര്‍ത്തു.
#WATCH | The Indian diaspora event in Sydney was not only attended by the Australian PM but also by former PM, MPs from opposition parties, and the ruling party. This is the strength of democracy. All of them together participated in this program of the Indian community: PM Modi pic.twitter.com/S5ebMs6CsT
— ANI (@ANI) May 25, 2023
സിഡ്നിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ഇന്ത്യന്‍ സമൂഹം ഒരുക്കിയത്. പ്രശസ്ത റോക്ക്സ്റ്റാര്‍ ബ്രൂസ് സ്പ്രിങ്സ്റ്റീന് ഓസ്ട്രേലിയയില്‍ എത്തിയപ്പോള്‍ ലഭിച്ചതിനേക്കാള്‍ മികച്ച സ്വീകരണമാണ് പ്രധാനമന്ത്രിക്ക് ലഭിച്ചതെന്ന് പറഞ്ഞ ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസി, നരേന്ദ്രമോദി ബോസാണെന്നും അഭിപ്രായപ്പെട്ടിരുന്നു.
ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ച്ച സന്തോഷിപ്പിക്കുന്നു. ഈ ചെറിയ ഇന്ത്യയെ കാണാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും പരസ്പര വിശ്വാസവും ബഹുമാനവുമാണ് ഇന്ത്യ ഓസ്ട്രേലിയ ബന്ധത്തിന് ആധാരമെന്നും ആല്‍ബനീസി കൂട്ടിച്ചേര്‍ത്തു. ഉറ്റസുഹൃത്തെന്ന് വിശേഷിപ്പിച്ചാണ് ആല്‍ബനീസിയുടെ വിശേഷണങ്ങള്‍ക്ക് നരേന്ദ്രമോദി മറുപടി നല്‍കിയത്.ഒന്‍പത് വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നരേന്ദ്രമോദി ഓസ്ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian Parliament, Opposition, Pm modi