ന്യൂഡൽഹി: കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഇന്ത്യയുടെ അതിവേഗ തീവണ്ടി 'വന്ദേ ഭാരത് ട്രയിൻ' ബ്രേക്ക് ഡൗണായതിനെ കളിയാക്കിയവർക്കെതിരെ പ്രധാനമന്ത്രി. അതിവേഗ തീവണ്ടിക്കെതിരെ പരാമർശം നടത്തുന്നവർ ആ തീവണ്ടി നിർമിക്കുന്നതിന് വിയർപ്പൊഴുക്കിയ എഞ്ചിനിയർമാരുടെയും ടെക്നീഷ്യൻമാരുടെയും പരിശ്രമത്തെയാണ് അപമാനിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും വന്ദേ ഭാരത് ട്രയിൻ ബ്രേക്ക് ഡൗൺ ആയതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശകർക്ക് എതിരെ തിരിഞ്ഞത്.
'പെണ്ണുങ്ങൾ വീട്ടിലിരിക്കട്ടെ' തെലങ്കാനയിലെ മന്ത്രിസഭയെക്കുറിച്ച് ചോദിച്ചപ്പോൾ മന്ത്രിയുടെ പ്രതികരണം
"രാജ്യത്തെ ആദ്യ സെമി ഹൈ സ്പീഡ് ട്രയിനിനെ ചിലർ പരിഹസിക്കുകയാണ്. ഇത് നിർഭാഗ്യകരമാണ്. ഈ പ്രൊജക്ടിൽ പങ്കാളികളായ എഞ്ചിനിയർമാരെയും സാങ്കേതിക വിദഗ്ദരെയും പരിഹസിക്കുന്നതിന് തുല്യമാണ് ഇത്. ട്രയിൻ നിർമിച്ച എഞ്ചിനിയർമാരെയും ടെക്നീഷ്യൻമാരെയും കളിയാക്കുന്നവർ രാജ്യത്തെയാണ് കളിയാക്കുന്നതെന്ന് ഓർമിക്കണം" - വാരണാസിയിലെ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.
ഭാവിയിൽ ഇന്ത്യയിൽ ബുള്ളറ്റ് ട്രയിനുകൾ നിർമിക്കാൻ പോകുന്ന എഞ്ചിനിയറിങ് പ്രൊഫഷണലുകളെ താൻ സല്യൂട് ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. എഞ്ചിനിയർമാരെയും ടെക്നീഷ്യൻമാരെയും കളിയാക്കുന്നത് ശരിയാണോ ? ഇങ്ങനെ പരിഹസിക്കുന്നവർക്ക് അർഹമായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഇതിനു പിന്നിൽ പ്രവർത്തിച്ച എഞ്ചിനിയർമാരിലും അവരുടെ കഠിനാദ്ധ്വാനത്തിലും രാജ്യം അഭിമാനം കൊള്ളുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akhilesh, Narendra Modhi, Pm modi, Rahul gandhi, Train