• HOME
  • »
  • NEWS
  • »
  • india
  • »
  • Lata Mangeshkar Award | പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്; ഏപ്രിൽ 24ന് ഏറ്റുവാങ്ങും

Lata Mangeshkar Award | പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്; ഏപ്രിൽ 24ന് ഏറ്റുവാങ്ങും

രാജ്യത്തിനും ജനങ്ങൾക്കും സമൂഹത്തിനും ശ്രദ്ധേയവും മാതൃകാപരവുമായ സംഭാവനകൾ നൽകിയ ഒരു വ്യക്തിക്ക് ആയിരിക്കും എല്ലാ വർഷവും ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്‌കാരം ലഭിക്കുക

  • Share this:
പ്രഥമ ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്കാരം (Lata Deenanath Mangeshkar Award) പ്രധാനമന്ത്രി നരേന്ദ്രമോദി (Narendra Modi) ഏറ്റുവാങ്ങും. തിങ്കളാഴ്ചയാണ് മങ്കേഷ്കർ കുടുംബം (Mangeshkar family) പുരസ്കാരം പ്രഖ്യാപിച്ചത്. ദീനനാഥ് മങ്കേഷ്‌കറിന്റെ (Deenanath Mangeshkar) എൺപതാം ചരമവാർഷികമായ ഏപ്രിൽ 24 ന് ആയിരിക്കും പുരസ്കാരങ്ങൾ സമ്മാനിക്കുക. മറാഠി നാടക നടനും ഗായകനുമായിരുന്ന ദീനാനാഥ് മങ്കേഷ്കർ പ്രശസ്തഗായകരായ ലതാ മങ്കേഷ്കർ,ആശാ ഭോസ്‍ലെ. ഹൃദയനാഥ് മങ്കേഷ്കർ, മീനാ ഖാദികർ എന്നിവരുടെ പിതാവാണ്.

ലതാ മങ്കേഷ്‌കറിന്റെ സ്മരണയ്ക്കായി ഈ വർഷം മുതൽ അവാർഡ് ഏർപ്പെടുത്താൻ തീരുമാനിച്ചതായി മങ്കേഷ്കർ കുടുംബവും മാസ്റ്റർ ദീനനാഥ് മങ്കേഷ്‌കർ സ്മൃതി പ്രതിഷ്ഠാൻ ചാരിറ്റബിൾ ട്രസ്റ്റും (Master Deenanath Mangeshkar Smruti Pratishthan charitable trust) പ്രസ്താവനയിൽ പറഞ്ഞു. അവയവങ്ങൾ തകരാറിലായതിനെ തുടർന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ലതാ മങ്കേഷ്കർ അന്തരിച്ചത്. 92-ാം വയസിലായിരുന്നു അന്ത്യം. ഇതിഹാസ ഗായികയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും മുംബൈയിൽ എത്തിയിരുന്നു. തന്റെ മൂത്ത സഹോദരിയായാണ് ലതാ മങ്കേഷ്കറെ കാണുന്നതെന്നും മോദി പറഞ്ഞിരുന്നു.

 Also Read- ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം; ലത മങ്കേഷ്കറിന്റെ അപൂർവ ചിത്രങ്ങൾ

രാജ്യത്തിനും ജനങ്ങൾക്കും സമൂഹത്തിനും ശ്രദ്ധേയവും മാതൃകാപരവുമായ സംഭാവനകൾ നൽകിയ ഒരു വ്യക്തിക്ക് ആയിരിക്കും എല്ലാ വർഷവും ലതാ ദീനനാഥ് മങ്കേഷ്‌കർ പുരസ്‌കാരം ലഭിക്കുക. സംഗീതം, നാടകം, കല, മെഡിക്കൽ, സാമൂഹിക പ്രവർത്തനം തുടങ്ങിയ മേഖലകളിൽ നിന്നുള്ളവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുരസ്കാരം ഏർപ്പെടുത്തിയത്.

ആദ്യ അവാർഡ് ജേതാവ് ബഹുമാനപ്പെട്ട ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയാണെന്ന് പ്രഖ്യാപിക്കുന്നതിൽ തങ്ങൾക്ക് അതിയായ സന്തോഷമുണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. മാസ്റ്റർ ദീനനാഥ് മങ്കേഷ്‌കർ അവാർഡ് ദാന ചടങ്ങിൽ വെച്ച് മോദി പുരസ്‌കാരം സ്വീകരിക്കും.

മുതിർന്ന അഭിനേതാക്കളായ ആശാ പരേഖിനും ജാക്കി ഷ്‌റോഫിനും സിനിമാ മേഖലയിലെ അവരുടെ പ്രത്യേക സേവനങ്ങൾ കണക്കിലെടുത്ത് മാസ്റ്റർ ദീനനാഥ് പുരസ്‌കാരം (പ്രത്യേക ബഹുമതി) ലഭിക്കുമെന്നും മങ്കേഷ്‌കർ കുടുംബം പ്രസ്താവനയിൽ പറഞ്ഞു. സംഗീത രംഗത്തുള്ളവർക്കുള്ള മാസ്റ്റർ ദീനനാഥ് പുരസ്‌കാരം രാഹുൽ ദേശ്പാണ്ഡെയ്ക്ക് ലഭിക്കും. മികച്ച നാടകത്തിനുള്ള പുരസ്കാരം 'സഞ്ജയ് ഛായ' ക്ക് ലഭിക്കും. സാമൂഹിക സേവന രം​ഗത്തെ പ്രവർത്തനങ്ങൾ പരി​ഗണിച്ച് നൂതൻ മുംബൈ ടിഫിൻ ബോക്സ് സപ്ലൈയേഴ്സ് ചാരിറ്റി ട്രസ്റ്റിന് (Nutan Mumbai tiffin box suppliers charity trust) മാസ്റ്റർ ദീനനാഥ് ആനന്ദമയി പുരസ്‌കാരം നൽകും.

''ഗായകൻ, സംഗീതജ്ഞൻ, സ്റ്റേജ് കലാകാരൻ എന്നീ നിലകളിൽ മാസ്റ്റർ ദീനനാഥ്ജിയുടെ മഹത്തായ സംഭാവനകൾ മഹാരാഷ്ട്രയിലെയും ഇന്ത്യയിലെയും ജനങ്ങൾക്ക് പ്രചോദനമാണ്. അദ്ദേഹത്തിന്റെ സ്മരണയ്ക്കായി, ഇതിഹാസങ്ങളെ ആദരിക്കുന്നതിനാണ് മങ്കേഷ്കർ കുടുംബം മാസ്റ്റർ ദീനനാഥ് മങ്കേഷ്കർ സ്മൃതി പ്രതിഷ്ഠാൻ അവാർഡുകൾ ഏർപ്പെടുത്തുന്നത്. നിങ്ങളുടെ സ്‌നേഹവും പിന്തുണയും ഞങ്ങൾക്ക് ലഭിച്ചതിൽ സന്തോഷമുണ്ട്,” മുതിർന്ന സംഗീതജ്ഞരായ ഹൃദയനാഥ് മങ്കേഷ്‌കറും ഉഷാ മങ്കേഷ്‌കറും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.

ലതാ മങ്കേഷ്കറുടെ സ്മരണാർഥം പ്രശസ്ത ഗായകൻ രൂപ്കുമാർ റാത്തോഡ് നയിക്കുന്ന 'സ്വർലതാഞ്ജലി' എന്ന സംഗീത പരിപാടിയും അവാർഡ് ദാന ചടങ്ങിനോട് അനുബന്ധിച്ച് സംഘടിപ്പിക്കും.
Published by:Arun krishna
First published: