മധ്യപ്രദേശിലെ ഉജ്ജയിനിലുള്ള മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി (Mahakaleshwar temple corridor) പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) ഇന്ന് (ഒക്ടോബര്‍ 11ന്) രാജ്യത്തിന് സമര്‍പ്പിക്കും. 856 കോടിയുടെ മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി വികസന പദ്ധതിയുടെ ആദ്യ ഘട്ടമാണ് ഇപ്പോള്‍ പൂര്‍ത്തിയായിരിക്കുന്നത്. 900 മീറ്ററിലധികം നീളമുള്ള ഇടനാഴിയായ മഹാകാല്‍ ലോകിന്റെ ഉദ്ഘാടനത്തിനായുള്ള (inauguration) ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു.
ഇന്ത്യയില്‍ ഇതുവരെ നിര്‍മ്മിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ ഇടനാഴികളില്‍ ഒന്നാണിത്. പുരാതന മഹാകാലേശ്വര്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പുനര്‍വികസന പദ്ധതിയുടെ ഭാഗമായാണ് മഹാകാല്‍ ലോക് പുനര്‍ നിര്‍മ്മിച്ചിരിക്കുന്നത്. പഴയ രുദ്രാസാഗര്‍ തടാകത്തിന് സമീപമാണ് ഈ ഇടനാഴി.
രാജ്യത്തെ 12 'ജ്യോതിര്‍ലിംഗ'ങ്ങളിലൊന്നാണ് മഹാകാലേശ്വര്‍ ക്ഷേത്രം. വര്‍ഷം തോറും നിരവധി ഭക്തരാണ് ഇവിടെയെത്തുന്നത്. മഹാകാലേശ്വര്‍ എന്ന പേരിലാണ് ഇവിടെ ഭഗവാന് ശിവന് അറിയപ്പെടുന്നത്. അതേസമയം, പദ്ധതി നഗരത്തിലെ ടൂറിസം മേഖലയ്ക്ക് ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴിയുടെ സവിശേഷതകള്‍ അറിയാം:1. രണ്ട് ഗേറ്റ് വേകള്‍- നന്ദി ദ്വാരും പിനാകി ദ്വാരും ഇടനാഴിയുടെ ആരംഭ പോയിന്റിന് സമീപം സ്ഥാപിച്ചിട്ടുണ്ട്, ഇത് ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലേക്ക് വഴിയൊരുക്കുകയും മികച്ച കാഴ്ചകള്‍ ഒരുക്കുകയും ചെയ്യും.
2. രാജസ്ഥാനിലെ ബന്‍സി പഹാര്‍പൂര്‍ പ്രദേശത്ത് നിന്ന് ലഭിക്കുന്ന മണല്‍ക്കല്ലുകളാണ് ഇടനാഴിയിലെ കെട്ടിട നിര്‍മ്മാണത്തിനായി ഉപയോഗിച്ചത്. പ്രധാനമായും രാജസ്ഥാന്, ഗുജറാത്ത്, ഒറീസ്സ എന്നിവിടങ്ങളില്‍ നിന്നുള്ള കലാകാരന്മാരും കരകൗശല വിദഗ്ധരുമാണ് ഈ ഇടനാഴിയുടെ നിര്‍മ്മാണത്തിന് പിന്നില്‍.
3. ശിവപുരാണത്തില്‍ നിന്നുള്ള കഥകള്‍ ചിത്രീകരിക്കുന്ന 50-ലധികം ചുവര്‍ചിത്രങ്ങളും പ്രതിമകളും ഇടനാഴി കൂടുതൽ മനോഹരമാക്കിയിട്ടുണ്ട്.
4. ത്രിശൂലത്തിന്റെ മാതൃകയിലുള്ള 108 തൂണുകളും ഇടനാഴിയിലുണ്ട്.
5. പുരാതന ക്ഷേത്ര വാസ്തുവിദ്യ ചരിത്ര നഗരമായ ഉജ്ജൈനിയുടെ പൗരാണിക പ്രതാപം വിളിച്ചോതുന്നതാണ്.
6. പഴയ രുദ്രസാഗര്‍ തടാകത്തിന് പുതുജീവന്‍ നല്‍കുന്നതാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി തടാകത്തിലേക്ക് മലിനജലം ഒഴുകിയെത്തിയിരുന്ന തുറന്ന മലിനജല ലൈനുകള്‍ മൂടിയിട്ടുണ്ട്. അവ മലിനജല സംസ്ക്കരണ പ്ലാന്റുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
7. മിഡ്-വേ സോണ്‍, പാര്‍ക്ക്, കാറുകള്‍ക്കും ബസുകള്‍ക്കുമുള്ള പാര്‍ക്കിംഗ് സൗകര്യം, പൂക്കടകള്‍, മറ്റ് കടകള്‍, സോളാര്‍ ലൈറ്റിംഗ്, തീര്‍ഥാടകര്‍ക്കുള്ള ഫെസിലിറ്റി സെന്ററുകള്‍, വാട്ടര്‍ പൈപ്പ് ലൈന്‍, മലിനജല ലൈന്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്.
8. ലൈറ്റ് ആന്‍ഡ് സൗണ്ട് സിസ്റ്റവും ഇവിടെ ഒരുക്കിയിട്ടുണ്ട്. കൂടാതെ രുദ്രസാഗര്‍ തടാകം പശ്ചാത്തലമാക്കി ഒരു മ്യൂസിക്കല്‍ ഫൗണ്ടന് ഷോ ആരംഭിക്കാനും പദ്ധതിയുണ്ട്.
സംസ്ഥാന തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മഹാകാലേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 316 കോടി രൂപയാണ് മഹാകാല്‍ ലോകിന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കാന്‍ വേണ്ടിവന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.