ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ (Emmanuel Macron), ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് (Olaf Scholz), ഡാനിഷ് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സെൻ (Mette Frederiksen) എന്നിവരുമായി കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Narendra Modi) യൂറോപ്പിലേക്ക് തിരിക്കാൻ ഒരുങ്ങുന്നു. മെയ് 2ന് പുറപ്പെടുന്ന പ്രധാനമന്ത്രി യൂറോപ്പിൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തും. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണിത്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തിൽ ഇന്ത്യയുടെ നിലപാടിനോട് യൂറോപ്യൻ രാജ്യങ്ങൾക്ക് വിയോജിപ്പുള്ള സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം ശ്രദ്ധേയമാകുന്നത്. ഡെൻമാർക്കിൽ നടക്കുന്ന ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി അഭിസംബോധന ചെയ്ത് സംസാരിക്കും.
ഇന്ത്യയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളിലൊന്നാണ് ഫ്രാൻസ് എന്നതും രാജ്യം ഭരിക്കുന്ന മക്രോയുടെ സർക്കാരിന് ആത്മ നിർഭർ ഭാരത് പദ്ധതിയിലുള്ള താത്പര്യവും കണക്കിലെടുക്കുമ്പോൾ മോദിയും മക്രോയും എയർ ഇൻഡിപെൻഡന്റ് പ്രൊപ്പൽഷൻ അന്തർവാഹിനികളുടെയും എയർക്രാഫ്റ്റ് എഞ്ചിനുകളുടെയും നിർമ്മാണം ഫ്രാൻസിന്റെ സഹായത്തോടെ ഇന്ത്യയിൽ നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്തേക്കുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
അടുത്ത ബന്ധ൦ സൂക്ഷിക്കുന്ന ഇന്ത്യയും ഫ്രാൻസും വ്യാപാരം, പ്രതിരോധം, ജനങ്ങളുമായുള്ള ബന്ധങ്ങൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ തുടങ്ങി നിരവധി മേഖലകളിൽ പരസ്പര സഹായത്തോടെ പ്രവർത്തിക്കുമെന്ന് ഇരു രാജ്യങ്ങളും നേരത്തെ പറഞ്ഞിരുന്നു. AUKUS ഫ്രാൻസിനെ ഇന്ത്യയുമായി കൂടുതൽ അടുപ്പിക്കുന്നതിനും സാധ്യതയുണ്ട്. ഇന്തോ-പസിഫിക് മേഖലയിൽ സുരക്ഷാ പ്രതിസന്ധികൾ നേരിടാനായി ഓസ്‌ടേലിയ, അമേരിക്ക, ബ്രിട്ടൻ എന്നീ രാജ്യങ്ങൾ ഒപ്പിട്ട ഉടമ്പടിയാണ് ഇത്. ഇന്ത്യൻ മഹാസമുദ്രത്തിന്റെ അടിത്തട്ട് മാപ്പുചെയ്യുന്നതിൽ ഇന്ത്യയെ സഹായിക്കുന്ന ഫ്രാൻസ് ഇതിലൂടെ ഈ മേഖലയിലെ പ്രധാന ശക്തിയായി ഉയരുകയും ചെയ്തിട്ടുണ്ട്.
ബെർലിനിൽ ജർമൻ ചാൻസലർ ഒലാഫ് ഷോൾസുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യ– ജർമനി സർക്കാർതല ചർച്ചകളിൽ ഇരുവരും അധ്യക്ഷത പങ്കിടും. ഷോൾസുമായി മോദിയുടെ ആദ്യത്തെ കൂടിക്കാഴ്ചയാണിത്. ഒരു വാണിജ്യ ചടങ്ങിലും ഇരു നേതാക്കളും പങ്കെടുക്കുന്നുണ്ട്. ജർമനിയിലെ ഇന്ത്യൻ സമൂഹത്തോടും പ്രധാനമന്ത്രി സംവദിക്കും.
Also read-
PM Modi on Fuel Price| 'ഇന്ധന നികുതി കുറയ്ക്കൂ'; കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്ര മോദിജർമനിയിൽ നിന്ന് ഡെന്മാർക്കിലെ കോപ്പൻഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്സനുമായി കൂടിക്കാഴ്ച നടത്തും. ഡാനിഷ് രാജ്ഞി മാർഗരറ്റുമായും ചർച്ച നടത്തും. 2021 ഒക്ടോബറിൽ ഇന്ത്യ സന്ദർശിച്ച ഡാനിഷ് പ്രധാനമന്ത്രി ഇന്ത്യയെ അടുത്ത പങ്കാളിയായി കണക്കാക്കുന്നുവെന്ന് പറഞ്ഞിരുന്നു. സന്ദർശന വേളയിൽ, ഇന്ത്യയുമായി ശക്തമായ വ്യാപാര, നയതന്ത്ര, സാംസ്കാരിക ബന്ധങ്ങൾ സ്ഥാപിക്കാനായി ഫ്രെഡറിക്സൻ ശ്രമിച്ചിരുന്നു.
ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, ഇന്ത്യ– ഡെന്മാർക്ക് ബിസിനസ് ഫോറം, അവിടുത്തെ ഇന്ത്യൻ സമൂഹം എന്നിവരുമായും സംവദിക്കും.
ഇന്ത്യ–നോർഡിക് ഉച്ചകോടിയിൽ ഐസ്‌ലൻഡ് പ്രധാനമന്ത്രി കാതറീൻ യാക്കോബ്സ്ഡോട്ടിർ, നോർവേ പ്രധാനമന്ത്രി ജോനാസ് ഗർ സ്റ്റോർ, സ്വീഡിഷ് പ്രധാനമന്ത്രി മഗ്ദലെന ആൻഡേഴ്സൻ, ഫിൻലൻഡ് പ്രധാനമന്ത്രി സന്ന മാരിൻ എന്നിവരുമായും പ്രധാനമന്ത്രി ചർച്ച നടത്തും. കോവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം തുടങ്ങിയവയാണ് നോർഡിക് ഉച്ചകോടിയിലെ വിഷയങ്ങൾ. 2018ന് ശേഷം രണ്ടാമത്തെ ഉച്ചകോടിയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.