• HOME
 • »
 • NEWS
 • »
 • india
 • »
 • Security Breach | പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷാവീഴ്ച ഒഴിവാക്കാമായിരുന്നു; റിപ്പോർട്ട് സുപ്രീംകോടതി ശരിവെച്ചു

Security Breach | പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദർശനത്തിലെ സുരക്ഷാവീഴ്ച ഒഴിവാക്കാമായിരുന്നു; റിപ്പോർട്ട് സുപ്രീംകോടതി ശരിവെച്ചു

മുന്‍ സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉചിതമായ നടപടിക്കായി കേന്ദ്രത്തിന് അയക്കുമെന്ന് കോടതി അറിയിച്ചു.

 • Last Updated :
 • Share this:
  വിക്രം സിംഗ്

  വിവിഐപി (VVIP) സുരക്ഷ (Security) എങ്ങനെ ആയിരിക്കരുത് എന്നതിന്റെ ഒരു ക്ലാസിക് ഉദാഹരണമാണിത്. പ്രസ്തുത വിവിഐപി ജനാധിപത്യ പ്രക്രിയയിലൂടെ തെരഞ്ഞെടുക്കപ്പെട്ട രാജ്യത്തിന്റെ പ്രധാനമന്ത്രിയാണെങ്കില്‍ ഇത്തരം സുരക്ഷാ വീഴ്ചകൾ ഉണ്ടാകാനേ പാടില്ല. 2022 ജനുവരി അഞ്ചാം തീയതി പ്രധാനമന്ത്രി (prime minister) നരേന്ദ്രമോദിയുടെ (narendra modi) പഞ്ചാബ് സന്ദര്‍ശനത്തിനിടെ ഉണ്ടായ സുരക്ഷാ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി (supreme court) ഒരു കമ്മറ്റിയെ നിയോഗിച്ചിരുന്നു. മതിയായ ജീവനക്കാര്‍ ഉണ്ടായിരുന്നിട്ടും തന്റെ ചുമതല കൃത്യമായി നിര്‍വ്വഹിക്കാന്‍ ഫിറോസ്പൂര്‍ എസ്എസ്പിയ്ക്ക് സാധിച്ചില്ല എന്നാണ് കമ്മറ്റിയുടെ കണ്ടെത്തല്‍. മുന്‍ സുപ്രീം കോടതി ജഡ്ജി ഇന്ദു മല്‍ഹോത്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ട് ഉചിതമായ നടപടിക്കായി കേന്ദ്രത്തിന് അയക്കുമെന്ന് കോടതി അറിയിച്ചു.

  ജനുവരിയില്‍ പ്രധാനമന്ത്രി നടത്തിയ പഞ്ചാബ് സന്ദര്‍ശനത്തിന് നിരവധി പ്രത്യേകതകള്‍ ഉണ്ടായിരുന്നു. പ്രധാനമന്ത്രിയ്ക്ക് തന്റെ റാലി നടത്താന്‍ സാധിക്കാത്തതാണ് ആദ്യത്തേത്. 15 മിനിറ്റോളമാണ് അദ്ദേഹം ഹൈവേയില്‍ കുടുങ്ങിക്കിടന്നത്. പ്രതിഷേധക്കാരായ കര്‍ഷകര്‍ കാരണം പ്രധാനമന്ത്രിയുടെ സംഘത്തിന് യു ടേണ്‍ എടുക്കേണ്ടി വന്നു. ഇന്റലിജന്‍സും പഞ്ചാബ് പൊലീസ് അഡീഷണല്‍ ഡയറക്ടര്‍ ജനറലും ആവര്‍ത്തിച്ച് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചതാണ് ഇതിനെല്ലാം കാരണം. ഇതോടൊപ്പം, അന്നത്തെ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും ഡിജിപിയും പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ എത്താതിരുന്നതും സംശയത്തിന് വഴിവെയ്ക്കുന്നതാണ്. എല്ലാ പ്രോട്ടോക്കോളുകളും ഇവിടെ ലംഘിക്കപ്പെട്ടിരുന്നു. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ഇത്തരം ഒരു സംഭവം ആദ്യമായിട്ടാണ്. കോവിഡ് പോസിറ്റീവ് ആയ ആളുമായി സമ്പര്‍ക്കമുണ്ടായിരുന്നു എന്നാണ് മുഖ്യമന്ത്രി അന്ന് പറഞ്ഞ കാരണം. എന്നാല്‍, ഡിജിപിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും പറയാന്‍ ഇത്തരം ഒരു കാരണം പോലും ഉണ്ടായിരുന്നില്ല.

  റാലിയ്ക്കായി ഹെലികോപ്റ്ററില്‍ സഞ്ചരിക്കാനായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ തീരുമാനം എങ്കിലും കാലാവസ്ഥ മോശമായതിനെത്തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗ്ഗം ആക്കുകയായിരുന്നു. ഘോഷയാത്രാ സംഘം ഹുസൈനിലായിലേയ്ക്കുള്ള വഴിയില്‍ 30 കിലോമീറ്റര്‍ പിന്നിട്ടിരുന്നു. അപ്പോഴാണ് വാഹനവ്യൂഹം ഹൈവേയില്‍ കുടുങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു കര്‍ഷകരുടെ പ്രതിഷേധം. ഹൈവേയില്‍ മാത്രമല്ല ഫ്‌ളൈ ഓവറിലും സമരക്കാര്‍ ഉണ്ടായിരുന്നു. അതിശയകരമെന്ന് പറയട്ടെ, ഈ വഴിയിലും ഫ്‌ലൈ ഓവറിലും എല്ലാം പൊലീസ് വളരെ കുറവായിരുന്നു. ഡ്യൂട്ടിലുണ്ടായിരുന്ന പൊലീസുകാര്‍ പ്രതിഷേധക്കാരോടൊപ്പം ചായ കുടിയ്ക്കുന്ന വീഡിയോ ക്ലിപ്പുകളും പുറത്തു വന്നിരുന്നു. സംഗതി വഷളായതോടെ എസ്പിജി കമാന്റോകള്‍ ഡ്യൂട്ടി ഏറ്റെടുത്ത് സാഹചര്യം ക്ഷമയോടും മനസ്സാന്നിധ്യത്തോടും കൂടി കൈകാര്യം ചെയ്തു.

  തനിയ്ക്ക് ജീവനോടെ മടങ്ങാന്‍ സാധിച്ചതിന് പഞ്ചാബ് മുഖ്യമന്ത്രിയോട് നന്ദി പറയണമെന്നായിരുന്നു വിമാനത്താവളത്തില്‍ തിരിച്ചെത്തിയ ശേഷം പ്രധാനമന്ത്രി മോദി അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് പറഞ്ഞത്.

  ഒരു പ്രധാനമന്ത്രിയ്ക്ക് വേണ്ടി ഇത്രയും മോശം സുരക്ഷാ ക്രമീകരണങ്ങള്‍ അപൂര്‍വ്വമായേ രാജ്യത്ത് ഒരുക്കിയിട്ടുള്ളൂ. വിഐപിയ്ക്കായി ക്രമീകരിച്ചിരിക്കുന്ന റോഡില്‍ ഒത്തുകൂടാന്‍ അനുവദിച്ചതും തുടര്‍ന്ന് ബസുകളില്‍ യാത്ര ചെയ്യാന്‍ അവര്‍ക്ക് സാധിച്ചതുമടക്കം നിരവധി വീഴ്ചകളാണ് പഞ്ചാബില്‍ നടന്നത്. എല്ലാറ്റിനും ഉപരിയായി പ്രതിഷേധക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തെ തടയാനുള്ള ധൈര്യം ഉണ്ടായി. ഒരിക്കലും വളരെ പെട്ടെന്ന് ഉണ്ടായ ഒരു പ്രതിഷേധം ആയിരുന്നില്ല അവിടെ നടന്നത്. എല്ലാവരെയും ഒരുമിച്ച് കൊണ്ട് വരാനും ബസുകള്‍ ക്രമീകരിക്കാനും വിഐപിയെ തടഞ്ഞതിന് ശേഷം ബസുകളില്‍ കയറി പോകാനും എല്ലാം അവര്‍ക്ക് സമയം ആവശ്യമാണ്. ഡ്രോണ്‍ സാങ്കേതിക വിദ്യയുടെയും തത്സമയ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെയും ഈ കാലത്ത് ഇത്തരത്തില്‍ നിയമലംഘനങ്ങളും പ്രശ്‌നങ്ങളും ഉണ്ടാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. മാത്രമല്ല, പ്രധാനമന്ത്രിയുടെ യാത്രാ വിവരങ്ങള്‍ പ്രക്ഷോഭക്കാര്‍ എങ്ങനെ അറിയാനാണ്? ഇവയെല്ലാം വളരെ രഹസ്യ സ്വഭാവമുള്ള വിശദാംശങ്ങളാണ്.

  വിഐപി സുരക്ഷ എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. സ്വാതന്ത്രത്തിന് മുന്‍പ് ഗവര്‍ണര്‍മാരുടെ സന്ദര്‍ശന സമയത്ത് സുരക്ഷാനിര്‍ദ്ദേശങ്ങള്‍ ബുക്ക്‌ലെറ്റുകളായി അച്ചടിച്ച് നല്‍കുമായിരുന്നു. കാലക്രമേണെ ഇത് പുതുക്കി ക്രമീകരിക്കുകയും കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുകയും ചെയ്തു. 1984ല്‍ ഇന്ദിരാഗാന്ധിയുടെ ദാരുണ കൊലപാതകത്തിന് ശേഷം വിവിഐപി സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കി. അന്താരാഷ്ട്ര രംഗത്തെ വിവിധ സുരക്ഷാ രീതികളെക്കുറിച്ച് ദീര്‍ഘകാല പഠനം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 1988ല്‍ എസ്പിജി നിയമം പാസാക്കി, 2019ല്‍ വിവിധ ഭേദഗതികളോടെ ഇത് വീണ്ടും അവതരിപ്പിച്ചു. സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ തുടക്കവും ഇന്നു കാണുന്ന രീതിയിലുള്ള പ്രോട്ടോക്കോള്‍ ഡ്രില്ലുകളും എല്ലാം ഉണ്ടായത് ഇതോടെയാണ്.

  കാലക്രമേണ വിഐപി സുരക്ഷ കൂടുതല്‍ സങ്കീര്‍ണ്ണവും വെല്ലുവിളി നിറഞ്ഞതുമായി. ഇപ്പോള്‍ വിഐപി സുരക്ഷയ്ക്ക് പ്രാധാന്യം ഏറെയാണ്. അതിനാലാണ് വിപുലമായ നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

  ഒരു വിവിഐപി സന്ദര്‍ശനത്തിന്റെ ആദ്യഘട്ടം എന്നത് പരിപാടിയുടെ വിശദാംശങ്ങള്‍ നല്‍കുന്നതാണ്. ഓരോ മിനിറ്റിലും എന്താണ് നടക്കുന്നത്, എന്തൊക്കെയാണ് പരിപാടികള്‍ എന്ന് വിശദമായ ഒരു ക്രമം ഉണ്ടാക്കും. ഇത്തരം ഒരു പരിപാടിയുടെ പ്ലാന്‍ തയ്യാറാക്കി കഴിഞ്ഞാല്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള എസ്പിജി സംഘത്തെ സന്ദര്‍ശനം നടക്കാന്‍ പോകുന്ന ജില്ലയിലേയ്ക്ക് അയയ്ക്കും. വിഐപിയുടെ വരവ്, എത്തിച്ചേരുന്ന സ്ഥലത്ത് നിന്ന് പരിപാടി നടക്കുന്ന സ്ഥലത്തേയ്ക്കുള്ള യാത്ര, രാത്രി താമസം ഉണ്ടെങ്കില്‍ അതിന് അനുയോജ്യവും സുരക്ഷിതവുമായ സ്ഥലം കണ്ടെത്തല്‍, ഈ സ്ഥലത്ത് വലിയ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പാടാക്കുക തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് എസ്പിജി സംഘം വിവിധ യോഗങ്ങള്‍ നടത്തി തീരുമാനം എടുക്കും. മെഡിക്കല്‍ സന്നാഹങ്ങളെയും ഏര്‍പ്പാടാക്കും. പൂര്‍ണ്ണ സജ്ജമായ ആംബുലന്‍സും വിദഗ്ധ ഡോക്ടര്‍മാരുടെ സംഘവും വിഐപിയെ അനുഗമിക്കും.

  വിഐപി സഞ്ചരിക്കുന്ന സ്ഥലങ്ങളിലെല്ലാം ആവര്‍ത്തിച്ച് പരിശോധന നടത്തും. തടസ്സങ്ങള്‍ നീക്കി, അപകട സാധ്യതയുണ്ടെങ്കില്‍ കണ്ടെത്തി സുരക്ഷാ ഉദ്യോഗസ്ഥരെയും സംവിധാനങ്ങളെയും വിന്യസിപ്പിച്ചു എന്ന് ഉറപ്പുവരുത്തും. എല്ലാ അടിയന്തര സാഹചര്യങ്ങളും മറ്റ് വഴികളെക്കുറിച്ചും മുന്‍കൂട്ടി ധാരണയുണ്ടാകും. രാത്രി താമസിക്കേണ്ട അടിയന്തര സാഹചര്യം ഉണ്ടായാല്‍ അതിനുള്ള ക്രമീകരണങ്ങളും നേരത്തെ കണ്ടെത്തിയിട്ടുണ്ടാകും. ചുരുക്കത്തില്‍ അസ്വാഭിവികമായി ഒരു സംഭവവും നടക്കാനുള്ള സാഹചര്യം ഉണ്ടാകില്ല.

  വിവിഐപിയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന സുരക്ഷകളെല്ലാം എസ്പിജിയുടെ ഉത്തരവാദിത്തമാണ്. എന്നാല്‍, ബാഹ്യ സുരക്ഷ, സ്ഥലത്തിന് ചുറ്റുമുള്ള സുരക്ഷ, ഗതാഗതം, അഗ്നിശമന ക്രമീകരണങ്ങള്‍, സായുധ റിസര്‍വ്വ് സേന എന്നിവയെല്ലാം ലോക്കല്‍ പൊലീസിന്റെയും ഭരണകൂടത്തിന്റെയും ഉത്തരവാദിത്തമാണ്.

  ജനുവരി അഞ്ചിന് നടന്ന സംഭവം പൂര്‍ണ്ണമായും ഒഴിവാക്കാമായിരുന്നു. രാജ്യത്തിന് തന്നെ നാണക്കേട് ഉണ്ടാക്കുന്ന സംഭവമാണ് അവിടെ നടന്നത്. പഞ്ചാബ് പൊലീസിന്റെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെട്ടത്. ഇതിന് ഒരു പരിഹാരം ഉടന്‍ തന്നെ വേണം.

  സംസ്ഥാന ഭരണകൂടം പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലാക്കി എന്ന നിരവധി സുരക്ഷാ വിദഗ്ധരുടെ അഭിപ്രായം ശരിവെയ്ക്കുന്ന കണ്ടെത്തലുകളാണ് സുപ്രീംകോടതി കമ്മറ്റിയും മുന്നോട്ട് വെയ്ക്കുന്നത്. ഒരിക്കലും ന്യായീകരിക്കാനാകാത്ത തെറ്റു തന്നെയായിരുന്നു ഇത്. ഉടനടി അന്വേഷണത്തിന് ഉത്തരവിട്ട സുപ്രീംകോടതിയെയും ജോലി വളരെ കൃത്യമായി ചെയ്ത കമ്മറ്റി അംഗങ്ങളെയും അഭിനന്ദിക്കാതിരിക്കാനാകില്ല. തങ്ങളുടെ ജോലി കൃത്യമായി ചെയ്യാതെ പ്രധാനമന്ത്രിയുടെ ജീവന്‍ അപകടത്തിലാക്കിയവര്‍ക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനാണ്.

  (ഉത്തര്‍പ്രദേശിലെ മുന്‍ പോലീസ് ഡയറക്ടര്‍ ജനറലാണ് ലേഖകന്‍. ലേഖനത്തില്‍ പ്രകടിപ്പിച്ച വീക്ഷണങ്ങള്‍ വ്യക്തിപരമാണ്. അഭിപ്രായങ്ങള്‍ പ്രസിദ്ധീകരണത്തിന്റെ നിലപാടല്ല)
  Published by:Amal Surendran
  First published: