ന്യൂഡല്‍ഹി: ഇന്ത്യാ സന്ദര്‍ശനം നടത്തുന്ന റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സെര്‍ജി ലവ്റോവ് മോദിയുമായി കൂടിക്കാഴ്ച നടത്തിയത്. യുക്രെയ്നിലെ സാഹചര്യം സംബന്ധിച്ച് ലാവ്റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.
അക്രമം അവസാനിക്കണമെന്ന ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവര്‍ത്തിച്ചു. യുക്രെയ്ന് നേരെയുള്ള അക്രമങ്ങള്‍ അവസാനിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാന ശ്രമങ്ങള്‍ക്ക് ഏത് വിധത്തിലും സംഭാവനയും നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധത പ്രധാനമന്ത്രി ലവ്റോവിനെ അറിയിച്ചു.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇന്ത്യ സന്ദര്‍ശിച്ച മറ്റൊരു രാജ്യത്തിന്റെ മന്ത്രിമാരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നില്ല. യുകെ, ചൈന, ഓസ്ട്രിയ, ഗ്രീസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലെ മന്ത്രിമാര്‍ കഴിഞ്ഞ ആഴ്ചകളില്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
വെള്ളിയാഴ്ച രാവിലെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ലവ്റോവ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനാണ് റഷ്യ ആഗ്രഹിക്കുന്നതെന്നും ഇന്ത്യയ്ക്ക് ആവശ്യമുള്ളതെന്തും വിതരണം ചെയ്യാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
യുക്രൈന്-റഷ്യ വിഷയത്തില്‍ ഇന്ത്യയുടെ നിലപാട് ഒരിക്കലും ഏകപക്ഷീയമായിരുന്നില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞു. ചില രാജ്യങ്ങള്‍ ഇന്ത്യയേയും ചൈനയേയും തങ്ങള്‍ക്കെതിരേ നിലപാട് സ്വീകരിക്കാന്‍ സമ്മര്‍ദം ചെലുത്തുകയാണെന്ന് അമേരിക്കയെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ട് ലാവ്റോവ് പറഞ്ഞു. ഒരു സമ്മര്‍ദത്തിനും ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയില്ല. ഇന്ത്യയുടെ വിദേശ നയം സ്വതന്ത്ര കാഴ്ചപ്പാടും രാജ്യതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതുമാണ്. സമാനമാണ് റഷ്യയുടെ വിദേശ നയവും. ഇത് തന്നെയാണ് വലിയ രാജ്യങ്ങളായ തങ്ങളെ നല്ല സുഹൃത്തുക്കളും പങ്കാളികളുമാക്കുന്നത്- ലാവ്റോവ് പറഞ്ഞു.
Russian Foreign Minister Sergey Lavrov was received by Prime Minister Narendra Modi during his official visit to India
ക്രൂഡ് ഓയില്‍ ഉള്‍പ്പെടെയുള്ള ഇന്ത്യയുടെ ആവശ്യങ്ങള്‍ റഷ്യ പരിഗണിക്കും. ക്രൂഡ് ഓയില്‍, സാങ്കേതിക വിദ്യ തുടങ്ങി ഇന്ത്യ ആവശ്യപ്പെടുന്നതെന്തും വിതരണം ചെയ്യാന്‍ റഷ്യ തയ്യാറാണ്. ഇക്കാര്യത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടത്തി കാര്യങ്ങളില്‍ അന്തിമ തീരുമാനത്തിലെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം തന്നെ നിലവില്‍ യുക്രെയ്നില്‍ റഷ്യ നടത്തുന്നത് യുദ്ധമെന്ന് വിശേഷിപ്പിക്കാന്‍ കഴിയില്ലെന്നും ലാവ്റോവ് പറഞ്ഞു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.