ഗുജറാത്ത് തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി.ഹിമാചലിൽ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും വോട്ട് ശതമാനം കുറഞ്ഞില്ല..ജനങ്ങൾ ബിജെപിയെ എത്രത്തോളം സ്നേഹിക്കുന്നു എന്ന് ഈ വോട്ട് ശതമാനത്തിൽ നിന്ന് വ്യക്തമാണ്.
ഹിമാചൽ വികസനത്തിന് ഒരു കുറവും വരുത്തില്ല. ജാതിക്കും മതത്തിനും അതീതമായി ജനങ്ങൾ ബിജെപിക്ക് വോട്ടു ചെയ്തെന്നും മോദി പറഞ്ഞു.
ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിങ് എന്നിവര്‍ക്കൊപ്പമാണ് മോദി ഗുജറാത്ത് വിജയം ആഘോഷിച്ചത്.
ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങൾക്ക് നന്ദി പറഞ്ഞ പ്രധാനമന്ത്രി ജനങ്ങളുടെ ശക്തിക്ക് മുന്നിൽ നമസ്കിരിക്കുന്നുവെന്ന് പറഞ്ഞു. വികസിത ഗുജറാത്തിൽ നിന്ന് വികസിത രാജ്യത്തിലേക്കാണ് യാത്രയെന്ന് പറഞ്ഞ മോദി, ജീവിക്കാനും മരിക്കാനും ഇന്ത്യയെക്കാൾ നല്ല ഇടമില്ലെന്നും കൂട്ടിച്ചേർത്തു. അത് കൊണ്ട് ഇന്ത്യാ ഫസ്റ്റ് എന്നതാണ് നമ്മുടെ മുദ്രാവാക്യമെന്നും പ്രധാനമന്ത്രി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് പറഞ്ഞു.
തെരഞ്ഞെടുപ്പ് കാലത്തെ രാഷ്ട്രീയ എതിരാളികളുടെ പ്രചരണത്തെ മോദി കണക്കറ്റ് പരിഹസിക്കുകയും ചെയ്തു. ‘നരേന്ദ്ര’ന്റെ റെക്കോഡ് ഭേദിക്കണമെന്ന് ആവശ്യപ്പെട്ടത് ചൂണ്ടികാട്ടിയ മോദി, ഗുജറാത്തി ജനത ‘നരേന്ദ്ര’ന്റെ റെക്കോഡ് ഭേദിക്കുക മാത്രമല്ല അതിലും വലിയ റെക്കോർഡ് തീർക്കുകയാണ് ചെയ്തതെന്നും പറഞ്ഞു.
യുവാക്കൾ ബി ജെ പിക്കൊപ്പമാണെന്ന് ചൂണ്ടികാട്ടിയ നരേന്ദ്രമോദി വരുന്ന 25 വർഷം വികസനത്തിന്റെ രാഷ്ട്രീയമാണ് രാജ്യം കാണുകയെന്നും പറഞ്ഞു. രാംപൂരിലെ വിജയം എടുത്ത് പറഞ്ഞ പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് കമ്മീഷന് അഭിനന്ദനങ്ങൾ നേരാനും മറന്നില്ല. ഹിമാചലിലെ വോട്ടർമാർക്ക് നന്ദി പറഞ്ഞ അദ്ദേഹം ആദ്യമായാണ് ഹിമാചലിലെ ഭൂരിപക്ഷം ഇത്ര കുറയുന്നതെന്നും വളരെ ചെറിയ വ്യത്യാസത്തിനാണ് ജയം നഷ്ടപ്പെട്ടതെന്നും ചൂണ്ടികാട്ടി.
ചരിത്ര വിജയമാണ് ഗുജറാത്തില്‍ ഇത്തവണ ബിജെപി കൈവരിച്ചത്. 156 സീറ്റുകള്‍ നേടി തുടര്‍ച്ചയായ ഏഴാം തവണയും ബിജെപി അധികാരത്തിലെത്തി. 2017-ല്‍ 77 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് ഇത്തവണ 17 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. അഞ്ച് സീറ്റുകളുമായി ആംആദ്മി ഗുജറാത്തില്‍ അക്കൗണ്ട് തുറന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.