• HOME
 • »
 • NEWS
 • »
 • india
 • »
 • 'ആത്മനിർഭർഭാരതിന്' പ്രചോദനം ഗാന്ധിജിയുടെ സ്വാശ്രയ ആശയങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

'ആത്മനിർഭർഭാരതിന്' പ്രചോദനം ഗാന്ധിജിയുടെ സ്വാശ്രയ ആശയങ്ങൾ: പ്രധാനമന്ത്രി നരേന്ദ്രമോദി

കല്പിത സർവകലാശാലയായ ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി

 • Last Updated :
 • Share this:
  ഡിണ്ടിഗൽ: മഹാത്മാഗാന്ധിയുടെ സ്വാശ്രയ ആശയങ്ങളാണ് സർക്കാരിന്റെ ആത്മനിർഭർ ഭാരത് ലക്ഷ്യത്തിന് പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാലാവസ്ഥാ പ്രതിസന്ധി ഉൾപ്പെടെയുള്ള ആധുനിക വെല്ലുവിളികൾക്ക് മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്ക് ഉത്തരമുണ്ടെന്നും 'ആത്മനിർഭർ ഭാരത്' എന്ന സ്വാശ്രയ ലക്ഷ്യത്തിനായി പ്രവർത്തിക്കാൻ കേന്ദ്ര സർക്കാരിന് പ്രചോദനം ലഭിച്ചത് ഗാന്ധിജിയിൽ നിന്നാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

  കല്പിത സർവകലാശാലയായ ഡിണ്ടിഗൽ ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ 36-ാമത് ബിരുദദാന ചടങ്ങിൽ പങ്കെടുക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി.

  ചടങ്ങിൽ സംഗീതജ്ഞൻ ഇളയരാജ, മൃദംഗ വിദ്വാൻ ഉമയാൾപുരം കെ ശിവരാമൻ എന്നിവർക്ക് പ്രധാനമന്ത്രി ഗാന്ധിഗ്രാം റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓണററി ഡോക്ടറേറ്റ് ബിരുദം നൽകി ആദരിച്ചു.

  മഹാത്മാഗാന്ധി ഉദ്ഘാടനം ചെയ്ത ഗാന്ധിഗ്രാം സന്ദർശനം പ്രചോദനാത്മകമായ ഒരു അനുഭവമാണെന്നും പ്രധാനമന്ത്രി തന്റെ പ്രസംഗത്തിൽ പറഞ്ഞു.

  Also Read- ശ്രീപെരുമ്പത്തൂരിൽ രാജീവ് ​ഗാന്ധി കൊല്ലപ്പെട്ട സ്ഫോടനം മുതൽ പ്രതികൾ മോചിതരായതു വരെ പ്രധാന നാൾവഴികൾ

  “സംഘർഷങ്ങൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ചോ, കാലാവസ്ഥാ പ്രതിസന്ധിയെ കുറിച്ചോ ആകട്ടെ, മഹാത്മാഗാന്ധിയുടെ ആശയങ്ങളിൽ ഇന്നത്തെ പല വെല്ലുവിളികൾക്കുമുള്ള ഉത്തരമുണ്ട്. ഗാന്ധിയൻ ജീവിതരീതി പിന്തുടരുന്ന നിങ്ങൾക്ക് വലിയ സ്വാധീനം ചെലുത്താനുള്ള അവസരമുണ്ട്, ”അദ്ദേഹം പറഞ്ഞു. “മഹാത്മാവിനോട് ആദരവ് കാണിക്കേണ്ടത് അദ്ദേഹത്തിന്റെ ഹൃദയത്തോട് ചേർന്നുള്ള ആശയങ്ങളിൽ പ്രവർത്തിച്ചു കൊണ്ടായിരിക്കണമെന്നും” മോദി പറഞ്ഞു.

  മഹാത്മാവ് ഖാദിയെ ഒരു "സ്വയം ഭരണ ഉപകരണമായി" കണ്ടു. അദ്ദേഹത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കേന്ദ്രം 'ആത്മനിർഭർ ഭാരത്' എന്ന ലക്ഷ്യത്തിനായി പ്രവർത്തിക്കുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

  ഖാദി വളരെക്കാലം അവഗണിക്കപ്പെട്ട ഒന്നാണ്. എന്നാൽ ‘ഖാദി രാജ്യത്തിനായി' എന്ന ആശയത്തിൽ നിന്ന് 'ഖാദി ഫാഷനായി' എന്ന ആശയത്തിലേയ്ക്ക് മാറിയതോടെ അത് വളരെ ജനപ്രിയമായിത്തീർന്നു. കഴിഞ്ഞ എട്ട് വർഷത്തിനിടെ ഖാദി വിൽപ്പനയിൽ 300% വർദ്ധനവുണ്ടാകുകയും ചെയ്തു, മോദി ചൂണ്ടിക്കാട്ടി.

  Also Read- ഇളയരാജയ്ക്കും ഉമയാൾപുരത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദി ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു

  ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (KVIC) കഴിഞ്ഞ വർഷം ഒരു ലക്ഷം കോടി രൂപയുടെ വിറ്റുവരവ് നേടിയിട്ടുണ്ട്. “ഇപ്പോൾ, ആഗോള ഫാഷൻ ബ്രാൻഡുകൾ പോലും ഖാദിയിലേക്ക് തിരിയുന്നു, കാരണം ഇത് വളരെയേറെ പരിസ്ഥിതി സൗഹൃദമായ ഒരു ഫാബ്രിക് ആണ്, പ്രധാനമന്ത്രി പറഞ്ഞു.
  കേന്ദ്ര സർക്കാർ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുന്നതിൽ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങൾ ഗ്രാമങ്ങളിൽ എത്തിക്കാൻ കൂടിയാണ് ശ്രമിക്കുന്നതെന്നും മോദി പറഞ്ഞു. രണ്ട് ലക്ഷം ഗ്രാമപഞ്ചായത്തുകളിൽ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിനായി ആറ് ലക്ഷം കിലോമീറ്റർ ഒപ്റ്റിക് ഫൈബർ കേബിളുകൾ സ്ഥാപിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

  തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഗവർണർ ആർ എൻ രവി എന്നിവർ ഗാന്ധിഗ്രാമിലെ ചടങ്ങിൽ പങ്കെടുത്തു.

  വെള്ളിയാഴ്ച ഉച്ചയ്ക്ക് മധുര വിമാനത്താവളത്തിൽ എത്തിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ അദ്ദേഹത്തെ സ്വീകരിച്ചു.
  അണ്ണാഡിഎംകെ നേതാക്കളായ എടപ്പാടി കെ പളനിസ്വാമിയും ഒ പനീർശെൽവവും വെവ്വേറെ മോദിയുമായി കൂടിക്കാഴ്ച്ച നടത്തി.

  മധുരയിൽ നിന്നും ഹെലിക്കോപ്റ്ററിൽ ചിന്നാലപ്പെട്ടിയിലെത്തിയ പ്രധാനമന്ത്രി കാർ മാർഗം ഗാന്ധിഗ്രാമിലെത്തി. തിരികെ കാറിൽ മധുര വിമാനത്താവളത്തിലേക്ക് മടങ്ങി.
  Published by:Rajesh V
  First published: