ന്യൂഡൽഹി: പാർലമെന്റിൽ കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഹുൽ ഗാന്ധി നടത്തിയ 'എഎ വൈറസ്' പരാമർശത്തെ പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ അംബാനി അദാനി വൈറസ് ബാധിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിൽ നരേന്ദ്ര മോദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. വ്യവസായികൾക്കെതിരായ വിമർശനത്തിൽ ശക്തമായ വികാരമായി ഉയർന്നുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
‘സംരംഭകരെ കുറിച്ച് ആരെങ്കിലും അങ്ങനെ സംസാരിക്കുമോ? ഈ പ്രവണത കാരണം ജനങ്ങൾ കോൺഗ്രസ് പാർട്ടിയെ വിശ്വസിക്കുന്നില്ല. ചരിത്രത്തിൽ നിന്ന് പാഠം പഠിക്കാത്തവർ ചരിത്രത്തിൽ നിന്ന് അപ്രത്യക്ഷമാകും. 1960കളിലും 70കളിലും ഇടതുപക്ഷം എപ്പോഴും ടാറ്റയെയും ബിർളയെയും വിമർശിച്ചിരുന്നു. അവർ രാജ്യം ഭരിക്കുകയാണെന്ന് നിരന്തരം പറഞ്ഞുകൊണ്ടിരുന്നു. നിങ്ങൾ ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കുക മാത്രമല്ല, അവരുടെ ഭാഷ പൂർണ്ണമായും പഠിക്കുകയും ചെയ്തു. നിങ്ങളുടെ മാനസികാവസ്ഥ ഇതുവരെ മാറിയിട്ടില്ല. ആളുകൾ തമാശ പറയുന്ന നിലയിലേക്ക് നിങ്ങൾ അധഃപതിച്ചിരിക്കുന്നു. മേക്ക് ഇൻ ഇന്ത്യയും വിമർശിക്കപ്പെടുന്നുണ്ട്. നമ്മുടെ നാട്ടിൽ സ്വയംപര്യാപ്തത കൈവരിക്കുന്നത് സ്വപ്നങ്ങളുടെ സാക്ഷാത്കാരമാണ്. ഇക്കാര്യത്തിൽ ഗാന്ധിജി എടുത്ത നിലപാട് നിങ്ങൾക്ക് ഇഷ്ടമല്ലേ? നിലവിലെ സർക്കാർ നയങ്ങൾ കാരണം സ്റ്റാർട്ടപ്പ് കമ്പനികൾ വരുന്നു. അന്താരാഷ്ട്ര കമ്പനികളായി വളരാൻ ശേഷിയുള്ള നൂറ് സ്റ്റാർട്ടപ്പുകൾ വരെയുണ്ട്, ”നരേന്ദ്ര മോദി പറഞ്ഞു.
കോൺഗ്രസിന്റെ വിഭജന നയത്തെ വിമർശിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. അത് അവരുടെ ഡിഎൻഎയിൽ ഉള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പാർട്ടി നേതൃത്വത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. കോൺഗ്രസ് പാർട്ടി വികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നതിൽ തമിഴ്നാട്ടിലെ ജനങ്ങൾ രോഷാകുലരാണ്. ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച സിഡിഎസ് മേധാവി ബിപിൻ റാവത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ ക്യൂവിൽ നിന്ന തമിഴരെ സല്യൂട്ട് ചെയ്യുന്നതായി പ്രധാനമന്ത്രി മോദി പറഞ്ഞു.
രണ്ട് ദിവസം മുമ്പ് പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് രാഹുൽ ഗാന്ധി ഉയർത്തിയത്. 46 മിനിറ്റ് നീണ്ടുനിന്ന പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായി. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയിൽ അംബാനി അദാനി വൈറസ് ബാധിച്ചുവെന്ന രാഹുൽ ഗാന്ധിയുടെ പരാമർശം ഏറെ വിവാദമായിരുന്നു. ഈ പ്രസംഗത്തിനാണ് ഇന്ന് പാർലമെന്റിൽ പ്രധാനമന്ത്രി മറുപടി നൽകിയത്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.