അമ്മയുടെ ചിത്രവുമായി തന്നെ കാത്തുനിന്ന പെണ്‍കുട്ടിയെ കണ്ട് വാഹനം നിര്‍ത്തി നേരിട്ടെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഷിംലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് ആള്‍ക്കൂട്ടത്തിനിടയില്‍ താന്‍ വരച്ച മോദിയുടെ അമ്മയുടെ ചിത്രം സമ്മാനിക്കാന്‍ പെണ്‍കുട്ടി കാത്തുനിന്നത്. കാറിലിരുന്ന് ചിത്രം കണ്ട മോദി വാഹനം നിര്‍ത്തിച്ച് പെണ്‍കുട്ടിയുടെ അടുത്തേക്ക് നേരിട്ട് എത്തുകയായിരുന്നു.
അമ്മ ഹീരാബെന്‍ മോദിയുടെ ചിത്രമാണ് പെണ്‍കുട്ടി വരച്ച് പ്രധാനമന്ത്രിക്ക് സമ്മാനമായി നല്‍കിയത്. പെണ്‍കുട്ടിയുടെ പേരും വീടും മോദി ചോദിച്ചറിഞ്ഞു. എത്ര ദിവസമെടുത്താണ് ചിത്രം വരച്ചതെന്നും അദ്ദേഹം ചോദിച്ചു. ഒരു ദിവസം കൊണ്ടാണ് ഈ പടം വരച്ച് തീര്‍ത്തതെന്ന് പെണ്‍കുട്ടി മറുപടി നല്കി.
പ്രധാനമന്ത്രിയുടെ കാല് തൊട്ട് അനുഗ്രഹം വാങ്ങുന്നതും വീഡിയോയില്‍ കാണാം. ബിജെപി സര്‍ക്കാരിന്റെ എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഷിംലയില്‍ പൊതുപരിപാടി സംഘടിപ്പിച്ചത്.
Hardik Patel| കോൺഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ ബിജെപിയിലേക്ക്; ജൂണ്‍ രണ്ടിന് അംഗത്വം സ്വീകരിക്കുംഅഹമ്മദാബാദ്: കോണ്‍ഗ്രസ് വിട്ട ഹാര്‍ദിക് പട്ടേല്‍ (Hardik Patel) ബിജെപിയിലേക്ക് (BJP). ജൂണ്‍ രണ്ടിന് ഹാര്‍ദിക് ബിജെപി അംഗത്വം സ്വീകരിക്കും. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കല് നില്‍ക്കെയാണ് ഹാര്‍ദിക് ബിജെപി പാളയത്തിലെത്തുന്നത്. ഗുജറാത്ത് പാർട്ടി സംസ്ഥാന അധ്യക്ഷൻ സി ആർ പാട്ടീലിന്റെ സാന്നിധ്യത്തിലായിരിക്കും പാർട്ടി പ്രവേശനമെന്ന് വക്താവ് വ്യക്തമാക്കി.
പട്ടേല്‍ സംവരണ പ്രക്ഷോഭത്തിലൂടെ ശ്രദ്ധേയനായ ഹാര്‍ദിക് പിന്നീട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഹാര്‍ദിക് ഇടയുകയായിരുന്നു.
കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റായി തുടരുമ്പോഴും പാര്‍ട്ടി കാര്യങ്ങളൊന്നും തന്നെ അറിയിക്കുന്നില്ല എന്നതായിരുന്നു ഹാര്‍ദിക്ക് പട്ടേല്‍ പാര്‍ട്ടിക്ക് എതിരായി ഉയര്‍ത്തിയ വിമര്‍ശനം. പട്ടേല്‍ സമുദായത്തിലെ തന്നെ മറ്റൊരു പ്രധാന നേതാവായ നരേഷ് പട്ടേലിനെ കോണ്‍ഗ്രസിലേക്ക് കൊണ്ടുവരുന്നതിന് പ്രശാന്ത് കിഷോര്‍ ചില നീക്കങ്ങള്‍ നടത്തിയതും ഹാര്‍ദിക്കിനെ പ്രകോപിപ്പിച്ചിരുന്നു.
പിന്നാലെ ഗുജറാത്തി പത്രമായ ദിവ്യ ഭാസ്കറില്‍ ബിജെപി നേതാക്കളെയും ആശയങ്ങളെയും പ്രശംസിക്കുന്ന ഹാര്‍ദിക്കിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അഭിമുഖത്തില്‍ നരേന്ദ്ര മോദി ഉള്‍പ്പടെയുള്ള ബിജെപി നേതാക്കളെ ഹാര്‍ദിക്ക് പ്രശംസകൊണ്ട് മൂടി. അതോടൊപ്പം രാമക്ഷേത്ര നിര്‍മാണം, കശ്മീരിലെ 370ാം അനുച്ഛേദം റദ്ദാക്കല്‍ എന്നിവയെ ഹാര്‍ദിക് പിന്തുണയ്ക്കുകയും ചെയ്തു. ഇതിന് പിന്നാലെ അദ്ദേഹം ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും പരന്നു.
പട്ടേല്‍ വിഭാഗത്തിന്റെ സംവരണ സമരം നയിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ ബിജെപിയെ വിറപ്പിച്ച ഹാര്‍ദിക് ബിജെപി നേതാക്കളെയും ആശയങ്ങളെയും പിന്തുണച്ച് രംഗത്തെത്തിയത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. അഭിമുഖത്തില്‍ ഹാര്‍ദിക് ബിജെപിയില്‍ ചേരുമെന്ന സൂചനകള്‍ നല്‍കുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.