• HOME
  • »
  • NEWS
  • »
  • india
  • »
  • 'പോക്‌സോ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ; പ്രണയം ക്രിമിനൽ കുറ്റമാക്കാനല്ല': ഹൈക്കോടതി

'പോക്‌സോ കുട്ടികളെ ലൈംഗികാതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കാൻ; പ്രണയം ക്രിമിനൽ കുറ്റമാക്കാനല്ല': ഹൈക്കോടതി

''18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യം. ചെറുപ്പക്കാർ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള പ്രണയബന്ധങ്ങൾ ഒരിക്കലും കുറ്റകരമാക്കാൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല''

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ന്യൂഡൽഹി: പോക്സോ നിയമത്തിന്റെ ഉദ്ദേശ്യം ലൈംഗികമായി ദുരുപയോ​ഗം ചെയ്യപ്പെടുന്നതിൽ നിന്നും കുട്ടികളെ സംരക്ഷിക്കുക എന്നതാണെന്നും പ്രായപൂർത്തിയായ ചെറുപ്പക്കാരുടെ ഉഭയസമ്മത പ്രകാരമുള്ള പ്രണയബന്ധത്തെ ക്രിമിനൽ കുറ്റമാക്കുക എന്നതല്ല എന്നും ഡൽഹി ഹൈക്കോടതി. കഴിഞ്ഞ വർഷം സെക്ഷൻ 363/366/376 ഐപിസി, സെക്ഷൻ 6/17 എന്നിവ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ജസ്റ്റിസ് ജസ്മീത് സിംഗ് ഈ നിരീക്ഷണം നടത്തിയത്.

2021ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ഇരയെന്ന് ആരോപിക്കപ്പെടുന്ന യുവതിയ്ക്ക് 17 വയസ്സുള്ളപ്പോൾ അവളുടെ കുടുംബം അവരുടെ ഇഷ്ടപ്രകാരം കണ്ടെത്തിയ ഒരു യുവാവുമായി അവളെ വിവാഹം കഴിപ്പിച്ചു. 2021 ജൂണിൽ ആയിരുന്നു ഈ വിവാഹം നടന്നത്. എന്നാൽ, അയാളോടൊപ്പം ജീവിക്കാൻ താൽപര്യമില്ലാതിരുന്ന യുവതി 2021 ഒക്ടോബറിൽ സുഹൃത്തായ പ്രതിയുടെ വീട്ടിലെത്തി. പിന്നീട് അവർ ഒരുമിച്ച് പഞ്ചാബിലേക്ക് പോവുകയും അവിടെ വച്ച് അവർ വിവാഹം കഴിക്കുകയും ചെയ്തു. ഇതേ തുടർന്ന് യുവതിയുടെ പിതാവ് യുവാവിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു.

"എന്റെ അഭിപ്രായത്തിൽ 18 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളെ ലൈംഗിക ചൂഷണങ്ങളിൽ നിന്ന് സംരക്ഷിക്കുക എന്നതാണ് പോക്‌സോ നിയമത്തിന്റെ ഉദ്ദേശ്യം. ചെറുപ്പക്കാർ തമ്മിലുള്ള ഉഭയസമ്മത പ്രകാരമുള്ള പ്രണയബന്ധങ്ങൾ ഒരിക്കലും കുറ്റകരമാക്കാൻ ഇതുകൊണ്ട് ഉദ്ദേശിക്കുന്നില്ല. എന്നിരുന്നാലും, ഓരോ കേസിന്റെയും വസ്തുതകളിൽ നിന്നും സാഹചര്യങ്ങളിൽ നിന്നും ഇതിനെ വീക്ഷിക്കേണ്ടതുണ്ട്. ലൈംഗികാതിക്രമത്തെ അതിജീവിച്ചയാൾ ചില സമ്മർദ്ദങ്ങളാൽ ഒത്തുതീർപ്പാക്കാൻ നിർബന്ധിതരായേക്കാവുന്ന കേസുകളുമുണ്ടാകാം,” ജസ്റ്റിസ് സിങ് പറഞ്ഞു.

Also Read- ലൈം​ഗികാതിക്രമം നടന്നിട്ടുണ്ടെങ്കിലേ 'പോക്‌സോ' പ്രകാരം കേസെടുക്കാനാകൂ: ഗുജറാത്ത് ഹൈക്കോടതി

പ്രതി 2021 ഡിസംബർ 31 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് പെൺകുട്ടി നേരത്തെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരുന്നതായി ഇയാളുടെ അഭിഭാഷകൻ കഴിഞ്ഞ മാസം കോടതിയെ അറിയിച്ചിരുന്നു. "യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, തന്നെയും ഭർത്താവിനെയും ഉപദ്രവിക്കുമെന്ന് മാതാപിതാക്കൾ ഭീഷണിപ്പെടുത്തുന്നതായും അവർ മൊഴി നൽകിയിട്ടുണ്ട് " പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പരിശോധിച്ചുകൊണ്ട് ജസ്റ്റിസ് സിംഗ് പറഞ്ഞു.

ഒക്‌ടോബർ 20ന് ചേംബറിൽ വെച്ച് കോടതി യുവതിയുമായി സംസാരിച്ചു. കൗമാരപ്രായത്തിൽ ഒരാൾ തന്നെ വിവാഹം കഴിച്ചിരുന്നുവെന്നും എന്നാൽ അയാളോടൊപ്പം താമസിക്കാൻ തനിക്ക് താൽപ്പര്യമില്ലെന്നും അവർ കോടതിയെ അറിയിച്ചു. പിതാവിന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റാരോപിതനായ സുഹൃത്തിനെ ആരുടെയും നിർബന്ധത്തിന് വഴങ്ങിയല്ല പകരം സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്നും അവർ കോടതിയെ അറിയിച്ചു. ഇപ്പോഴും യുവാവിനൊപ്പം ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവർ കോടതിയെ അറിയിച്ചു.

Also Read- ചികിത്സയിൽ കഴിയുന്ന നാലു വയസ്സുകാരന് നല്‍കിയ ഭക്ഷണത്തില്‍ പാറ്റ; ഡല്‍ഹി എയിംസിനെതിരെ പരാതി

"ഇവിടെ, ആൺകുട്ടിയുമായുള്ള ബന്ധത്തിന് പെൺകുട്ടിയെ നിർബന്ധിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല, ഇത് അത്തരത്തിൽ ഉള്ള ഒരു കേസല്ല. യഥാർത്ഥത്തിൽ, പെൺകുട്ടി തന്നെ പ്രതിയുടെ വീട്ടിൽ പോയി തന്നെ വിവാഹം കഴിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇത് ഇരുവരും തമ്മിലുള്ള പ്രണയബന്ധമാണെന്നും അവർ തമ്മിലുള്ള ലൈംഗികബന്ധം ഉഭയസമ്മതപ്രകാരമുള്ളതായിരുന്നു എന്നും ഇരയുടെ മൊഴി വ്യക്തമാക്കുന്നു,” ജസ്റ്റിസ് സിംഗ് പറഞ്ഞു.

പ്രായപൂർത്തിയാകാത്ത ഒരാളുടെ സമ്മതം നിയമപരമല്ലെങ്കിലും, ജാമ്യം അനുവദിക്കുമ്പോൾ, സ്നേഹത്തിൽ നിന്നുണ്ടായ ഉഭയ സമ്മത പ്രകാരമുള്ള ബന്ധത്തിന്റെ വസ്തുത പരിഗണിക്കേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.

“ഇരയുടെ മൊഴി അവഗണിക്കുകയും പ്രതിയെ ജയിലിലേക്ക് അയയ്ക്കുകയും ചെയ്യുന്നത് നിലവിലെ കേസിൽ നീതി നിക്ഷേധത്തിന് കാരണമാകും,” കോടതി നിരീക്ഷിച്ചു.
എഫ്‌ഐആർ റദ്ദാക്കുകയല്ല മറിച്ച് ജാമ്യം അനുവദിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് മേൽ ആരോപിച്ചിട്ടുള്ള കുറ്റങ്ങൾ പൂർണമായി തുടച്ചുമാറ്റുന്ന കേസല്ല ഇതെന്നും കോടതി നിരീക്ഷിച്ചു. “നിലവിലെ കേസിന്റെ സാഹചര്യത്തിൽ, മുകളിൽ വിവരിച്ച കാരണങ്ങളാൽ അപേക്ഷകന് ജാമ്യത്തിന് അർഹതയുണ്ട്,” കോടതി കൂട്ടിച്ചേർത്തു.
Published by:Rajesh V
First published: