• HOME
 • »
 • NEWS
 • »
 • india
 • »
 • Rahul Gandhi | രാഹുൽ ​ഗാന്ധിക്ക് ദീക്ഷ നൽകിയ കർണാടകത്തിലെ മഠാധിപതിക്കെതിരെ POCSO കേസ്

Rahul Gandhi | രാഹുൽ ​ഗാന്ധിക്ക് ദീക്ഷ നൽകിയ കർണാടകത്തിലെ മഠാധിപതിക്കെതിരെ POCSO കേസ്

ഗുരുവും മറ്റ് നാല് പേരും ചേര്‍ന്ന് രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

 • Last Updated :
 • Share this:
  മുരുക മഠത്തിലെ മുഖ്യ ഗുരു ഡോ. ശിവമൂര്‍ത്തി മുരുക ശരണരുവിനും മറ്റ് നാല് പേര്‍ക്കുമെതിരെ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിത്രദുര്‍ഗ പൊലീസ് (chitradurga police) അന്വേഷണം ആരംഭിച്ചു. പോക്‌സോ കേസിലാണ് (POCSO case) അന്വേഷണം ആരംഭിച്ചത്. ഗുരുവും മറ്റ് നാല് പേരും ചേര്‍ന്ന് രണ്ട് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്തതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ (FIR) പറയുന്നു.

  എന്നാല്‍, തനിക്കെതിരെ നടക്കുന്നത് വലിയ ഗൂഢാലോചനയാണെന്നും സത്യം ഉടന്‍ പുറത്തുവരുമെന്നും ഗുരു പറഞ്ഞു. അധികാരം നേടാന്‍ തന്റെ എതിരാളികള്‍ സ്വീകരിച്ച മാര്‍ഗ്ഗം ഇതാണെന്നും അദ്ദേഹം പറഞ്ഞു. ഈ മാസമാദ്യം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി (rahul gandhi) ചിത്രദുര്‍ഗയിലെ ലിംഗായത്ത് സമുദായത്തിന്റെ പ്രധാന മതകേന്ദ്രങ്ങളിലൊന്നായ മുരുക മഠം (murugha mutt) സന്ദര്‍ശിച്ചിരുന്നു.

  മഠങ്ങള്‍ പോലുള്ള മത സ്ഥാപനങ്ങള്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും മറ്റ് മതപരമായ കര്‍ത്തവ്യങ്ങളിലും ഇടപെടലുകള്‍ നടത്താറുണ്ട്. രാഷ്ട്രീയ മേഖലയിലും അവര്‍ കൂടുതലായി ഇടപെടുന്നു. നിരവധി രാഷ്ട്രീയക്കാരും മുരുക മഠത്തില്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഒരു വ്യക്തിയെ ലിംഗായത്ത് വിഭാഗത്തിലേക്ക് ക്ഷണിക്കുന്ന ഔദ്യോഗിക ചടങ്ങായ 'ലിംഗാദീക്ഷ' യും പുരോഹിതന്‍ രാഹുല്‍ ഗാന്ധിക്ക് നല്‍കിയിരുന്നു.

  ഓടനാടി സേവാ സംസ്ഥേ എന്ന എന്‍ജിഒയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മൈസൂരു പോലീസാണ് ആദ്യം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. മഠം നടത്തുന്ന ഒരു ഹോസ്റ്റലില്‍ താമസിച്ചിരുന്ന രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടതായി പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് എന്‍ജിഒ ശിശുക്ഷേമ സമിതിയെ (സിഡബ്ല്യുസി) സമീപിച്ചത്. പുരോഹിതന്‍ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് സിഡബ്ല്യുസിയും എഫ്ഐആര്‍ ഫയല്‍ ചെയ്തിരുന്നു. മറ്റൊരു പുരോഹിതനെയും ഹോസ്റ്റല്‍ വാര്‍ഡനെയും കേസില്‍ ഉള്‍പ്പെടുത്തിയിരുന്നു.

  വിശദമായ അന്വേഷണത്തിനായി കേസ് ചിത്രദുര്‍ഗയിലേക്ക് മാറ്റിയതായി മൈസൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പ്രദീപ് ഗുന്‍തി പറഞ്ഞു. പരാതിക്കാര്‍ ചിത്രദുര്‍ഗയില്‍ എത്തിയിട്ടുണ്ടെന്നും സിഡബ്ല്യുസി അംഗങ്ങളുടെ സാന്നിധ്യത്തില്‍ വീണ്ടും മൊഴി രേഖപ്പെടുത്തുമെന്നും ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ഞായറാഴ്ച ന്യൂസ് 18-നോട് പറഞ്ഞു.

  ''ഞായറാഴ്ച വൈദ്യപരിശോധന നടത്തും. തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും പ്രതികളെ അറസ്റ്റ് ചെയ്യുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. പരാതിക്കാരില്‍ ഒരു പെണ്‍കുട്ടി ദളിത് വിഭാഗത്തില്‍ പെട്ടതിനാല്‍, എസ്സി/എസ്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള വകുപ്പുകളും ഗുരുവിനെതിരെ ചുമത്തും,'' ഉദ്യോഗസ്ഥന്‍ പറഞ്ഞു.

  എഫ്ഐആര്‍ പ്രകാരം, 2019 ജനുവരിക്കും 2022 ജൂണിനുമിടയിലാണ് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടത്. ഇവരിലൊരാള്‍ CWC-ക്ക് നല്‍കിയ മൊഴിയില്‍, മൂന്ന് വര്‍ഷത്തോളമായി പീഡനം അനുഭവിക്കേണ്ടി വന്നതായി പറയുന്നു. പീഡിപ്പിക്കപ്പെടുന്നതിനു മുമ്പ് തങ്ങളോട് മരുന്നുകള്‍ ചേര്‍ത്ത പഴങ്ങളോ ചോക്ലേറ്റുകളോ കഴിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. നിരവധി തവണ കൗണ്‍സിലിങ്ങ് നടത്തിയതിനു ശേഷമാണ് പെണ്‍കുട്ടികള്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

  അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ പറഞ്ഞു. ഇത് ഒരു സുപ്രധാനമായ കേസാണെന്നും ആരോപണങ്ങള്‍ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. '' കേസന്വേഷണത്തില്‍ പോലീസിന് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട്, അവര്‍ കേസ് അന്വേഷിക്കും, സത്യം പുറത്തുവരും, '' ബൊമ്മൈ പറഞ്ഞു.
  Published by:Amal Surendran
  First published: