ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിൽ വിദ്യാർഥി പ്രതിഷേധം ശക്തമായതോടെ മദ്രാസ് സർവകലാശാല തിങ്കളാഴ്ച വരെ അടച്ചു. നിയമം പിന്‍വലിക്കും വരെ സമരമെന്ന് വിദ്യാർഥികൾ വ്യക്തമാക്കി. രാത്രിയും സമരം തുടരും. വിദ്യാർഥികൾക്ക് ഹോസ്റ്റൽ ഒഴിയാൻ അധികൃതർ നിർദേശം നൽകി. ഇത് മറികടന്നും സർവകലാശാലയുടെ ഉള്ളിൽ കനത്ത പ്രതിഷേധസമരം തുടരുകയാണ്. രാത്രി വൈകിയും സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർഥികൾ.
പോസ്റ്ററുകളുമായി സർവകലാശാലയുടെ അകത്ത് വിദ്യാർഥികൾ തമ്പടിച്ചിട്ടുണ്ട്. പൊലീസെത്തിയാലും സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാർഥി സമരസമിതി അറിയിച്ചു. നിലവിൽ സർവകലാശാലയുടെ പുറത്ത് വൻ പൊലീസ് സന്നാഹത്തെയാണ് വിന്യസിച്ചിരിക്കുന്നത്. സമരം അവസാനിപ്പിക്കണമെന്ന് വിദ്യാർഥികളോട് പറയാൻ ഒരു സംഘം പൊലീസ് സർവകലാശാലയുടെ അകത്ത് കടന്നു. വിദ്യാർത്ഥികൾ ഇതിന് വഴങ്ങാൻ തയാറായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് മാറ്റാനാണ് പൊലീസിന്റെ തീരുമാനം.
ഇന്ന് ക്ലാസുകൾ ബഹിഷ്കരിച്ചാണ് മദ്രാസ് സർവകലാശാലയിൽ സമരം തുടങ്ങിയത്. പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധിച്ച ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പിന്തുണയർപ്പിച്ചായിരുന്നു സമരം. മദ്രാസ് ഐഐടിയിലും പൗരത്വ നിയമഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമാണ്. തിങ്കളാഴ്ച ഗജേന്ദ്ര സർക്കിളിനകത്ത് നിന്ന് തുടങ്ങിയ സമരം ഇപ്പോഴും തുടരുകയാണ്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.