ന്യൂഡൽഹി: ലോക്ക്ഡൌൺ കാരണം അടച്ചിട്ടിരുന്ന മദ്യവിൽപ്പനശാലകൾ രാജ്യത്തെ 11ഓളം സംസ്ഥാനങ്ങളിൽ തുറന്നു. മിക്കയിടത്തും ആഘോഷത്തോടെയാണ് മദ്യഷോപ്പുകൾ തുറന്നതിനെ വരവേറ്റത്. ചിലയിടത്ത് പടക്കം പൊട്ടിക്കുകയും മറ്റു ചിലയിടത്ത് തുറന്നത് അടയ്ക്കാതിരിക്കാൻ പൂജകൾ നടത്തുകയും ചെയ്തു. ചില സംസ്ഥാനങ്ങളിലെ മദ്യഷോപ്പുകൾക്ക് മുന്നിൽ ഒരു കിലോമീറ്റർ ദൈർഘ്യമുള്ള വരി ദൃശ്യമായി. അതിനിടെ ഡൽഹിയിൽ മിക്ക സ്ഥലങ്ങളിൽ തിക്കുംതിരക്കും അനിയന്ത്രിതമായതിനെ തുടർന്ന് തുറന്ന മദ്യവിൽപ്പനശാലകൾ അടച്ചു.
150-ൽ ഏറെ മദ്യവിൽപ്പനശാലകളാണ് ഡൽഹിയിൽ തുറന്നത്. എന്നാൽ മിക്കയിടത്തും നല്ല തിക്കുംതിരക്കും അനുഭവപ്പെട്ടതോടെ അവ അടച്ചിടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. സാമൂഹിക അകലം പാലിക്കണമെന്ന നിർദേശം ലംഘിക്കപ്പെട്ടതോടെയാണ് മദ്യവിൽപ്പനശാലകൾ അടച്ചതെന്ന് ഗീതാ കോളനി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് എം പി കുശ്വാഹ പറഞ്ഞു.
കൃത്യമായ സാമൂഹിക അകലം പാലിക്കാൻ ആളുകൾ തയ്യാറാകുന്നില്ലെങ്കിൽ മദ്യവിൽപ്പനശാലകൾ അടഞ്ഞുതന്നെ കിടക്കുമെന്ന് എം.പി കുശ്വാഹ പറഞ്ഞു. മദ്യം വാങ്ങാൻ വേണ്ടി വരിയിൽനിൽക്കുമ്പോൾ ആറടി അകലം പാലിക്കണം, ഒരേസമയം കൌണ്ടറിൽ അഞ്ചുപേർ മാത്രമെ പാടുള്ളു, മാസ്ക്ക് ധരിച്ചിരിക്കണം തുടങ്ങിയ നിർദേശങ്ങൾ സർക്കാർ നൽകിയെങ്കിലും ആരും അത് പാലിക്കാൻ തയ്യാറായില്ല.
പല സ്ഥലങ്ങളിലും മദ്യം വാങ്ങാൻ ആളുകൾ കൂട്ടത്തോടെ എത്തിയത് ക്രമസമാധാനപ്രശ്നമുണ്ടാക്കി. തിരക്ക് നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു. ഇതോടെയാണ് മദ്യവിൽപ്പനശാലകൾ അടച്ചിടാൻ അധികൃതർ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Liquor sale, Liquor sale in Delhi, Liquor sale in Goa, Liquor sale in India, Liquor sale in Karnataka, Liquor sale in Kerala, Liquor sale Maharashtra, Liquor shops closed, Liquor shops reopen