• HOME
  • »
  • NEWS
  • »
  • india
  • »
  • Monkey | തൊണ്ടിമുതൽ കുരങ്ങൻ കൊണ്ടുപോയി; കൊലക്കേസിൽ വിചിത്രവാദവുമായി പോലീസ്

Monkey | തൊണ്ടിമുതൽ കുരങ്ങൻ കൊണ്ടുപോയി; കൊലക്കേസിൽ വിചിത്രവാദവുമായി പോലീസ്

കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ് പോലീസിൻെറ കയ്യിൽ നിന്ന് നഷ്ടമായിരിക്കുന്നത്

  • Share this:
    ഒരു കൊലപാതകിയെ രക്ഷിക്കാൻ കുരങ്ങൻ (Monkey) ഇറങ്ങിത്തിരിക്കുമോ? രാജസ്ഥാൻ പോലീസ് (Rajasthan Police) ഇത്തരത്തിൽ ഒരു വിചിത്രവാദവുമായാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. കൊലപാതകക്കേസിൽ പ്രതിയെ കുടുക്കുന്നതിനായി പോലീസ് ശേഖരിച്ച തെളിവുകൾ സൂക്ഷിച്ചിരുന്ന ബാഗ് കുരങ്ങൾ എടുത്ത് കൊണ്ടുപോയിരിക്കുകയാണ്. കൊല്ലാനുപയോഗിച്ച കത്തിയടക്കം പതിനഞ്ചോളം തെളിവുകളടങ്ങിയ ബാഗാണ് രാജസ്ഥാൻ പോലീസിൻെറ കയ്യിൽ നിന്ന് നഷ്ടമായിരിക്കുന്നത്. ഇതിന് കുറ്റവാളിയായിരിക്കുന്നത് ഒരു കുരങ്ങനാണ്. ഒരു യുവാവിൻെറ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേ ജെയ്പൂരിലെ കീഴ്ക്കോടതിയിലാണ് തൊണ്ടിമുതലുകൾ നഷ്ടപ്പെട്ട വിവരം പോലീസ് കോടതിയെ അറിയിച്ചത്.

    2016 സെപ്തംബറിൽ ജെയ്പൂരിലെ ചാന്ദ്വാജി പോലീസ് സ്റ്റേഷൻ പരിധിയിലാണ് കൊലപാതകം നടന്നത്. ശശികാന്ത് ശർമയെന്ന യുവാവിനെ കാണാതാവുകയും പിന്നീട് പ്രദേശത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയുമായിരുന്നു. മരണം നടക്കുന്നതിന് മൂന്ന് ദിവസം മുമ്പ് ശശികാന്തിനെ കാണാതായിരുന്നു. ബന്ധുക്കൾ പരമാവധി അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. കേസിലെ പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമുയർന്നു. ശശികാന്തിൻെറ ബന്ധുക്കളും അയൽവാസികളും നാട്ടുകാരുമെല്ലാം ചേർന്ന് ജെയ്പൂർ - ഡൽഹി ഹൈവേ പോലും സ്തംഭിപ്പിച്ച് സമരം നടത്തിയിരുന്നു.

    ചാന്ദ്വാജി പ്രദേശവാസികളായ രണ്ട് പ്രതികളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. ശശികാന്ത് ശർമയുടെ മൃതദേഹം കിട്ടിയതിന് ശേഷം അഞ്ച് ദിവസം കഴിഞ്ഞാണ് അറസ്റ്റ് നടന്നത്. രാഹുൽ കന്ദേര, മോഹൻലാൽ കന്ദേര എന്നിവരാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയടക്കം തൊണ്ടിമുതലുകളെല്ലാം പോലീസ് ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികൾ കുറ്റം സമ്മതിച്ചതായും പോലീസ് വ്യക്തമാക്കിയിരുന്നു. ഇരുവരെയും അഡീഷണൽ ജില്ലാ കോടതിയിൽ ഹാജരാക്കുകയും ചെയ്തിരുന്നു.

    കേസിലെ പ്രതികൾക്ക് മതിയായ ശിക്ഷ നൽകാൻ പറ്റാവുന്ന സാഹചര്യം ഒരുങ്ങിയപ്പോഴാണ് ഇപ്പോൾ നാടകീയമായ കാര്യങ്ങൾ സംഭവിച്ചിരിക്കുന്നത്. തെളിവുകൾ സൂക്ഷിക്കാനായി പോലീസ് സ്റ്റേഷനിൽ തന്നെ പ്രത്യേകമായി സ്ഥലമുണ്ട്. എന്നാൽ അവിടെ സ്ഥലം ഇല്ലാതിരുന്നതിനാൽ ഈ കേസിലെ തൊണ്ടിമുതലുകൾ സ്റ്റേഷൻ വളപ്പിലെ മരത്തിന് താഴെയാണ് സൂക്ഷിച്ച് വെച്ചിരുന്നതെന്നാണ് പോലീസ് കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട തെളിവുകൾ ഹാജരാക്കാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്രയും പ്രമാദമായ ഒരു കേസിലെ തെളിവുകൾ നഷ്ടമായത് ഗുരുതരമായ വീഴ്ചയായാണ് കണക്കാക്കപ്പെടുന്നത്. കുരങ്ങനിൽ പഴിചാരി പോലീസിന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറാൻ കഴിയില്ല.

    എഴുതിത്തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് പോലീസ് കുരങ്ങൻ തൊണ്ടിമുതലുമായി കടന്നുകളഞ്ഞെന്ന് അറിയിച്ചിരിക്കുന്നത്. കത്തിയടക്കമുള്ള വസ്തുക്കളെല്ലാം ഭദ്രമായി കെട്ടി മരച്ചുവട്ടിലാണ് വെച്ചത്. പെട്ടെന്ന് ഒരു കുരങ്ങൻ വന്ന് ഇതെല്ലാം കൊണ്ട് കടന്നുകളയുകയാണ് ചെയ്തത്. 2016ൽ തന്നെയാണ് ഇത് സംഭവിച്ചതെന്നും പോലീസ് പറയുന്നു. പോലീസിൻെറ വിശദീകരണത്തിൽ തൃപ്തിയില്ലെന്ന് കോടതി വ്യക്തമാക്കി. പബ്ലിക് പ്രോസിക്യൂട്ടറും ഈ വാദത്തെ ശക്തമായി എതിർത്തു. തൊണ്ടിമുതൽ കുരങ്ങൻ കൊണ്ടുപോയെന്നത് വളരെ വിചിത്രമായ വാദമാണെന്ന് അദ്ദേഹം പറഞ്ഞു. ഏതായാലും സംഭവവുമായി ബന്ധപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കോടതി.
    Published by:Anuraj GR
    First published: