• HOME
  • »
  • NEWS
  • »
  • india
  • »
  • രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാല്‍ കൂട്ടരാജിയെന്ന് ഗെഹ്ലോത് പക്ഷം

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷം; സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രിയായാല്‍ കൂട്ടരാജിയെന്ന് ഗെഹ്ലോത് പക്ഷം

എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോത്ത് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായത്

  • Share this:
    രാജസ്ഥാൻ കോൺഗ്രസിൽ കടുത്ത പ്രതിസന്ധി. മുഖ്യമന്ത്രിയായി സച്ചിൻ പൈലറ്റിനെ അംഗീകരിക്കില്ലെന്ന് ഗെഹ്ലോത് പക്ഷക്കാരായ എംഎൽഎമാർ നിലപാട് എടുത്തതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.  തർക്കത്തിൽ ഇടപെട്ട ഹൈക്കമാൻഡ് അശോക് ഗെഹ്ലോതിനെയും സച്ചിന്‍ പൈലറ്റിനെയും ഡൽഹിയ്ക്ക് വിളിപ്പിച്ചു. ഗെഹ്ലോതുമായി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചർച്ച നടത്തി, ഒന്നും തന്റെ കയ്യിൽ അല്ലെന്ന് ഗഹ്ലോത് ,കെ സി വേണുഗോപാലിനോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ.

    സച്ചിനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ വെല്ലുവിളിച്ചു 90 ലധികം എംഎൽഎമാർ ആണ് രാജിഭീഷണി മുഴക്കിയത് . എംഎൽഎമാർ കടുത്ത നിലപാട് എടുത്തത്തോടെ  ഞായറാഴ്ച ചേരാനിരുന്ന നിയമസഭാകക്ഷി യോഗം റദ്ദാക്കിയിരുന്നു.

    എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോത്ത് തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് രാജസ്ഥാനില്‍ രാഷ്ട്രീയ നീക്കങ്ങള്‍ സജീവമായത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട മുഖ്യമന്ത്രി കസേര ഹൈക്കമാന്‍ഡിന്‍റെ പിന്തുണയോടെ ഇത്തവണ നേടിയെടുക്കാനാണ് സച്ചിന്‍ പൈലറ്റിന്‍റെ ശ്രമം. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളുടെ പിന്തുണ സച്ചിന്‍ പൈലറ്റിനുള്ളതിനാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുമെന്ന് ഉറപ്പായതിന് പിന്നാലെയാണ് അശോക് ഗെഹ്ലോത്ത് ചരടുവലികള്‍ ശക്തമാക്കിയത്.

    അശോക് ഗഹ്ലോത് മുഖ്യമന്ത്രി പദത്തില്‍ തുടരുകയോ അദ്ദേഹത്തെ അനുകൂലിക്കുന്ന മറ്റൊരാളെ പകരക്കാരാക്കുകയോ വേണമെന്നാണ് രാജി ഭീഷണി മുഴക്കിയ എംഎല്‍എമാരുടെ ആവശ്യം. സച്ചിന്‍ പൈലറ്റിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ഗെഹ്‌ലോത് അനുകൂലികള്‍. സ്ഥിതി രൂക്ഷമായതോടെ സോണിയാ ഗാന്ധി ഇടപെട്ട് പ്രശ്ന പരിഹാരം നടത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
    Published by:Arun krishna
    First published: