• HOME
  • »
  • NEWS
  • »
  • india
  • »
  • Maharashtra Govt Formation | മഹാരാഷ്ട്രയിലെ മഹാനാടകം

Maharashtra Govt Formation | മഹാരാഷ്ട്രയിലെ മഹാനാടകം

രാഷ്ട്രീയമായി വൻനഷ്ടമുണ്ടായത് കോൺഗ്രസിനാണ്. അത് തിരിച്ചറിഞ്ഞാണ് തൽക്കാലം കോൺഗ്രസ് മാളത്തിലൊളിച്ചത്.

News18

News18

  • Share this:

    മഹാരാഷ്ട്ര നാടകത്തിൽ ഇനി എന്തു സംഭവിക്കും. സഭയിൽ ഭൂരിപക്ഷം തെളിയിക്കേണ്ട മുപ്പതാം തിയതിവരെ പരസ്പരം ആരോപണങ്ങൾ ഉന്നയിക്കാം. കണക്കുകൾ കൂട്ടിയും കിഴിച്ചും അവകാശവാദങ്ങൾ ഉന്നയിക്കാം. ഇതിനെല്ലാം അപ്പുറം യഥാർത്ഥത്തിൽ സംഭവിക്കാൻ സാധ്യതയുള്ളത് ഒന്നുമാത്രം.  അതുവരെ എംഎൽഎമാർ അവർ ആർക്കൊപ്പമായാലും സുഖമായി റിസോർട്ടിൽ ജീവിതം ആസ്വദിക്കാം. ഇനി ഉയരുന്ന ചോദ്യം ആര് വിജയിച്ചു. ആര് പരാജയപ്പെട്ടു. ആരു നേടി. ആർക്ക് നഷ്ടം വന്നു.  രാഷ്ട്രീയമായി വൻനഷ്ടമുണ്ടായത് കോൺഗ്രസിനാണ്. അത് തിരിച്ചറിഞ്ഞാണ്  തൽക്കാലം കോൺഗ്രസ് മാളത്തിലൊളിച്ചത്. സത്യപ്രതിജ്ഞയെ എതിർത്ത് എൻസിപിയും ശിവസേനയും സംയുക്തമായി വാർത്ത സമ്മേളനം നടത്തിയപ്പോൾ കോൺഗ്രസ് വിട്ടുനിന്നതും അതുകൊണ്ട് തന്നെ.  മഹാരാഷ്ട്രയിൽ കോൺഗ്രസ് അധികാരത്തിൽ നിന്ന് പുറത്തായിട്ട് വർഷം അഞ്ചു കഴിഞ്ഞു. കഴിഞ്ഞ തവണ നേടിയ സീറ്റുകളെക്കാൾ കൂടുതൽ ഇത്തവണ നേടുകയും ചെയ്തു. സർക്കാർ രൂപീകരിക്കാൻ സഹായം അഭ്യർത്ഥിച്ച് എൻസിപിയേയും ശിവസേനയേയും പിന്നാലെ നടത്തിക്കുയും ചെയ്തു. സർക്കാർ രൂപീകരിക്കാൻ സാധിച്ചതുമില്ല, ശിവസേനയ്ക്ക് പിന്തുണ നൽകിയെന്ന പഴികേൾക്കേണ്ടിയും വന്നു. ഇതാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ പ്രതിസന്ധി. വർഗീയ പാർട്ടികളുമായി ഒരിക്കലും കൈകോർക്കാത്ത പാർട്ടിയെന്ന് ഇനി കോൺഗ്രസിന്  വീമ്പു പറയാൻ സാധിക്കില്ല.  കോൺഗ്രസിനെ പുറത്ത് നിറുത്താൻ ബിജെപിക്കൊപ്പം വി.പി.സിങ് സർക്കാരിനെ സിപിഎം പിന്തുണച്ചത് ചൂണ്ടികാട്ടി ഇനി അവരെ കടന്നാക്രമിക്കാനും സാധിക്കില്ല. ഒരുകാലത്ത് ബിജെപിയെക്കാൾ വർഗീയവിഷം ചീറ്റിയിരുന്നു ശിവസേന.


    എൻസിപിയുടെ ഭാവി


    എൻസിപി അധ്യക്ഷൻ ശരത് പവാറിന്റെ അന്തരവനാണ് പിന്നിൽ നിന്ന് കുത്തിയ അജിത് പവാർ. അമ്മാവനും അന്തരവനും എതിരെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിന് കേസുണ്ട്. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് എൻഫോഴ്മെന്റ് ചില നടപടികളും സ്വീകരിച്ചിരുന്നു. അനാരോഗ്യം അവഗണിച്ചും ശരത് പവാർ ഈ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ തലങ്ങും വിലങ്ങും ഓടിനടന്ന് പ്രചാരണം നടത്തിയതിന്‍റെയും  ശിവസേനയെ കൂട്ടുപിടിച്ച് സർക്കാരുണ്ടാക്കാൻ സോണിയഗാന്ധിയെ അനുനയിപ്പിച്ചതിന്റെയും കാരണം മറ്റോന്നല്ല. ശരത് പവാർ രാഷ്ട്രീയമായി ബിജെപിയെ നേരിടാൻ തീരുമാനിച്ചപ്പോൾ അജിത് പവാർ പിൻവാതിലിലൂടെ അതിന് ശ്രമിച്ചു. ഇതാണ് മഹാരാഷ്ട്രയിൽ നടന്നത്. പക്ഷെ ബിജെപിയെ പോലെ  ശരത് പവാർ എന്ന രാഷ്ട്രീയ നേതാവിനെ മനസിലാക്കുന്നതിൽ മരുമകൻ പരാജയപ്പെട്ടു. ആകെ താളം തെറ്റിയിട്ടും ശരത് പവാർ കുലുങ്ങിയില്ല. ദേവേന്ദ്ര ഫട്നാവിസിന്റെ സത്യപ്രതിജ്ഞ കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ശരത് പവാർ വാർത്തസമ്മേളനം നടത്തി. വെറും വാക്കു പറയാനോ അവകാശവാദങ്ങളുന്നയിക്കാനോ ആയിരുന്നില്ല ആ വാർത്തസമ്മേളനം. കൂട്ടം തെറ്റിപ്പോയ മൂന്ന് എംഎൽഎമാരെ തിരികെ പിടിച്ച് എന്താണ് നടന്നതെന്ന് വിശദീകരിക്കാനായിരുന്നു ആ വാർത്തസമ്മേളനം. പുതിയ സർക്കാർ നിലവിൽ വന്നു എന്ന് കേട്ട് എല്ലാം അവസാനിച്ചെന്നമട്ടിൽ മഹാരാഷ്ട്രയുടെ ഇപ്പോഴത്തെ ഗർജ്ജിക്കുന്ന സിംഹം ശിവസേന നേതാവ് ഉദ്ദവ് താക്കറെ വാർത്തസമ്മേളനത്തിൽ വാലും ചുരുട്ടി ഇരുന്നപ്പോൾ ശരത് പവാർ കത്തികയറി. അനന്തരഫലം ആകെ കിട്ടിയ ഒൻപത് എൻസിപി എംഎൽഎമാരേയും കൊണ്ട് അജിത് പവാറിന് ഡെൽഹിക്ക് പറക്കേണ്ടി വന്നു. പവാറിനെ മെരുക്കാൻ ബിജെപിക്കും  സർക്കാർ സംവിധാനങ്ങൾക്കും കഴിഞ്ഞില്ലെങ്കിൽ ദേവേന്ദ്ര ഫ്ടനാവിസിന് സഭയിൽ പരാജയം ഉറപ്പ്. ഇതാണ് ഇപ്പോൾ മഹാരാഷ്ട്രയിലെ നേതാക്കൾ പരസ്പരം പറയുന്ന രാഷ്ട്രീയ രഹസ്യം.


    നാണംകെട്ടും അധികാരം നേടി ബിജെപി


    സർക്കാരുണ്ടാക്കാന്‍ കഴിഞ്ഞെങ്കിലും  നാണക്കേട് മറയ്ക്കാൻ പാടുപെടുകയാണ് ബിജെപി. ശിവസേനയുമായി സഖ്യത്തിലാണ് മത്സരിച്ചതെങ്കിലും  ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം എന്നതായിരുന്നു ബിജെപിയുടെ ലക്ഷ്യം. ആ കണക്കുകൾ ആകെ പിഴച്ചെങ്കിലും ഒടുവിൽ സർക്കാരുണ്ടാക്കാൻ കഴിഞ്ഞു. അതിന് പക്ഷെ കാളചന്തയിലെന്ന പോലെ കൈയ്യിൽ തൂവാലയിട്ട് മറച്ച് വില പേശേണ്ടി വന്നു. എൻസിപി നേതാവ് ശരത് പവാറിനെ വെല്ലുവിളിച്ചാണ് ബിജെപി തിരഞ്ഞെടുപ്പിന് ഇറങ്ങിയത്.   പക്ഷെ ഒടുവിൽ അതേ എൻസിപിയിലെ ചിലരെ ചാക്കിട്ട് പിടിച്ച് നാണംകെട്ട  സർക്കാരുണ്ടാക്കി. എത്രനാൾ ഈ സർക്കാർ തുടരുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മുഖ്യമന്ത്രിക്കോ  അതിന് കളമൊരുക്കിയവർക്കോ പ്രവചിക്കാൻ കഴിയാത്ത അവസ്ഥ.  നരേന്ദ്രമോദിക്ക് പകരക്കാരനെന്ന് വരെ പാർട്ടിയിലെ ചിലർ വിശേഷിപ്പിച്ച നേതാവാണ് ദേവേന്ദ്ര ഫട്നാവിസ്.  ആ ഫട്നാവിസിനെയാണ്  ഈ കള്ളക്കളിയിലൂടെ ബിജെപി അധികാരത്തിലെത്തിച്ചിരിക്കുന്നത് എന്നതും മറക്കരുത്.  മഹാരാഷ്ട്രയിലെ  ഈ അധികാരം  കേന്ദ്ര സർക്കാരിൻറെ  കൈയ്യൂക്കിന്റെ മാത്രം ബലത്തിൽ ബിജെപി നേടിയാണ്.  അത്  മറയ്ക്കാൻ ശ്രമിച്ചാലും അവർക്ക് സാധിക്കുന്ന കാര്യവുമല്ല.


    വീണ്ടും തോറ്റ് കോൺഗ്രസ്.


    അർധരാത്രിയുള്ള അട്ടമറികളും ആലോചനകളും  ഒരു കാലത്ത് കോൺഗ്രസിന്റെ രാഷ്ട്രീയമായിരുന്നു.  ഇന്ന് പകൽ വെളിച്ചത്തിൽ പോലും രാഷ്ട്രീയം തിരിച്ചറിയാൻ കോൺഗ്രസിന് കഴിയുന്നില്ല. അതാണ്  മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം വ്യക്തമാക്കുന്നത്.  ബിജെപി ഈ പാതിരാ  നാടകം കളിച്ചില്ലായിരുന്നെങ്കിൽ ഇപ്പോൾ ശിവസേനയ്ക്ക് സർക്കാരുണ്ടാക്കാനുള്ള പിന്തുണകത്ത് കോൺഗ്രസ് ഗവർണർക്ക് നൽകിയിട്ടുണ്ടാകുമായിരുന്നു. കാര്യങ്ങൾ അവതാളത്തിലായതോടെ  ബിജെപിയെ പഴിപറഞ്ഞ് കോൺഗ്രസ് ഓടി ഒളിച്ചു. എന്തിനാണ് ഈ പഴിപറച്ചിൽ. കോൺഗ്രസ് ശരിക്കും ആഗ്രഹിച്ചിരുന്നെങ്കിൽ എത്രയോ മുമ്പ് മഹാരാഷ്ട്രയിൽ പുതിയ സർക്കാരുണ്ടാകുമായിരുന്നു.   ഈ മാസം 12ന് ശിവസേന നേതാക്കൾ ഗവർണറെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചത് കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കിയ ശേഷം തന്നെയായിരുന്നു. എൻസിപിയായിരുന്നു ഇതിന് പാലമിട്ടത്. പക്ഷെ പിന്തുണ കത്ത് നൽകാതെ അവസാന നിമിഷം കോൺഗ്രസ് ആ ശ്രമം അട്ടിമറിച്ചു. സോണിയഗാന്ധിക്ക് കൂടുതൽ ചർച്ച നടത്തണമെന്നതായിരുന്നു കാരണമായി പറഞ്ഞത്. സോണിയഗാന്ധിക്ക് കൂടുതൽ ചർച്ച നടത്തേണ്ടി വന്നതോ എ.കെ.ആന്റണി, മല്ലികാർജ്ജുന ഖർഗെ തുടങ്ങിയ നേതാക്കൾ ശിവസേനയുമായി കൈകോർക്കുന്നതിനെ എതിർത്തത് കൊണ്ടും. മഹാരാഷ്ട്രയിലും രാജ്യത്തും നിലനിൽക്കുന്ന രാഷ്ട്രീയം മനസിലാക്കാതേയോ  മറന്നോ ഉള്ള തീരുമാനമായിരുന്നു അത്..


    ഒരു മുഴം മുന്നിലോടി ബിജെപി


     ശിവസേനയുമായി കൈകോർക്കുന്നതിന് ന്യായീകരണം കണ്ടെത്താനായിരുന്നു ഈ ദിവസങ്ങളിലെല്ലാം കോൺഗ്രസിന്റെ ശ്രമം. ബിജെപിയെ അകറ്റിനിറുത്താൻ മറ്റ് വഴികളില്ലെന്ന് വരുത്തി തീർത്തായിരുന്നു ഒടുവിൽ പരസ്യമായി സഖ്യത്തിന് സമ്മതംമൂളിയത്.  ബംഗാളിൽ കോൺഗ്രസുമായി കൈകോർക്കാൻ സിപിഎം നടത്തിയതിനെക്കാൾ വലിയ ആലോചനകൾ ഇക്കാര്യത്തിൽ  നടത്തിയെന്ന് വരുത്തിതീർക്കുകയും ചെയ്തു കോൺഗ്രസ് നേതൃത്വം. പക്ഷെ പത്ത് ജനപഥത്തിൽ നടന്ന എല്ലാ കൂട്ടികിഴിക്കലുകളേയും ഒരു രാത്രി കൊണ്ട് ബിജെപി തകിടം മറിച്ചു.  ശിവസേനയ്ക്ക് പരസ്യമായി കോൺഗ്രസ് പിന്തുണ പ്രഖ്യാപിക്കുന്നത് കാത്തിരിക്കുയായിരുന്നു ബിജെപി. അധികാരത്തിനായി  ആരുമായും  കൂട്ടുകൂടാൻ കോൺഗ്രസ് മടിക്കില്ലെന്ന് വരുത്തിതീർക്കാൻ ഇതിലൂടെ ബിജെപിക്ക് കഴിഞ്ഞു.  തിരഞ്ഞെടുപ്പിന് മുമ്പുണ്ടായിരുന്ന സഖ്യം ശിവസേന ഉപേക്ഷിച്ചത് എങ്ങനെയും മുഖ്യമന്ത്രിസ്ഥാനം കൈവശപ്പെടുത്താനാണെന്ന് വരുത്തിതീർക്കാനും ഈ കാത്തിരിപ്പിലൂടെ അവർക്കായി. ഇനി കോൺഗ്രസിന് പ്രാർത്ഥിക്കാൻ ഒരു കാരണം മാത്രമേ മഹാരാഷ്ട്രയിൽ ബാക്കിയുള്ളു.  റിസോർട്ടിലേക്ക് മാറ്റിയെങ്കിലും ചാടി പോകാൻ സ്വന്തം എംഎൽഎമാരിൽ ആർക്കും തോന്നരുതേയെന്നതാകണം ആ പ്രാർത്ഥന. കാരണം എണ്ണം തികയ്ക്കാൻ ബിജെപി ആദ്യം പിളർത്തുക കോൺഗ്രസിനെ തന്നെയാകും. സംസ്ഥാനം ഏതായാലും എളുപ്പം  അതുതന്നെ. ​





    First published: