• HOME
 • »
 • NEWS
 • »
 • india
 • »
 • വോട്ടിന് സമ്മാനം നൽകുന്ന രാഷ്ട്രീയക്കാർ എന്തുകൊണ്ട് സാനിറ്ററിപാഡ് നൽകുന്നില്ല? ഐഎഎസ് ഉദ്യോഗസ്ഥയോട് വിദ്യാർത്ഥിനി

വോട്ടിന് സമ്മാനം നൽകുന്ന രാഷ്ട്രീയക്കാർ എന്തുകൊണ്ട് സാനിറ്ററിപാഡ് നൽകുന്നില്ല? ഐഎഎസ് ഉദ്യോഗസ്ഥയോട് വിദ്യാർത്ഥിനി

വിദ്യാർത്ഥിനിയുടെ ചോദ്യത്തിന് വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഹർജോത് കൗർ ഭമ്ര നൽകിയ മറുപടി വിവാദമായി.

 • Last Updated :
 • Share this:
  സാനിറ്ററി പാഡുകൾ (Sanitary Pad) വില കുറച്ച് നൽകണമെന്ന് പറഞ്ഞ പെൺകുട്ടിയോട് രൂക്ഷ പ്രതികരണവുമായി ഐഎഎസ് ഉദ്യോഗസ്ഥ."ജനങ്ങളുടെ വോട്ടിനുവേണ്ടി രാഷ്ട്രീയക്കാർക്ക് സമ്മാനങ്ങൾക്കും സൗജന്യങ്ങൾക്കും വേണ്ടി ലക്ഷങ്ങളും കോടികളും ചെലവഴിക്കാൻ കഴിയുമെങ്കിൽ, എന്തുകൊണ്ട് സാനിറ്ററി നാപ്കിൻ പോലുള്ള അവശ്യവസ്തു സൗജന്യമായി നൽകിക്കൂടാ. " ബീഹാറിൽ ഒരു സംവാദ പരിപാടിക്കിടയിൽ റിയ എന്ന വിദ്യാർത്ഥി ചോദിച്ച ചോദ്യമായിരുന്നു ഇത്. എന്നാൽ ഈ ചോദ്യത്തിന് വനിതാ ഐഎഎസ് ഉദ്യോഗസ്ഥ ഹർജോത് കൗർ ഭമ്ര (Harjot Kaur Bhamra) നൽകിയ മറുപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. സാനിറ്ററി നാപ്കിനുകള്‍ വിലകുറച്ച്‌ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച വിദ്യാര്‍ത്ഥിയോട് വളരെ മോശം പ്രതികരണമാണ് ഉദ്യോഗസ്ഥ നടത്തിയത്.

  ''നാളെ നിങ്ങള്‍ സര്‍ക്കാര്‍ ജീന്‍സ് നല്‍കണമെന്ന് പറയും, അതുകഴിഞ്ഞ് ഷൂസ് നല്‍കണമെന്ന് വഴിയെ സര്‍ക്കാര്‍ കുടുംബാസൂത്രണത്തിനുള്ള ഉപാധി, അതായത് കോണ്ടവും നല്‍കണമെന്ന് നിങ്ങള്‍ പറയും''-ഇതായിരുന്നു ഐഎഎസ് ഉദ്യോഗസ്ഥയായ ഹര്‍ജോത് കൗര്‍ ഭമ്രയുടെ പ്രതികരണം. ഈ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. സംവാദത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ ആണ് ഈ വിഷയം വന്‍ വിവാദമായത് .

  “ഞങ്ങൾ ഞങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അവിടെ പോയിരുന്നു. സാനിറ്ററി പാഡുകളെക്കുറിച്ച് ഞങ്ങൾക്ക് ഒന്നും അറിയില്ലായിരുന്നു.പക്ഷേ അതിന്റെ ഗുണങ്ങളെക്കുറിച്ച് അറിഞ്ഞപ്പോൾ ഞങ്ങൾ അവ ഉപയോഗിക്കാൻ തുടങ്ങി. ഞങ്ങൾ ചേരികളിൽ നിന്നുള്ളവരാണ്. സാനിറ്ററി പാഡുകൾ വാങ്ങാൻ കഴിയാത്ത ആയിരക്കണക്കിന് പെൺകുട്ടികളുണ്ട്. സർക്കാർ ഇതിനകം തന്നെ ധാരാളം സബ്‌സിഡികൾ, സ്കോളർഷിപ്പുകൾ മുതലായവ നൽകുന്നുണ്ട്. അതിനാൽ ഇത് സ്കൂളുകളിലെങ്കിലും സൗജന്യമാക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം ” റിയ പറഞ്ഞു.

  ദേശീയ കുടുംബാരോഗ്യ സർവേ (NFHS-5) യുടെ കണക്കുകൾപ്രകാരം ബിഹാറിൽ 59% സ്ത്രീകൾ മാത്രമാണ് ആർത്തവ ശുചിത്വത്തിന്റെ ഭാഗമായി സാനിറ്ററി പാഡ് ഉപയോഗിക്കുന്നത്. ആർത്തവ ശുചിത്വ സൗകര്യങ്ങളുടെ ലഭ്യതക്കുറവ് കാരണം ആർത്തവം ആരംഭിച്ചതിന് ശേഷം ഇന്ത്യയിലെ ഏകദേശം 23 ദശലക്ഷം പെൺകുട്ടികൾ പ്രതിവർഷം സ്‌കൂളിൽ പോകാതിരിക്കുന്നു.

  also read : അനുവദിച്ചത് 14 കോടി; 56 കോടി ആവശ്യപ്പെട്ടുള്ള കത്ത് ജെഎൻയുവിൽ നിന്ന് ലഭിച്ചിട്ടില്ലെന്ന് യുജിസി

  അതേസമയം വിവാദത്തിലായിരിക്കുന്ന ഈ ഉദ്യോഗസ്ഥ മുൻ ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയായി പ്രവർത്തിച്ച ആളാണ്. “ ഈ ചിന്ത വിഡ്ഢിത്തമാണ്. അങ്ങനെയെങ്കില്‍ വോട്ട് ചെയ്യരുത്. പാകിസ്താനാവുകയാണോ ഉദ്ദേശ്യം? നിങ്ങള്‍ പണത്തിനും സൗകര്യത്തിനും വേണ്ടി വോട്ട് ചെയ്യുമോ? എന്നാണ് വീഡിയോയിൽ ഉദ്യോഗസ്ഥ റിയയോട് ചോദിച്ചത്.

  എന്നാല്‍ താന്‍ ഇന്ത്യക്കാരിയാണെന്നും എന്തിനാണ് പാകിസ്താനിയാവുന്നതെന്നും ആയിരുന്നു ഐഎഎസ് ഉദ്യോഗസ്ഥയുടെ പ്രതികരണത്തിന് പെൺകുട്ടിയുടെ മറുപടി. "രാഷ്ട്രീയക്കാർ വന്ന് വോട്ട് ചോദിക്കുന്നുണ്ട്. അവർ ലക്ഷക്കണക്കിന് സമ്മാനങ്ങളും പണവും വിതരണം ചെയ്യുന്നുമുണ്ട്. പിന്നെ എന്തുകൊണ്ട് ഇത്രയും കുറഞ്ഞ വിലയുള്ള അവശ്യവസ്തു സൗജന്യമായി നൽകിക്കൂടാ? വോട്ട് ചെയ്യുന്നവർക്ക് മാത്രമാണോ ആവശ്യങ്ങൾ നിറവേറ്റപ്പെടുക? വോട്ട് ചെയ്യാൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ കാര്യമോ? അവരുടെ പ്രശ്‌നങ്ങളും ആവശ്യങ്ങളും കേൾക്കാതിരിക്കുമോ?" ഇതായിരുന്നു പെൺകുട്ടിയുടെ മറുചോദ്യം.

  അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥയുടെ പരാമർശത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ വിശദീകരണം നല്‍കാൻ നിർദേശിച്ചിരിക്കുകയാണ് ദേശീയ വനിതാ കമ്മീഷന്‍. 20-30 രൂപയ്ക്ക് സാനിറ്ററി പാഡുകൾ നൽകാമോയെന്നും റിയ ചോദിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ഉദ്യോഗസ്ഥയുടെ കയർത്തുള്ള പ്രതികരണം." 20-30 രൂപയെക്കുറിച്ച് ഇത്രയധികം ചർച്ചകൾ നടക്കുന്നുണ്ടെങ്കിൽ, വിവാഹങ്ങൾ, സ്കോളർഷിപ്പുകൾ, ബേട്ടി പഠാവോ യോജന എന്നിവയിൽ കോടികൾ ചെലവഴിക്കുന്ന എല്ലാത്തരം യോജനകളും (സ്കീമുകൾ) സർക്കാർ പിൻവലിക്കണം. ഇവിടെ ജനസംഖ്യ കൂടുതലാണ്, അതിനാൽ ആളുകൾക്ക് സാനിറ്ററി പാഡുകൾക്കായി കൂടുതൽ പണം ചെലവഴിക്കുന്നത് വളരെ ബുദ്ധിമുട്ടാകും, ”എന്നാണ് പെൺകുട്ടി വെളിപ്പെടുത്തിയത്.

  കൂടാതെ തന്റെ പരാമർശം വിവാദമായതോടെ ഐഎഎസ് ഓഫീസര്‍ ഹര്‍ജോത് കൗര്‍ ബംമ്ര ഖേദ പ്രകടനവും നടത്തിയിരുന്നു. തന്റെ പ്രസ്താവന ആരെയെങ്കിലും വിഷമിപ്പിച്ചെങ്കില്‍ അതില്‍ മാപ്പ് ചോദിക്കുന്നുവെന്നാണ് അവർ പറഞ്ഞത്. കൂടാതെ ആരുടെയും വികാരം വ്രണപ്പെടുത്തുകയായിരുന്നില്ല തന്റെ ലക്ഷ്യമെന്നും ഭമ്ര വ്യക്തമാക്കി. “ആ പെൺകുട്ടിയുടെയോ രാജ്യത്തെ മറ്റേതെങ്കിലും പെൺകുട്ടിയുടെയോ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടിട്ടുണ്ടെങ്കിൽ, അതിൽ ഞാൻ ഖേദം പ്രകടിപ്പിക്കുന്നു, കൂടാതെ , വനിതാ ശിശു വികസന കോർപ്പറേഷന്റെ സിഎംഡി എന്ന നിലയിൽ, എന്റെ വാക്കുകൾ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു," ഭമ്ര കൂട്ടിച്ചേർത്തു. ഈ വിഷയത്തെ തുടർന്നുള്ള മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
  Published by:Amal Surendran
  First published: