• HOME
  • »
  • NEWS
  • »
  • india
  • »
  • 'അബുദാബിയിലെ ഹോട്ടലിന്റെ മറവിൽ Popular Front കള്ളപ്പണം വെളുപ്പിച്ചു': ഇഡി കുറ്റപത്രം

'അബുദാബിയിലെ ഹോട്ടലിന്റെ മറവിൽ Popular Front കള്ളപ്പണം വെളുപ്പിച്ചു': ഇഡി കുറ്റപത്രം

പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൾ റസാഖ് ബി പി എന്ന അബ്ദുൾ റസാഖ് പീടിയക്കൽ, അഷറഫ് ഖാദിർ എന്ന അഷ്‌റഫ് എംകെ എന്നിവർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു

  • Share this:
    ന്യൂഡൽഹി: യു എ ഇ ആസ്ഥാനമായുള്ള ഒരു ഹോട്ടൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചുവെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കള്ളപ്പണം വെളുപ്പിലുമായി ബന്ധപ്പെട്ട അറസ്റ്റിലായ പിഎഫ്ഐ അംഗങ്ങൾക്കെതിരെ സമർപ്പിച്ച പുതിയ കുറ്റപത്രത്തിലാണ് ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. പോപ്പുലർ ഫ്രണ്ട് നേതാക്കളായ അബ്ദുൾ റസാഖ് ബി പി എന്ന അബ്ദുൾ റസാഖ് പീടിയക്കൽ, അഷറഫ് ഖാദിർ എന്ന അഷ്‌റഫ് എംകെ എന്നിവർക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസി ലഖ്‌നൗവിലെ പ്രത്യേക കോടതിയിൽ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഇരുവരും അറസ്റ്റിലായത്.

    22 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കൽ ഇടപാട് കണ്ടെത്തിയെന്ന് ചൂണ്ടിക്കാട്ടുന്ന കുറ്റപത്രം കോടതി സ്വീകരിച്ചതായി ഇഡി പ്രസ്താവനയിൽ പറഞ്ഞു. പിഎഫ്‌ഐ കേരള സംസ്ഥാന എക്‌സിക്യൂട്ടീവ് കൗൺസിൽ അംഗമായ അഷ്‌റഫ് എംകെയ്ക്ക് സംഘടനയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഫണ്ടിംഗിൽ പങ്കുണ്ടെന്ന് ഇഡി ആരോപിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.

    ''പിഎഫ്ഐയുടെ കള്ളപ്പണം വെളുപ്പിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന അബുദാബിയിലെ ദർബാർ റസ്റ്റോറന്റിന്റെ ഉടമയായിരുന്നു അദ്ദേഹം (അഷ്റഫ്). എന്നിരുന്നാലും, റസ്റ്റോറന്റ് വഴിയുള്ള കുറ്റകൃത്യങ്ങളുടെ വരുമാനം ഒളിച്ചുവെക്കാൻ, ദർബാർ റെസ്റ്റോറന്റിന്റെ ഉടമസ്ഥാവകാശം സർക്കാർ അധികാരികളോട് അദ്ദേഹം വെളിപ്പെടുത്തിയില്ല, ”- ഏജൻസി ആരോപിച്ചു.

    Also Read- നടൻ മോഹൻലാലിന് ED നോട്ടീസ് അയച്ചു; മോൺസൺ മാവുങ്കല്‍ കേസിൽ ചോദ്യം ചെയ്യാൻ ഹാജരാകണം

    ഈ റസ്റ്റോറന്റ് വഴി പിഎഫ്‌ഐയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും കള്ളപ്പണം വെളുപ്പിക്കൽ പ്രവർത്തനങ്ങൾ നടത്തുന്നതിൽ അബ്ദുൾ റസാഖ് ബിപിക്കും പങ്കുണ്ടെന്ന് ഏജൻസി പറയുന്നു.

    ദർബാർ റസ്‌റ്റോറന്റിന്റെ നടത്തിപ്പുകാരനായ സഹോദരനിൽ നിന്ന് 48 ലക്ഷം രൂപയാണ് അഷ്‌റഫ് കൈപ്പറ്റിയത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മറ്റൊരു കമ്പനിയായ ടമർ ഇന്ത്യ സ്‌പൈസസ് പ്രൈവറ്റ് ലിമിറ്റഡും കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിച്ചുവെന്ന് ഇഡി പറയുന്നു.

    പിഎഫ്‌ഐ എറണാകുളം ജില്ലാ മുൻ പ്രസിഡന്റ് കൂടിയായ അഷ്‌റഫിനെ 2010ൽ പ്രൊഫസർ ജോസഫിന്റെ കൈ വെട്ടിയ കേസിലും എൻഐഎ പ്രതി ചേർത്തിരുന്നു.

    സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (SDPI), അതിന്റെ വിദ്യാർത്ഥി വിഭാഗമായ സിഎഫ്ഐ (കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ) തുടങ്ങിയ പിഎഫ്ഐയുടെ അനുബന്ധ സംഘടനകളുടെ പ്രവർത്തനങ്ങളിലും അഷ്റഫ് സജീവമായി പങ്കെടുത്തിരുന്നുവെന്ന് ഇഡി ചൂണ്ടിക്കാട്ടുന്നു.

    പിഎഫ്‌ഐയിലും അതിന്റെ അനുബന്ധ സംഘടനകളിലും ദീർഘകാലമായി അംഗമായിരുന്ന അബ്ദുൾ റസാഖ് ബിപിയ്‌ക്കെതിരായ അന്വേഷണത്തിൽ, ഗൾഫ് രാജ്യങ്ങളിലെ അത്തരം സംഘടനകളെ പ്രതിനിധീകരിക്കുന്ന ഒരു പ്രധാന വ്യക്തി അദ്ദേഹം ആണെന്നും പിഎഫ്‌ഐയുടെ ഫണ്ട് ശേഖരണ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുകയും നിർണായക പങ്ക് വഹിക്കുകയും ചെയ്‌തതായും കണ്ടെത്തി.

    Also Read- പോക്സോ കേസിൽ അറസ്റ്റിലായ മലപ്പുറത്തെ വിരമിച്ച അധ്യാപകൻ കെ വി ശശികുമാർ റിമാൻഡിൽ

    മലപ്പുറം പെരുമ്പടപ്പിലെ പിഎഫ്‌ഐ ഡിവിഷണൽ പ്രസിഡന്റായ റസാഖ് യുഎഇയിൽ നിന്ന് പിഎഫ്‌ഐയുടെ മുന്നണി സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷനിലേക്ക് (ആർഐഎഫ്) ഏകദേശം 34 ലക്ഷം രൂപ കൈമാറിയതായി ഇ‍ഡി കുറ്റപത്രത്തിൽ പറയുന്നു.

    “അതുപോലെ, എസ്ഡിപിഐ പ്രസിഡന്റ് എം കെ ഫൈസിക്ക് അദ്ദേഹം രണ്ട് ലക്ഷം രൂപ കൈമാറി. വിദേശത്ത് നിന്ന് ഫണ്ട് ശേഖരണത്തിലും ഇയാൾ ഏർപ്പെട്ടിട്ടുണ്ടെന്നും നിയമവിരുദ്ധ മാർഗങ്ങളിലൂടെ ഇന്ത്യയിലേക്ക് 19 കോടി രൂപ ഇയാൾ കടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി, ”- ഇഡി പറഞ്ഞു.

    വിദേശങ്ങളിലെ ബന്ധമുള്ള അംഗങ്ങളുമായി ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം വെളുപ്പിക്കാനുള്ള ലക്ഷ്യത്തോടെ കേരളത്തിൽ മൂന്നാർ വില്ല വിസ്ത പ്രോജക്ട് (എംവിവിപി) എന്ന റെസിഡൻഷ്യൽ പ്രോജക്റ്റ് വികസിപ്പിച്ചു. വിധ്വംസക പ്രവർത്തനങ്ങൾക്ക് PFI-യ്ക്ക് ഫണ്ട് സൃഷ്ടിക്കുകയായിരുന്നു ലക്ഷ്യം. "കണക്കിൽ പെടാത്തതായ പണം വിദേശ ഫണ്ടുകളുടേയും രൂപത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം എംവിവിപിയിൽ എത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി," കുറ്റപുത്രത്തിൽ പറയുന്നു.

    അബ്ദുൾ റസാഖ് ബിപിയും അഷ്‌റഫ് എം കെയും മറ്റ് പിഎഫ്‌ഐ അംഗങ്ങളുടെ സജീവ കൂട്ടായ്മയും പങ്കാളിത്തവും ഉപയോഗിച്ച് ഇന്ത്യയിലും വിദേശത്തുമായി ഫണ്ട് സ്വരൂപിക്കുന്നതിന് 'ക്രിമിനൽ ഗൂഢാലോചന' നടത്തിയെന്നും നിയമവിരുദ്ധമായ വഴികളിലൂടെ പണം എത്തിച്ചുവെന്നും ഇഡി ആരോപിച്ചു. “പ്രസ്തുത ഫണ്ടിന്റെ ഒരു ഭാഗം എംവിവി പ്രോജക്റ്റിലും ടിഐഎസ്പിഎല്ലിലും ശേഖരിച്ചതിനാൽ, വലിയൊരു ഭാഗം പിഎഫ്‌ഐയും അതിന്റെ അനുബന്ധ സംഘടനകളും അവരുടെ നിയമവിരുദ്ധവുമായ പ്രവർത്തനങ്ങൾ നടത്താൻ ഉപയോഗിച്ചു,” ഇഡി പറയുന്നു.

    കുറ്റകൃത്യത്തിലൂടെ ലഭിച്ച വരുമാനം വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ വഴി തിരിച്ചുവിടുകയും റിഹാബ്, അഷ്‌റഫ് എംകെ, അബ്ദുൾ റസാഖ് ബിപി എന്നിവരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യുകയും MVVPL, TISPL എന്നിവയിൽ നിക്ഷേപിക്കുകയും പണമായി പിൻവലിക്കുകയും ചെയ്തു.

    പിഎഫ്ഐ അംഗം ഫിറോസ് ഖാനൊപ്പം യുപി പൊലീസിലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്ത പിഎഫ്ഐ അംഗം അൻഷാദ് ബദറുദ്ദീന് 3.5 ലക്ഷം രൂപ (2018 ഓഗസ്റ്റ് മുതൽ 2021 ജനുവരി വരെ) കൈമാറിയതുമായി ബന്ധപ്പെട്ട സമീപകാല കേസും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. ഇവരിൽ നിന്ന് സ്ഫോടകവസ്തുക്കൾ, .32 ബോർ പിസ്റ്റൾ, 7 ലൈവ് കാട്രിഡ്ജുകൾ എന്നിവയും പിടിച്ചെടുത്തു.

    കഴിഞ്ഞ വർഷം ഫെബ്രുവരി ആറിന് ഇതേ ലഖ്‌നൗ കോടതിയിൽ ഏജൻസി ഈ കേസിൽ ആദ്യ കുറ്റപത്രം സമർപ്പിച്ചിരുന്നു. വരും ദിവസങ്ങളിൽ ഇത്തരത്തിലുള്ള കൂടുതൽ കുറ്റപത്രങ്ങൾ ഏജൻസി സമർപ്പിക്കുമെന്നാണ് വിവരം.

    2006 ൽ കേരളത്തിൽ രൂപീകരിക്കപ്പെട്ടതും ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്നതുമായ പോപ്പുലർ ഫ്രണ്ട്, CAA വിരുദ്ധ പ്രതിഷേധങ്ങൾക്കും 2020ൽ ഡൽഹിയിൽ നടന്ന വർഗീയ കലാപങ്ങൾക്കും ധനസഹായം നൽകിയതിലെ പങ്ക് ഉൾപ്പെടെയുള്ള വിവിധ പ്രവർത്തനങ്ങൾ സംബന്ധിച്ച് അന്വേഷണം നേരിടുകയാണ്.
    Published by:Rajesh V
    First published: