• HOME
 • »
 • NEWS
 • »
 • india
 • »
 • Popular Front | ഇത് ഭരണകൂടത്തിന്റെ വേട്ടയാടൽ; ജനാധിപത്യപരമായി നേരിടും; അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട്

Popular Front | ഇത് ഭരണകൂടത്തിന്റെ വേട്ടയാടൽ; ജനാധിപത്യപരമായി നേരിടും; അക്കൗണ്ട് മരവിപ്പിച്ചതിനെതിരെ പോപ്പുലർ ഫ്രണ്ട്

സംഘടനയ്‌ക്കെതിരെ തുടരുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇഡിയുടെ ഏറ്റവും പുതിയ നടപടിയെന്ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ

 • Share this:
  എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് (ED)  ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടിയെ അപലപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front Of India). കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംഘടനയ്‌ക്കെതിരെ തുടരുന്ന അടിച്ചമർത്തൽ നടപടികളുടെ ഭാഗമാണ് ഇഡിയുടെ ഏറ്റവും പുതിയ ഈ നടപടിയെന്ന് ബാംഗ്ലൂരിൽ നടന്ന വാർത്താസമ്മേളനത്തിന് ശേഷം സംഘടന പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

  ജനകീയ പ്രസ്ഥാനങ്ങൾ, എൻജിഒകൾ, മനുഷ്യാവകാശ സംഘടനകൾ, പ്രതിപക്ഷ പാർട്ടികൾ, മാധ്യമങ്ങൾ തുടങ്ങി രാജ്യത്തെ ഭരണകക്ഷിയെ വിമർശിക്കുന്ന ഏതൊരു ജനാധിപത്യ സംവിധാനത്തെയും പിന്തുട‍‍ർന്ന് വേട്ടയാടുകയെന്നത് ഇഡിയുടെ രീതിയായിരിക്കുകയാണ്. കേന്ദ്ര ഭരണകൂടത്തിൻെറ ചട്ടുകമായാണ് ഈ ഏജൻസി പ്രവ‍ർത്തിക്കുന്നതെന്ന് ഒരിക്കൽ കൂടി വ്യക്തമായിരിക്കുകയാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആരോപിച്ചു.

  കഴിഞ്ഞ 13 വ‍ർഷമായി പൊതുപ്രവർത്തന രംഗത്തുള്ള ഒരു സംഘടനയെന്ന നിലയിൽ തങ്ങളുടെ അക്കൗണ്ടിലുള്ളത് സ്വാഭാവികമായി വന്ന പണം മാത്രമാണ്. രാജ്യം പ്രതിസന്ധികളെ അഭിമുഖീകരിച്ച സമയത്ത് അതിനെ പ്രതിരോധിക്കുന്നതിനടക്കം മാതൃകാപരമായി ദുരിതാശ്വാസ പ്രവ‍ർത്തനം നടത്തിയ നിക്ഷേപം ഈ അക്കൗണ്ടുകളിലുണ്ട്. ഇഡി കണ്ടെത്തിയിരിക്കുന്ന കണക്കുകൾ പ്രകാരമുള്ള തുക അത്ഭുതപ്പെടുത്തുന്നതല്ല. അക്കൗണ്ടിലേക്ക് വന്നിട്ടുള്ള ഓരോ രൂപയ്ക്കും കൃത്യമായി ഇൻകം ടാക്സ് അടച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി.

  Also Read-Popular Front പോപ്പുലർ ഫ്രണ്ടുമായി ബന്ധമുളള 23 ബാങ്ക് അക്കൗണ്ടുകൾ ED മരവിപ്പിച്ചു;കള്ളപ്പണം വെളുപ്പിച്ച കേസിൽ

  പോപ്പുലർ ഫ്രണ്ട് 120 കോടി പിരിച്ചെടുത്തതായി 2020ൽ പല മാധ്യമങ്ങളും റിപ്പോ‍ർട്ട് ചെയ്തിരുന്നു. ഇപ്പോൾ വന്നിട്ടുള്ള 60 കോടിയെന്ന കണക്ക് പഴയ വാ‍ർത്തകൾ വ്യാജമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ്. പോപ്പുല‍ർ ഫ്രണ്ടിനെ പോലെയുള്ള സംഘടനകളെക്കുറിച്ച് വ്യാജവാ‍ർത്തകൾ നൽകുന്നതിനായി ഇഡി മാധ്യമങ്ങളെ സ്വാധീനിക്കുന്നതായും സംശയിക്കേണ്ടതുണ്ട്. ആംനസ്റ്റി ഇന്റർനാഷണൽ, ഗ്രീൻ പീസ് തുടങ്ങിയ ലോകത്തിലെ സുപ്രധാന എൻജിഒകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിതും സമാനമായ രീതിയിലാണ്.

  ഇഡിയെ ഉപയോഗിച്ച് പകപോക്കുമെന്ന് ഭയന്ന് രാജ്യത്തെ പല പാർട്ടികളിലെയും അഴിമതിക്കാരായ രാഷ്ട്രീയക്കാർ ബിജെപിയിൽ ചേരുന്ന പ്രവണതയുണ്ട്. ബിജെപി നേതാക്കൾ നൂറ് കണക്കിന് കോടി രൂപയുടെ അഴിമതി നടത്തുന്നത് ഇഡിക്ക് പ്രശ്നമേയല്ല. പ്രതിപക്ഷത്തെ നിശബ്ദമാക്കാൻ ബിജെപി ഇഡിയെ ഉപയോഗിക്കുകയാണ്. ഈ സാഹചര്യത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരായ നടപടി ഒട്ടും ആശ്ചര്യപ്പെടുത്തുന്നതല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

  Also Read-MediaOne| 'രേഖകൾ മീഡിയ വണ്ണിന് കൈമാറാനാകില്ല; ദൂരവ്യാപക പ്രത്യാഘാതമുണ്ടാകും': കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ

  പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്കായി പ്രവ‍ർത്തിക്കുന്ന ജനാധിപത്യ സംഘടനയാണ് പോപ്പുല‍ർ ഫ്രണ്ട് ഓഫ് ഇന്ത്യ. ചെറുതും വലുതുമായ എല്ലാ സാമ്പത്തിക ഇടപാടുകളും സംഘടന വളരെ സുതാര്യമായാണ് നടത്തുന്നത്. സംഘപരിവാറിന്റെ വിഭജന രാഷ്ട്രീയത്തിനെതിരെ പോപ്പുലർ ഫ്രണ്ട് സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാട് കാരണമാണ് ഇത്തരത്തിലുള്ള വേട്ടയാടലുകളുണ്ടാവുന്നതെന്ന് ജനങ്ങൾക്കറിയാം. നിയമപരമായും ജനാധിപത്യപരമായും ഈ നടപടികളെ നേരിടും. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സ‍ർക്കാരിൻെറ ഏകപക്ഷീയമായ ജനാധിപത്യവിരുദ്ധമായ പ്രവ‍‍ർത്തനങ്ങൾക്കെതിരെ എല്ലാ ജനാധിപത്യ വിശ്വാസികളും ഒന്നിച്ച് നിൽക്കണമെന്ന് അഭ്യ‍ർഥിക്കുന്നതായും പോപ്പുല‍ർ ഫ്രണ്ട് ഓഫ് ഇന്ത്യ പുറത്തിറക്കിയ വാ‍ർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി അനീസ് അഹമ്മദ്, സെക്രട്ടറി മുഹമ്മദ് ഷാക്കിഫ്, കർണാടക സ്റ്റേറ്റ് സെക്രട്ടറി എ.കെ. അഷ്റഫ് എന്നിവ‍ർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
  Published by:Jayesh Krishnan
  First published: