മന്ത്രിമാർ, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, അംഗങ്ങൾ എന്നിവരുടെ ശമ്പളവും അലവൻസുകളും വർധിപ്പിക്കുന്നതിനുള്ള ബില്ലുകൾ പാസാക്കി ഡൽഹി നിയമസഭ (Delhi Assembly). നിയമ മന്ത്രി കൈലാഷ് ഗഹ്ലോട്ട് (Kailash Gahlot) ആണ് ശമ്പളവും അലവൻസുകളും 66 ശതമാനം വർദ്ധിപ്പിക്കുന്നതിനുള്ള അഞ്ച് ഭേദഗതി ബില്ലുകൾ സഭയിൽ അവതരിപ്പിച്ചത്. തിങ്കളാഴ്ച ആരംഭിച്ച രണ്ട് ദിവസത്തെ വർഷകാല സമ്മേളനത്തിനിടെയാണ് (Monsoon session) തീരുമാനമെടുത്തത്. സംസ്ഥാനത്തെ എംഎൽഎമാരുടെ ശമ്പളവും അലവൻസും പ്രതിമാസം 54,000 രൂപയിൽ നിന്ന് 90,000 രൂപയായി വർധിപ്പിക്കാൻ തീരുമാനമായെന്ന് ഉപമുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ മനീഷ് സിസോദിയ (Mansish Sisodia) അറിയിച്ചു.
പുതിയ ഭേദഗതി അനുസരിച്ച് ഡൽഹിയിലെ എംഎൽഎമാരുടെ അടിസ്ഥാന ശമ്പളം (basic salary) 30,000 രൂപയാണ്. മണ്ഡലത്തിനുള്ള അലവൻസ് (constituency allowance) 25,000 രൂപയാണ്. 15,000 രൂപയാണ് സെക്രട്ടേറിയൽ അലവൻസ് (secretarial allowance). 10,000 രൂപ ടെലിഫോൺ അലവൻസ് (telephone allowance) ആയും 10,000 രൂപ ഗതാഗത അലവൻസ് (conveyance allowance) ആയും ലഭിക്കും.
മറ്റ് സംസ്ഥാനങ്ങളിലെ എം.എൽ.എമാരുടെ ശമ്പളത്തെ അപേക്ഷിച്ച് ഡൽഹിയിലെ എം.എൽ.എമാരുടെ ശമ്പളം കുറവാണെന്ന് ആം ആദ്മി സർക്കാർ പല തവണ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാൽ കേരളമടക്കമുള്ള ചില സംസ്ഥാനങ്ങളിലെ എംഎൽഎമാർക്ക് ഡൽഹിയിലെ നിയമസഭാംഗങ്ങളേക്കാൾ കുറവ് ശമ്പളമാണ് ലഭിക്കുന്നത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നിയമസഭാംഗങ്ങൾ തെലങ്കാനയിലാണ്. പ്രതിമാസം 2,50,000 രൂപയാണ് സംസ്ഥാനത്തെ എംഎൽഎമാരുടെ വേതനം. ഈ കണക്കിൽ മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ തെലങ്കാനക്കു പിന്നിലാണ്. ഏറ്റവും കുറവ് ശമ്പളം ലഭിക്കുന്നത് കേരളത്തിലെ എംഎൽഎമാർക്കാണ്. പ്രതിമാസം 43,750 രൂപയാണ് കേരളത്തിലെ നിയമസഭാംഗങ്ങളുടെ വേതനം. ഇക്കാര്യത്തിൽ കേരളത്തിനു തൊട്ടടുത്തുള്ളത് ത്രിപുരയാണ്. പ്രതിമാസം 48,420 രൂപയാണ് ത്രിപുരയിലെ എംഎൽഎമാരുടെ ശമ്പളം. പശ്ചിമ ബംഗാളിലെ നിയമസഭാംഗങ്ങൾക്ക് പ്രതിമാസം 81,870 രൂപയാണ് ലഭിക്കുന്നത്.
കഴിഞ്ഞ വർഷം ഡൽഹി നിയമസഭാ അംഗങ്ങൾ നിയമസഭയിലെ ഒരു രഹസ്യതുരങ്കം കണ്ടെത്തിയത് വലിയ വാർത്തയായിരുന്നു. സ്പീക്കർ റാം നിവാസ് ഗോയലാണ് മാധ്യമങ്ങളോട് തുരങ്കം കണ്ടെത്തിയ വാർത്ത അറിയിച്ചത്. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിച്ചതാകാം തുരങ്കം എന്നാണ് കരുതുന്നത്. 1993ൽ താൻ എംഎൽഎ ആയിരുന്ന കാലത്ത് നിയമസഭയിൽ നിന്നും ചെങ്കോട്ട വരെ നീളുന്ന തുരങ്കത്തെ കുറിച്ച് കേട്ടിരുന്നു. ഇതിനെ കുറിച്ചുള്ള ചരിത്രത്തെ കുറിച്ച് അന്വേഷിച്ചിരുന്നെങ്കിലും വ്യക്തത ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 1912 ൽ ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേക്ക് മാറ്റിയതിന് ശേഷം സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയായി പ്രവർത്തിച്ചിരുന്നത് ഇന്നത്തെ ഡൽഹി നിയമസഭാ മന്ദിരമാണ്. 1926 ൽ ഇത് കോടതിയാക്കി മാറ്റി. ബ്രിട്ടീഷ് ഭരണകാലത്ത് സ്വാതന്ത്ര്യ സമരസേനാനികളെ കോടതിയിലേക്ക് കൊണ്ടുവന്നിരുന്നത് ഈ തുരങ്കം വഴിയാണെന്നാണ് കരുതപ്പെടുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.