പോസ്റ്റ്കാർഡുകൾ (Post Card) കണ്ടിട്ടില്ലാത്ത ഒരു തലമുറയിലെ കുട്ടികൾക്കായി, ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോട് അനുബന്ധിച്ച് പുതിയ ഒരു മത്സരവുമായാണ് ഇന്ത്യ പോസ്റ്റ് (India Post) രംഗത്തെത്തിയിരിക്കുന്നത്. രാജ്യത്തെ സ്കൂളുകളിലെയും ജൂനിയർ കോളേജുകളിലെയും വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ടുള്ള ഒരു മത്സരമാണിത്.
ഈ വർഷം ഓഗസ്റ്റിൽ ആരംഭിച്ച 'ആസാദി കാ അമൃത് മഹോത്സവ്' (Aazadi ka Amrit Mahotsav) ആഘോഷങ്ങളുടെ ഭാഗമായി, തപാൽ വകുപ്പും കമ്മ്യൂണിക്കേഷൻ മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പും ചേർന്ന് ആണ് '75 ലക്ഷം പോസ്റ്റ്കാർഡ് കാമ്പെയ്ൻ' (75 lakh Postcards Campaign) ആരംഭിച്ചിരിക്കുന്നത്.
കാമ്പെയ്നിന്റെ ഭാഗമായി 75 ലക്ഷം പോസ്റ്റ്കാർഡുകളാണ് വിദ്യാർത്ഥികളിൽ നിന്ന് പ്രതീക്ഷിക്കുന്നത്. രാജ്യവ്യാപകമായി നടക്കുന്ന ഈ മത്സരം വിദ്യാർത്ഥികൾക്ക് പോസ്റ്റ് കാർഡുകൾ എഴുതാനുള്ള അവസരം നൽകും. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ബോർഡുകളിലുടനീളം സ്കൂളുകൾ വിദ്യാർത്ഥികൾക്കായി പോസ്റ്റ്കാർഡ് മത്സരം നടത്തേണ്ടതുണ്ട്. സ്കൂളുകൾക്ക് സമീപമുള്ള പ്രാദേശിക പോസ്റ്റ് ഓഫീസുകൾ 50 പൈസയ്ക്ക് പ്രത്യേകം സ്റ്റാമ്പ് ചെയ്ത പോസ്റ്റ്കാർഡുകൾ നൽകും.
4 മുതൽ പന്ത്രണ്ടാം ക്ലാസിൽ വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ പോസ്റ്റ്കാർഡുകൾ എഴുതാം. ‘ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാളികൾ’ (The Unsung heroes of India’s freedom struggle), ‘2047ലെ ഇന്ത്യയെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് (My vision for India, 2047), ’ എന്നിവയാണ് പോസ്റ്റ്കാർഡ് എഴുത്തിന്റെ വിഷയങ്ങൾ.
ഡിസംബർ 1 മുതൽ 20 വരെ ഈ മത്സരം നടത്താനും പോസ്റ്റ് കാർഡുകൾ ഷോർട്ട്ലിസ്റ്റ് ചെയ്യാനും മികച്ച 10 പോസ്റ്റ്കാർഡ് എൻട്രികൾ അതത് ബോർഡുകളിലേക്ക് ഓൺലൈനായി അയയ്ക്കാനും സ്കൂളുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
75 മികച്ച പോസ്റ്റ്കാർഡ് എൻട്രികളിലെ വിജയികൾക്ക് അടുത്ത വർഷം ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താൻ അവസരം ലഭിക്കും.
ആസാദി കാ അമൃത് മഹോത്സവത്തിന് കീഴില്‍ എച്ച്ഐവി/എയ്ഡ്സ്, ടിബി എന്നിവയെക്കുറിച്ചുള്ള ബോധവല്‍ക്കരണ ക്യാമ്പയ്നുകളുടെ രണ്ടാം ഘട്ടത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രി ഡോ. ഭാരതി പ്രവീണ്‍ പവാര്‍ ഒക്ടോബറിൽ തുടക്കം കുറിച്ചിരുന്നു. പരിപാടിയുടെ ആദ്യ ഘട്ടത്തില്‍ ചിത്രരചന, വിപുലമായ സംവാദം, എച്ച്ഐവി/എയ്ഡ്സ്, ടിബി, രക്തദാനം എന്നിവയുടെ ബോധവല്‍ക്കരണവുമായി ബന്ധപ്പെട്ട മാസ്ക് നിര്‍മ്മാണം എന്നിങ്ങനെ ഒരാഴ്ച നീളുന്ന പരിപാടികള്‍ എല്ലാ സംസ്ഥാനങ്ങളിലെയും 25 സ്കൂളുകളിലും 25 കോളേജുകളിലും സംഘടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.