ബംഗളൂരുവിലൂടെയോ കർണാടകയുടെ മറ്റ് ഭാഗങ്ങളിലൂടെയോ ഈ അടുത്ത കാലത്ത് എപ്പോഴെങ്കിലും യാത്ര ചെയ്തിട്ടുണ്ടോ? നിയമസഭാ തിരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കുന്ന സംസ്ഥാനത്ത് രാഷ്ട്രീയക്കാരുടെയും പാർട്ടികളുടെയും പ്രചരണ പോസ്റ്ററുകൾ അവിടവിടെ അപൂർവ്വമായി ചിലപ്പോൾ നിങ്ങൾ കണ്ടേക്കും. എന്നാൽ കന്നഡയിലെ സൂപ്പർസ്റ്റാറായിരുന്ന പുനീത് രാജ്കുമാറിന്റെ പോസ്റ്ററുകൾ ചുവരുകളിലും തെരുവുകളിലും കാറുകൾക്ക് പിന്നിലും റോഡുകളിലും തുടങ്ങി സകലയിടത്തും നിറഞ്ഞിരിക്കുന്നത് നിങ്ങൾക്ക് കാണാനാകും.
ഹൃദയാഘാതം മൂലം 46-ാം വയസ്സിൽ അദ്ദേഹം മരണപെട്ടിട്ട് 18 മാസങ്ങൾ കഴിഞ്ഞെങ്കിലും ആരാധകർക്ക് ഇന്നും അദ്ദേഹം പ്രിയപ്പെട്ട ‘അപ്പു’ ആണ്. അദ്ദേഹത്തിന്റെ സ്മാരകം ഒരു നോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് ഞായറാഴ്ച ബെംഗളൂരുവിൽ ക്യൂ നിൽക്കുന്നത്. പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വൻജനാവലി പൂക്കളും ബലൂണുകളും സമർപ്പിക്കുന്നു. ‘ലവ് യു’ എന്നും ‘മിസ് യു’ എന്നും പറഞ്ഞ് അവർ കണ്ണീർ പൊഴിക്കുന്നു. വേറെ ചിലർ സെൽഫി എടുക്കുന്നു. വൈകാരികത തുളുമ്പുന്ന നിരവധി രംഗങ്ങൾക്കാണ് അവിടം സാക്ഷിയാകുന്നത്.
“അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മരണശേഷം അദ്ദേഹത്തിന്റെ കണ്ണുകൾ ദാനം ചെയ്തു. അവൻ നമ്മുടെ കണ്ണുകളിലും ഹൃദയങ്ങളിലുമാണ് ജീവിക്കുന്നത്. ഞങ്ങൾ ഇവിടെ വരുന്നത് കുറച്ച് ആശ്വാസത്തിനായാണ്,” ഒരു കൂട്ടം ചെറുപ്പക്കാർ അദ്ദേഹത്തിന്റെ ഫോട്ടോകൾ വാങ്ങുന്നതിനിടെ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പുനീത് രാജ്കുമാറിന്റെ ജ്യേഷ്ഠനായ ശിവ രാജ്കുമാറിന്റെ ഭാര്യ ഗീത ശിവ രാജ്കുമാർ കോൺഗ്രസിൽ ചേർന്നിരുന്നു. കർണാടക മുൻ മുഖ്യമന്ത്രി എസ് ബംഗാരപ്പയുടെ മകളായ ഭാര്യയ്‌ക്കൊപ്പം ശിവയും ഷിമോഗയിലെ കോൺഗ്രസ് പ്രചാരണത്തിൽ ചേരുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
“അന്തരിച്ച രാജ്കുമാറിന്റെയും മകൻ പുനീത് രാജ്കുമാറിന്റെയും ആരാധകരെ ആകർഷിക്കാനും കർണാടക കോൺഗ്രസിന് താര പരിവേഷത്തിന്റെ ശക്തി നൽകാനും ഇത് പാർട്ടിയെ സഹായിക്കുമെന്ന് ഒരു മുതിർന്ന പാർട്ടി നേതാവ് പറഞ്ഞു. ജനപ്രിയ കന്നഡ നടൻ കിച്ച സുധീപ് ബിജെപിയുടെ പ്രചാരണത്തിലേക്കെത്തുന്നതിനുള്ള മറുപടിയാണിതെന്നും സൂചനയുണ്ട്.
ആരാധകർ പറയുന്നത് ഇങ്ങനെ :
കർണാടകയുടെ ആകെ ആരാധനാപാത്രമായ ഡോ രാജ്കുമാറും അദ്ദേഹത്തിന്റെ ഇളയ മകൻ പുനീത് രാജ്കുമാറും രാഷ്ട്രീയത്തിൽ നിന്ന് അകലം പാലിച്ചവരാണ്. അത് അങ്ങനെ തന്നെ തുടരണമെന്നാണ് പുനീതിന്റെ ആരാധകർ ആഗ്രഹിക്കുന്നത്.
“യഥാർത്ഥ വോട്ടർമാർക്ക് ഇത് ഇഷ്ടപ്പെട്ടേക്കില്ല. ഇത് ബന്ധപ്പെട്ട പാർട്ടിക്കും ഗുണം ചെയ്തേക്കില്ല. സാമൂഹിക പ്രവർത്തനത്തിലൂടെ ജനങ്ങളുടെ ജീവിതത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് നന്ദിസൂചകമായാണ് ജനങ്ങൾ ‘അപ്പു’വിനെ സ്നേഹിക്കുന്നത്. അത് തിരഞ്ഞെടുപ്പിനെ ഉദ്ദേശിച്ചുള്ളതല്ല. സോഫ്റ്റ്‌വെയർ എഞ്ചിനീയറായ മകൾ സ്‌പൂർത്തി ഹല്ലൂരിനൊപ്പം ആദ്യമായി സ്മാരകം സന്ദർശിക്കുന്ന ഹൂബ്ലിയിൽ നിന്നുള്ള റിട്ടയേർഡ് ബാങ്കർ എസ്എഫ് ഹല്ലൂർ പറഞ്ഞു. “ആൾക്കൂട്ടത്തെ നോക്കൂ. ആളുകൾ പുനീതിനെ മിസ് ചെയ്യുന്നു, അതിനാൽ അവർ വരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു സന്ദർശകനായ മനോഹർ ഭൂപാൽ സ്മാരകത്തിന്റെ വൃത്തിഹീനമായ മേൽക്കൂരയിലേക്ക് വിരൽ ചൂണ്ടി പറഞ്ഞത് പ്രദേശത്തെ എംഎൽഎ ആദ്യം മേൽക്കൂര വൃത്തിയാക്കണമെന്നാണ്. പുനീതിനെയും മാതാപിതാക്കളെയും കണ്ഠീരവ സ്റ്റുഡിയോയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അവിടെ ആദരാഞ്ജലികൾ അർപ്പിക്കാൻ ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഒഴുകിയെത്തുന്നത്. ഒരു കുടുംബാംഗത്തിന്റെ മരണശേഷം അവരുടെ കണ്ണുകൾ ദാനം ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാനുള്ള രാജ്‌കുമാർ കുടുംബത്തിന്റെ തീരുമാനം അനേകർക്ക് പുതിയ ജീവിതം നൽകിയെന്നും ആരാധകർ പറയുന്നു.
പുനീതിന്റെയും മാതാപിതാക്കളുടെയും കണ്ണുകൾ ദാനം ചെയ്ത ബെംഗളൂരുവിലെ നാരായണ നേത്രാലയയിലെ ഡോ. രാജ്കുമാർ പറയുന്നത് നേത്രബാങ്കിൽ അദ്ദേഹത്തിന്റെ മരണശേഷം നേത്രദാനത്തിനുള്ള സമ്മതപത്രങ്ങളുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു എന്നാണ്. അതിനുമുമ്പുള്ള 30 വർഷത്തിൽ ആകെ 76,000 സമ്മതപത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ദക്ഷിണേന്ത്യൻ സിനിമാതാരങ്ങൾ അവരുടെ ജീവിതകാലത്ത് ആരാധനാമൂർത്തികളായി മാറുന്നതും മരണശേഷം അതിലും വലുതാകുന്നതും പുതിയ കാര്യമല്ല. പുനീതിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ അകാലത്തിലെ മരണവും ജീവിച്ചിരുന്ന കാലത്തെ ജനപ്രീതിയും അദ്ദേഹത്തെ ജനമനസ്സുകളിൽ എന്നെന്നേക്കുമായി പ്രതിഷ്ഠിച്ചു എന്ന് വേണം കരുതാൻ. എന്തായാലും ഇതൊക്കെ കർണാടകയിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ എങ്ങനെ സ്വാധീനിക്കുന്നു എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Congress, Karnataka, Puneeth Rajkumar