HOME » NEWS » India » PRAGYA SINGH THAKUR SAID THAT DRINKING COW URINE PROTECTS FROM LUNG INFECTION AND ALSO BE BENEFICIAL AGAINST CORONAVIRUS GH

ദിവസവും ഗോമൂത്രം കുടിക്കുന്നു; കോവിഡ് ബാധിക്കാത്തതിന് കാരണമായി ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂർ

ഇന്ത്യൻ പശുക്കളുടെ മൂത്രം കുടിച്ചാൽ ശ്വാസകോശത്തിലെ അണുബാധ കുറയുമെന്നും താൻ എല്ലാ ദിവസവും ഇത് കുടിക്കാറുണ്ടെന്നുമാണ് പ്രഗ്യാ സിംഗ് പറയുന്നത്

News18 Malayalam | news18-malayalam
Updated: May 17, 2021, 4:22 PM IST
ദിവസവും ഗോമൂത്രം കുടിക്കുന്നു; കോവിഡ് ബാധിക്കാത്തതിന് കാരണമായി ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂർ
File photo of Bhopal MP Pragya Singh Thakur.
  • Share this:
ഗോമൂത്രം കുടിച്ചാൽ കൊറോണ വരില്ലെന്ന് മധ്യപ്രദേശിലെ ഭോപ്പാലിൽ നിന്നുള്ള ബിജെപി എംപി പ്രഗ്യ സിംഗ് ഠാക്കൂർ. ഗോമൂത്രം കുടിക്കുന്നത് ശ്വാസകോശത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കുമെന്നും കൊറോണ വൈറസിനെതിരെ പ്രവർത്തിക്കുമെന്നുമാണ് ബിജെപി എംപി പറയുന്നത്. ഒരു സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് പ്രഗ്യാ സിംഗിന്റെ പരാമർശം. പ്രഗ്യയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുകയാണ്. പരിപാടിയിൽ പങ്കെടുക്കവേ എംപി മാസ്കും ധരിച്ചിരുന്നില്ല.

ഇന്ത്യൻ പശുക്കളുടെ മൂത്രം കുടിച്ചാൽ അത് നമ്മുടെ ശ്വാസകോശത്തിലെ അണുബാധ കുറയ്ക്കുമെന്നും താൻ എല്ലാ ദിവസവും ഇത് കുടിക്കാറുണ്ടെന്നുമാണ് വീഡിയോയിൽ പറയുന്നത്. അതുകൊണ്ടാണ് തന്നെ കൊറോണ വൈറസ് ബാധിക്കാത്തതെന്നും എംപി വ്യക്തമാക്കി.


കോവിഡ് ചികിത്സയ്‌ക്കോ പ്രതിരോധത്തിനോ പശുവിന്റെ ചാണകമോ മൂത്രമോ സഹായിക്കുന്നുവെന്ന് തെളിയിക്കാൻ ശാസ്ത്രീയ തെളിവുകളില്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ വ്യക്തമാക്കിയ സമയത്താണ് പ്രഗ്യാ സിംഗിന്റെ പ്രസ്താവന. കോവിഡിനെതിരെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ചാണകമോ മൂത്രമോ പ്രവർത്തിക്കുന്നു എന്നതിന് വ്യക്തമായ ശാസ്ത്രീയ തെളിവുകളൊന്നുമില്ല, ഇത് പൂർണമായും വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

കോവിഡ് ചികിത്സയ്ക്ക് ചാണകം മരുന്നല്ലെന്നും അത് ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാമെന്നും ഈ മാസം ആദ്യം ഡോക്ടർമാർ വ്യക്തമാക്കിയിരുന്നു. ചാണകം കോവിഡ് മരുന്നായി ഉപയോഗിക്കാമെന്നതിൽ ശാസ്ത്രീയ അടിത്തറയില്ലെന്നും മറ്റു രോഗങ്ങൾ ഉണ്ടകാൻ ഇത് ഇടയാക്കിയേക്കുമെന്നുമാണ് ഡോക്ടർമാർ നൽകിയ മുന്നറിയിപ്പ്.

You may also like:ക്വാറന്റീന് സ്ഥലം കിട്ടിയില്ല; വിദ്യാർത്ഥി പതിനൊന്ന് ദിവസം കഴിഞ്ഞത് മരക്കൊമ്പിൽ

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഗുജറാത്തിൽ ചിലർ പശുവിനെ വളർത്തുന്നയിടങ്ങളിൽ പോയി ശരീരത്തിൽ ചാണകവും ഗോമൂത്രവും തേയ്ക്കുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും മിശ്രിതം ഉണങ്ങുമ്പോൾ പാലോ തൈരോ ഉപയോഗിച്ച് കഴുകുന്നതാണ് ഈ ചികിത്സാ രീതി.

You may also like:കളിക്കളത്തിലെ ഉത്കണ്ഠ മറികടന്നത് വീഡിയോ ഗെയിം കളിച്ച് - സച്ചിന്‍

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് രൂക്ഷമായി വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പലരും ഓക്സിജൻ കിട്ടാതെയും ആവശ്യത്തിന് ചികിത്സ കിട്ടാതെയും മരിച്ചു വീഴുകയാണ്. ഇതിനിടയിലാണ് കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത് ഉന്നത രാഷ്ട്രീയ നേതാക്കൾ തന്നെ രംഗത്തെത്തിയിരിക്കുന്നത്.

ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എം എൽ എ ആയ സുരേന്ദ്ര സിംഗും ഇത്തരത്തിൽ കോവിഡ് ചികിത്സയ്ക്ക് ഗോമൂത്രം കുടിക്കുന്നത് നല്ലതാണെന്ന് പറഞ്ഞിരുന്നു. എങ്ങനെ കുടിക്കണമെന്ന് സ്വയം കാണിച്ചു തരുന്ന സുരേന്ദ്ര സിങ്ങിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

കോവിഡിനെ പ്രതിരോധിക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്ര സിങ് പറയുന്നത്. ദിവസവും 18 മണിക്കൂർ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നാണ് എം എൽ എയുടെ അവകാശവാദം. കോവിഡിനെ മാത്രമല്ല ഹൃദ്രോഗത്തെ വരെ ചെറുക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നാണ് സുരേന്ദ്രയുടെ കണ്ടെത്തൽ.
Published by: Naseeba TC
First published: May 17, 2021, 4:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories