ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. 901 പൊലീസുകാര്‍ക്കാണ് മെഡല്‍ ലഭിക്കുക. ധീരതയ്ക്കുള്ള പൊലീസ് മെഡലിന് 140 പേര് അര്‍ഹരായി. വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലിന് 93 പേരാണ് അര്‍ഹരായത്. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലിന് 668 പേർ അര്‍ഹരായി. ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ച 140 പേരില്‍ 80 പേരും തീവ്രവാദ ബാധിത പ്രദേശങ്ങളില്‍ സേവനം നടത്തിയവരാണ്.
അതില്‍ 45 ഉദ്യോഗസ്ഥര്‍ ജമ്മു കശ്മീര്‍ മേഖലയില്‍ സേവനം അനുഷ്ടിച്ചവരാണ്. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ മെഡലിന് അര്‍ഹരായവരില്‍ 48 പേര് സിആര്‍പിഎഫില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ്. 31 പേര് മഹാരാഷ്ട്രയില്‍ നിന്നുള്ളവരും 25 പേര് ജമ്മുവില്‍ നിന്നുള്ളവരുമാണ്. ജാര്‍ഖണ്ഡില്‍ നിന്ന് 9 പേരാണ് ഈ മെഡല്‍ കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍ നിന്ന് 7 പേരും, ഛത്തീസ്ഗഢില്‍ നിന്ന് 7 പേരുമാണ് ഈ മെഡല്‍ നേടിയത്.
Also read- Republic day 2023 | റിപ്പബ്ലിക് ദിന പരേഡിൽ ഇരുള നൃത്തവുമായി നഞ്ചിയമ്മയുടെ കലാസംഘം
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, എന്നിവയില്‍ ധീരതയോടെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ നല്കി വരുന്നത്. പൊലീസ് സേവനത്തിലെ വിശിഷ്ടമായ സേവനത്തിന് നല്കുന്ന മെഡലാണ് രാഷ്ട്രപതിയുടെ വിശിഷ്ട സേവ മെഡല്‍. കര്‍ത്തവ്യ ബോധത്തോടെയും അര്‍പ്പണ മനോഭാവത്തോടെയും സേനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് സ്ത്യുതര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിക്കുക.
റിപ്പബ്ലിക് ദിനവും സ്വാതന്ത്ര്യ ദിനവുമാണ് ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ദേശീയ ആഘോഷങ്ങള്‍. രാജ്യത്തുടനീളം തികഞ്ഞ ദേശസ്നേഹത്തോടയൊണ് ഈ ദിനം ആഘോഷിക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23 നാണ് റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ ആരംഭിക്കുന്നത്. രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30 നാണ് റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ അവസാനിക്കുന്നത്. ഈ വര്‍ഷം ഒരാഴ്ച നീണ്ടു നില്ക്കുന്ന ആഘോഷങ്ങള്‍ക്കാണ് രാജ്യം സാക്ഷിയാകുന്നത്.
Also read- നാളെ റിപ്പബ്ലിക് ദിനം: രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും
ആഘോഷങ്ങളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ ഷോ, മിലിട്ടറി ടാറ്റൂ, ട്രൈബല്‍ ഡാന്‍സ് ഫെസ്റ്റിവല്‍, പരേഡ്, ബീറ്റിംഗ് റിട്രീറ്റ് ചടങ്ങ് എന്നിവയും ഉള്‍പ്പെടുന്നു. 1950 ജനുവരി 26-ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന ദിനമാണ് റിപ്പബ്ലിക് ദിനം. 1949 നവംബര്‍ 26-ന് ഭരണഘടനാ അസംബ്ലി ഭരണഘടന സൃഷ്ടിക്കുകയും അംഗീകരിക്കുകയും ചെയ്തു. ആദ്യത്തെ റിപ്പബ്ലിക് ദിന പരേഡ് നടന്നത് 1950-ലാണ്. ഇര്വിന് ആംഫി തിയേറ്ററില്‍ (നിലവിലെ മേജര്‍ ധ്യാന്‍ ചന്ദ് സ്റ്റേഡിയം) വെച്ചായിരുന്നു പരേഡ്.
മൂവായിരം ഇന്ത്യന്‍ സൈനികരും നൂറിലധികം വിമാനങ്ങളും പരേഡില്‍ പങ്കെടുത്തു. ആദ്യ നാല് വര്‍ഷങ്ങളില്‍, ഈ പരേഡുകളുടെ വേദികള്‍ ഇര്വിന് സ്റ്റേഡിയം, റെഡ് ഫോര്‍ട്ട്, രാംലീല ഗ്രൗണ്ട് എന്നിവയായിരുന്നു. രാജ്പഥിലെ ആദ്യ പരേഡ് 1955-ലാണ് സംഘടിപ്പിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Republic Day, Republic day Parade