• HOME
  • »
  • NEWS
  • »
  • india
  • »
  • വനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘടനം ചെയ്തു

വനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘടനം ചെയ്തു

വനിതാ സാമാജികരുടെ ദേശീയ സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തിരുവനന്തപുരത്ത് ഉദ്ഘടനം ചെയ്തു

രാംനാഥ് കോവിന്ദ്

രാംനാഥ് കോവിന്ദ്

  • Share this:
    വനിതാ സാമാജികരുടെ ദേശീയ സമ്മേളനം (National Conference of Women Legislators) രാഷ്ട്രപതി രാംനാഥ് കോവിന്ദ്  തിരുവനന്തപുരത്ത് ഉദ്ഘടനം ചെയ്തു. തങ്ങൾക്കു മാത്രം കഴിയുന്ന വിധത്തില്‍ ഒരു മാറ്റം സൃഷ്ടിക്കാനുറച്ചിറങ്ങിയ ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട വനിതാ പ്രതിനിധികളെ അഭിസംബോധന ചെയ്ത് അദ്ദേഹം സംസാരിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിന്റെ പൂർണ്ണരൂപം ചുവടെ:

    "സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കാന്‍ രാജ്യം ഒരുങ്ങുമ്പോള്‍ വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനം നടത്തുന്നത് ഉചിതമാണ്. 'ആസാദി കാ അമൃത് മഹോത്സവ'ത്തിന് കീഴില്‍ നാം ഒരു വര്‍ഷത്തിലേറെയായി അനുസ്മരണ പരിപാടികള്‍ നടത്തുകയാണ്. വിവിധ ചടങ്ങുകളിലെ ജനങ്ങളുടെ ആവേശകരമായ പങ്കാളിത്തം, പോയകാലവുമായി ബന്ധപ്പെടാനും നമ്മുടെ റിപ്പബ്ലിക്കിന്റെ അടിത്തറ സ്വയം കണ്ടെത്താനുമുള്ള അവരുടെ അഭിനിവേശത്തെയാണു വെളിപ്പെടുത്തുന്നത്. നമ്മുടെ സ്വാതന്ത്ര്യ സമരേതിഹാസത്തില്‍ സ്ത്രീകള്‍ സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആ സാഹചര്യവും ഈ സമ്മേളനത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കുന്നു എന്നദ്ദേഹം ഊന്നിപ്പറഞ്ഞു.

    കോളനിവാഴ്ചയുടെ ചൂഷണച്ചങ്ങലകളില്‍ നിന്ന് മോചനം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് ദീര്‍ഘകാലം മുമ്പേ തുടക്കം കുറിച്ചിരുന്നു. 1857, അതിന്റെ ആദ്യകാല ആവിഷ്‌കാരങ്ങളിലൊന്നായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ പോലും, എതിര്‍ചേരിയില്‍ പുരുഷന്മാര്‍ മാത്രമുണ്ടായിരുന്നപ്പോള്‍, ഇന്ത്യയുടെ പക്ഷത്ത് ധാരാളം വനിതകള്‍ ഉള്‍പ്പെട്ടിരുന്നു. റാണി ലക്ഷ്മിഭായിയായിരുന്നു അവരില്‍ ഏറ്റവും ശ്രദ്ധേയയായത്. എന്നാല്‍ അവരെപ്പോലെ അനീതി നിറഞ്ഞ ഭരണത്തിനെതിരെ ധീരമായി പോരാടിയ നിരവധി പേര്‍ ഉണ്ടായിരുന്നു. ആ കാലഘട്ടം വിദേശ ഭരണത്തിനെതിരെ രാജ്യത്തുടനീളം നടന്ന എണ്ണമറ്റ പ്രക്ഷോഭങ്ങളാല്‍ അടയാളപ്പെടുത്തപ്പെട്ടു. അവ പ്രാദേശിക സ്വഭാവമുള്ളവയായിരുന്നു. എന്നാല്‍, അവയെല്ലാം ദേശീയ വികാരങ്ങളെ ഉണര്‍ത്തുന്നവയായിരുന്നു. സമാനമായി, അതിലെ സ്ത്രീകളുടെ സമഗ്രപങ്കാളിത്തത്താലും അവ അടയാളപ്പെടുത്തപ്പെട്ടു.

    പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ് സ്വാതന്ത്ര്യ സമരത്തിന് വ്യക്തവും ഔപചാരികവുമായ രൂപം കൈവന്നു തുടങ്ങിയത്. 1915-ല്‍ ഗാന്ധിജിയുടെ മാതൃരാജ്യത്തേക്കുള്ള തിരിച്ചുവരവ് അതിനെ ഒരു ബഹുജന പ്രസ്ഥാനമാക്കി മാറ്റി. നിസ്സഹകരണ പ്രസ്ഥാനം മുതല്‍ ക്വിറ്റ് ഇന്ത്യ വരെ അദ്ദേഹം നയിച്ച നിരവധി സത്യഗ്രഹസമരങ്ങളില്‍ സ്ത്രീകളുടെ വ്യാപകമായ പങ്കാളിത്തമുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍, ഗാന്ധിജിയുടെ അതുല്യമായ നേതൃത്വത്തിന്റെ പശ്ചാത്തലത്തില്‍, സമൂഹത്തിലെ നാനാതുറകളില്‍ നിന്നുമുള്ള സ്ത്രീകള്‍ അവരുടെ പരിമിതമായ ഗാര്‍ഹിക ഇടങ്ങളില്‍ നിന്ന് പുറത്തുവരികയും പൊതു പ്രക്ഷോഭങ്ങളില്‍ വലിയ തോതില്‍ പങ്കുചേരുകയും ചെയ്തുവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആ പ്രക്ഷോഭങ്ങളെല്ലാം ആത്യന്തികമായി വിജയിച്ചത് സ്ത്രീകളുടെ പങ്കാളിത്തം ഉള്ളതുകൊണ്ടാണെന്ന് കൂട്ടിച്ചേര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

    ആദ്യത്തെ സ്ത്രീ സത്യഗ്രഹികളില്‍ കസ്തൂര്‍ബയും ഉള്‍പ്പെട്ടിരുന്നു. അവരുടെ ജീവിതപങ്കാളിയുടെ ജീവിതത്തേക്കാളുയരത്തിലുള്ള വ്യക്തിത്വം കണക്കിലെടുക്കുമ്പോള്‍, രാഷ്ട്രത്തിനുള്ള അവരുടെ സ്വന്തം സംഭാവന അവഗണിക്കപ്പെടുകയാണ്. അവര്‍ രാഷ്ട്രപിതാവിന്റെ നല്ലപാതി എന്ന നിലയില്‍ മാത്രമല്ല, അവരുടെ ദക്ഷിണാഫ്രിക്കയിലെ ദിവസങ്ങള്‍ മുതല്‍ നിരവധി സ്ത്രീകള്‍ക്ക് പ്രചോദനമായിരുന്നു.

    മാത്രമല്ല, ചരിത്രത്തിന്റെ ഗതി മാറ്റിമറിച്ച മഹത്തായ സംഭവമായ ദണ്ഡിയിലേക്കുള്ള ഉപ്പുയാത്ര പരിശോധിക്കൂ. ഗാന്ധിജി അറസ്റ്റിലായപ്പോള്‍, ഈ പ്രസ്ഥാനത്തിന്റെ നേതൃസ്ഥാനം സരോജിനി നായിഡുവിന് കൈമാറാനാണ് അദ്ദേഹം തീരുമാനിച്ചത്. മികച്ച വാഗ്മിയും കവയിത്രിയുമായിരുന്ന നായിഡു മുന്നില്‍നിന്നു നയിക്കുകയും സന്തോഷത്തോടെ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്തു.

    അവരുടെ സഹപ്രവര്‍ത്തകയായ കമലാദേവി ചതോപാധ്യായയെ നമുക്ക് എങ്ങനെ മറക്കാന്‍ കഴിയും? തെരഞ്ഞെടുപ്പില്‍ മത്സരിച്ച ആദ്യ വനിതകളില്‍ ഒരാളാണ് അവര്‍. വര്‍ത്തമാനകാലത്ത് നിങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്ന വിളക്ക് പ്രകാശിപ്പിച്ചത് അവരാണ്.

    നമ്മുടെ ദേശീയ പ്രസ്ഥാനത്തിലെ സ്ത്രീ പങ്കാളിത്തത്തിന്റെ ഉദാഹരണങ്ങള്‍ പറഞ്ഞുതുടങ്ങിയാല്‍ പ്രചോദനമേകുന്ന നിരവധി പേരുകളാണ് ഓര്‍മ്മയില്‍ വരുന്നത്. അവയില്‍ ചിലതു മാത്രമേ ഒരാള്‍ക്കു പരാമര്‍ശിക്കാന്‍ കഴിയൂ. വനിതാ നിയമസഭാംഗങ്ങളുടെ ഈ മഹത്തായ ഈ ഒത്തുചേരലിനുമുമ്പ്, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ മാഡം ഭിക്കാജി കാമയുടെയും ക്യാപ്റ്റന്‍ ലക്ഷ്മി സെഗാളിന്റെയും അവരുടെ സഹപ്രവര്‍ത്തകരുടെയും വീരത്യാഗങ്ങളെക്കുറിച്ച് ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

    സ്വാതന്ത്ര്യത്തിന്റെ മഹത്തായ ദിനം അടുത്തുവരവെ, ഭരണഘടനാ അസംബ്ലി രാജ്യത്തിനായി ഒരു ഭരണഘടന തയ്യാറാക്കാന്‍ ഒത്തുകൂടിയപ്പോള്‍, അതില്‍ പതിനഞ്ചു സ്ത്രീകള്‍ അംഗങ്ങളായി എന്നതില്‍ നാം ഭാഗ്യമുള്ളവരാണ് - അവരില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നുള്ളവരുമായിരുന്നു. സാമൂഹ്യപരിഷ്‌കര്‍ത്താവും വിദ്യാഭ്യാസ വിദഗ്ധയുമായ ഹന്‍സാബെന്‍ ജീവരാജ് മേത്തയായിരുന്നു ഈ കൂട്ടത്തില്‍ ശ്രദ്ധേയ. സ്ത്രീശാക്തീകരണത്തിനുള്ള അവരുടെ സംഭാവന ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കപ്പുറത്തേയ്ക്കു വ്യാപിച്ചു. 1947-48 കാലഘട്ടത്തില്‍ മനുഷ്യാവകാശങ്ങളുടെ സാര്‍വത്രിക പ്രഖ്യാപനം തയ്യാറാക്കുന്ന വേളയില്‍ യുഎന്‍ മനുഷ്യാവകാശ കമ്മീഷനിലെ ഇന്ത്യയുടെ പ്രതിനിധി കൂടിയായിരുന്നു ഹന്‍സാബെന്‍. പ്രഖ്യാപനത്തിന്റെ ആദ്യ വരി 'all men are created equal' എന്നതില്‍ നിന്ന് 'all human beings are created equal'(എല്ലാ മനുഷ്യരും തുല്യരായി സൃഷ്ടിക്കപ്പെടുന്നു) എന്നതിലേക്ക് മാറ്റിയത് അവരുടെ ഇടപെടലിനെ തുടര്‍ന്നാണ്. അധിനിവേശത്തിന്റെ കാലഘട്ടത്തില്‍ നിന്ന് ഇന്ത്യ അപ്പോള്‍ ഉയിര്‍ത്തെഴുന്നേറ്റിട്ടേ ഉണ്ടായിരുന്നുള്ളൂ. എന്നിട്ടും, ലിംഗസമത്വത്തിന്റെ ആദ്യപാഠം ലോകത്തെ പഠിപ്പിച്ചത് ഒരു ഭാരതീയ വനിതയാണെന്നത് നമുക്ക് അഭിമാനിക്കാവുന്ന കാര്യമാണ്.

    എല്ലാ തരത്തിലുമുള്ള സമത്വത്തോടുള്ള ഈ അവബോധം സ്വാതന്ത്ര്യസമരത്തിലൂടെ മാത്രമേ കൈവരിക്കാന്‍ കഴിയുമായിരുന്നുള്ളൂ. പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാര്‍ക്കും, ഒരു വ്യത്യാസവും പരിഗണിക്കാതെ, സാര്‍വത്രിക സമ്മതിദാനാവകാശം വാഗ്ദാനം ചെയ്യുന്ന അപൂര്‍വ നേട്ടം, തുടക്കത്തില്‍ തന്നെ ഇന്ത്യ കൈവരിച്ചു. സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക മാത്രമല്ല, മത്സരിക്കുകയും ചെയ്തു. അവരില്‍ 24 പേര്‍ 1952-ല്‍ ആദ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അവരില്‍ സുചേത കൃപലാനിയെപ്പോലുള്ള മഹത്തായ സ്വാതന്ത്ര്യസമര സേനാനികളുമുണ്ടായിരുന്നു. മാത്രമല്ല, സ്ത്രീ ശാക്തീകരണത്തിന്റെ ആക്കവും വേഗതയും നോക്കൂ. കഷ്ടിച്ച് ഒരു ദശാബ്ദത്തിന് ശേഷം, 1963-ല്‍, അവര്‍ ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായി. അന്നത്തെ മിക്ക രാഷ്ട്രങ്ങളേക്കാളും വലുതായിരുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനത്ത്.

    ആ മഹത്തായ നേട്ടത്തിന്റെ പ്രാധാന്യത്തെ ഈ സദസ്സ് കണക്കിലെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. എങ്കിലും അത് എടുത്തുപറയേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള ആധുനിക ജനാധിപത്യ രാജ്യമായ യുണൈറ്റഡ് സ്റ്റേറ്റ്സിലെ സ്ത്രീകള്‍ക്ക് വോട്ടവകാശം നേടിയെടുക്കാന്‍ സ്വാതന്ത്ര്യം ലഭിച്ച് ഒരു നൂറ്റാണ്ടിലേറെ കാത്തിരിക്കേണ്ടി വന്നു. ബ്രിട്ടനിലെ അവരുടെ സഹോദരിമാരും ഏറെക്കാലം കാത്തിരുന്നു. അതിനുശേഷവും യൂറോപ്പിലെ സാമ്പത്തികമായി മുന്നേറിയ പല രാജ്യങ്ങളും സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, ഇന്ത്യയില്‍ പുരുഷന്മാര്‍ വോട്ട് ചെയ്യുകയും സ്ത്രീകള്‍ക്ക് വോട്ട് ചെയ്യാന്‍ കഴിയാതിരിക്കുകയും ചെയ്ത ഒരു കാലവും ഉണ്ടായിരുന്നില്ല.

    ഇത് രണ്ടു കാര്യങ്ങളാണ് എന്റെ മനസ്സിലേക്കു കൊണ്ടുവരുന്നത്. ഒന്നാമതായി, ഭരണഘടനാ ശില്‍പ്പികള്‍ക്ക് ജനാധിപത്യത്തിലും ബഹുജനങ്ങളുടെ ജ്ഞാനത്തിലും അഗാധമായ വിശ്വാസമുണ്ടായിരുന്നു. അവര്‍ ഓരോ പൗരനെയും സ്ത്രീയെന്നോ, ജാതിയിലെയോ ഗിരിവര്‍ഗങ്ങളിലെയോ അംഗമെന്നോ വേര്‍തിരിച്ചു കാണാതെ, പൗരനായിത്തന്നെ കണക്കാക്കി. മാത്രമല്ല, നമ്മുടെ പൊതുഭാഗധേയം രൂപപ്പെടുത്തുന്നതില്‍ ഓരോരുത്തര്‍ക്കും തുല്യമായ അഭിപ്രായമുണ്ടെന്ന് അവര്‍ കണക്കുകൂട്ടി. രണ്ടാമതായി, പുരാതനകാലം മുതല്‍, ഈ ഭൂമി സ്ത്രീയെയും പുരുഷനെയും തുല്യരായി കാണുന്നു - അവരൊന്നിച്ചല്ലെങ്കില്‍ തീര്‍ച്ചയായും അവര്‍ അപൂര്‍ണരാണ്. ദൈവത്തെ പകുതിപുരുഷനും പകുതിസ്ത്രീയുമായി, 'അര്‍ദ്ധ-നര -നാരീശ്വര്‍' ആയി, കാണുന്ന മറ്റൊരു സംസ്‌കാരത്തെക്കുറിച്ചും എനിക്കറിയില്ല.

    നമ്മുടെ ആദര്‍ശങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്, ഈ ഏഴ് പതിറ്റാണ്ടിനിടയില്‍ നാം കൂടുതല്‍ മുന്നോട്ട് പോകുകയും തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് അമ്പത് ശതമാനം സംവരണം നല്‍കുകയും ചെയ്തു. അതിനെ 'സ്ത്രീ ശാക്തീകരണം' എന്ന് വിളിക്കുന്നത് ഉചിതമല്ല. കാരണം സ്ത്രീകള്‍ ശക്തരാണ്. അവര്‍ 'ശക്തി'യുടെ ആവിഷ്‌കാരമാണെന്ന് നാം പറയാറില്ലേ? രാഷ്ട്രീയ പ്രക്രിയകളില്‍ അവരുടെ മികച്ച പങ്കാളിത്തം ഒരുക്കുന്നത് ഏതെങ്കിലും അര്‍ത്ഥത്തില്‍ ശാക്തീകരണമാണെങ്കില്‍, അത് മുഴുവന്‍ സമൂഹത്തിന്റെയും ശാക്തീകരണമാണ്, കാരണം നിങ്ങള്‍ എല്ലാവരും ഭരണത്തിന്റെ ഗുണമേന്മ വര്‍ധിപ്പിക്കുന്നു. പ്രധാനപ്പെട്ട വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിങ്ങള്‍ സഹായിക്കുന്നു.

    ഒന്നിനു പുറകെ ഒന്നായി വിവിധ മേഖലകളില്‍ സ്ത്രീകള്‍ നിലവിലെ പ്രതിബന്ധങ്ങള്‍ മറികടക്കുകയാണ്. സായുധസേനയിലെ അവരുടെ വര്‍ധിച്ച പങ്കാളിത്തമാണ് ഇതില്‍ ഏറ്റവും ഒടുവിലത്തേത്. 'സ്റ്റെം' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന, ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനിയറിങ്, ഗണിതശാസ്ത്രം, നിര്‍വഹണം തുടങ്ങിയ പരമ്പരാഗത പുരുഷാധിപത്യ മേഖലകളില്‍ സ്ത്രീകളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. പ്രതിസന്ധിയുടെ ആ മാസങ്ങളില്‍ രാഷ്ട്രത്തിന് കാവല്‍ നിന്ന കൊറോണ യോദ്ധാക്കളില്‍ സ്ത്രീകളാകും പുരുഷന്മാരേക്കാള്‍ കൂടുതല്‍ ഉണ്ടായിരുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തില്‍ കേരളം എല്ലായ്പ്പോഴും അതിന്റെ ന്യായമായ വിഹിതത്തേക്കാള്‍ കൂടുതല്‍ സംഭാവന ചെയ്തിട്ടുണ്ട്. ഈ പ്രതിസന്ധി ഘട്ടത്തില്‍ ഈ സംസ്ഥാനത്തെ സ്ത്രീകള്‍ നിസ്വാര്‍ത്ഥമായ പരിചരണത്തിന്റെ ഒരു മാതൃകയായി മാറി.

    ജനസംഖ്യയുടെ പകുതിയോളം വരുന്ന സ്ത്രീകള്‍ക്ക് ഇത്തരം നേട്ടങ്ങള്‍ സ്വാഭാവികമാകേണ്ടതായിരുന്നു. നിര്‍ഭാഗ്യവശാല്‍ അത് അങ്ങനെയായിരുന്നില്ല. ആഴത്തില്‍ വേരൂന്നിയ സാമൂഹിക മുന്‍വിധികള്‍ അവര്‍ അനുഭവിച്ചിട്ടുണ്ടെന്ന സത്യം നാം മനസ്സിലാക്കണം. തൊഴില്‍ ശക്തിയിലെ അവരുടെ അനുപാതം അവരുടെ കഴിവിന് അടുത്തെങ്ങുമില്ല. രാഷ്ട്രീയത്തിലുമതെ, നിങ്ങളില്‍ കൂടുതല്‍ പേര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും വിജയിക്കുകയും വേണം. ഈ ദുഃഖകരമായ അവസ്ഥ തീര്‍ച്ചയായും ലോകമെമ്പാടുമുള്ള ഒരു പ്രതിഭാസമാണ്. പല രാജ്യങ്ങള്‍ക്കും അവരുടെ ആദ്യ വനിതാ ഭരണാധികാരി ഇതുവരെ ഉണ്ടാകാതിരിക്കുമ്പോള്‍, ഇന്ത്യയ്ക്ക് കുറഞ്ഞത് ഒരു വനിതാ പ്രധാനമന്ത്രിയെങ്കിലും ഉണ്ടായിട്ടുണ്ട്. മാത്രമല്ല, രാഷ്ട്രപതിഭവനിലെ എന്റെ മുന്‍ഗാമികളിലും ഒരു വനിതയുണ്ടായിരുന്നു.

    ആഗോളസാഹചര്യത്തില്‍ ഈ വിഷയം അവതരിപ്പിക്കുന്നത്, ചിന്താഗതി മാറ്റുക എന്നതാണു നമ്മുടെ മുന്നിലുള്ള വെല്ലുവിളി എന്നു തിരിച്ചറിയാന്‍ സഹായിക്കുന്നു- ഒരിക്കലും എളുപ്പമല്ലാത്ത ഒരു ദൗത്യം. അതിന് അപാരമായ ക്ഷമയും സമയവും ആവശ്യമാണ്. സ്വാതന്ത്ര്യസമരം ഇന്ത്യയില്‍ ലിംഗസമത്വത്തിന് ശക്തമായ അടിത്തറയിട്ടുവെന്നും ഒരു മികച്ച തുടക്കമിടാന്‍ നമുക്കായെന്നും നാം ഇതിനകം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടെന്നും നമുക്ക് തീര്‍ച്ചയായും ആശ്വസിക്കാം.

    മനോഭാവം ഇതിനകം മാറിക്കൊണ്ടിരിക്കുകയാണ്. മൂന്നാം ലിംഗം, മറ്റു ലിംഗസ്വത്വങ്ങള്‍ എന്നിവയുള്‍പ്പെടെ, ലിംഗാവബോധത്തിലും അതിവേഗം പുരോഗതിയുണ്ടാകുന്നു. 'ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ' പോലുള്ള കേന്ദ്രീകൃത സംരംഭങ്ങളിലൂടെ ഈ പ്രവണതയ്ക്ക് ആക്കം കൂട്ടാന്‍ ഗവണ്‍മെന്റ് പരമാവധി ശ്രമിക്കുന്നുണ്ട്.

    സ്ത്രീകളുടെ പുരോഗതിയുടെ പാതയിലെ തടസ്സങ്ങള്‍ നീക്കുന്ന കേരള സംസ്ഥാനവും, പതിറ്റാണ്ടുകളായി ഒരുജ്ജ്വല മാതൃകയാണ്. ജനസംഖ്യയിലെ ഉയര്‍ന്ന തോതിലുള്ള സംവേദനക്ഷമതയുടെ ഫലമായി ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ സ്ത്രീകളെ അവരുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനു സഹായിക്കാന്‍ സംസ്ഥാനം പുതിയ പാതകള്‍ രൂപപ്പെടുത്തിയിട്ടുണ്ട്. നീതിപീഠത്തിന്റെ ഉന്നത പദവിയിലെത്തിയ ആദ്യ വനിതയായ ജസ്റ്റിസ് എം. ഫാത്തിമ ബീവിയെ ഇന്ത്യക്ക് സമ്മാനിച്ച നാടാണിത്. വനിതാ നിയമസഭാംഗങ്ങളുടെ ദേശീയ സമ്മേളനത്തിന് കേരളം ആതിഥേയത്വം വഹിക്കുന്നു എന്നത് ഉചിതമായ കാര്യമാണ്.

    'ആസാദി കാ അമൃത് മഹോത്സവ'ത്തിന്റെ ഭാഗമായാണ് ഈ സമ്മേളനം നടക്കുന്നത്. ചരിത്രത്തിന്റെ ഈ നിര്‍ണായകസന്ധിയില്‍, നാം തിരിഞ്ഞുനോക്കുക മാത്രമല്ല, മുന്നോട്ട് നോക്കുകയും ചെയ്യുന്നു. 2047-ലെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികത്തിനായി നാം ഇപ്പോള്‍ ഉറ്റുനോക്കുകയാണ്. അടുത്ത 25 വര്‍ഷം 'അമൃതകാല'ത്തിന്റെ ശുഭകരമായ കാലയളവായിരിക്കുമെന്നത് ഉറപ്പാണ്. അടുത്ത കാല്‍നൂറ്റാണ്ടില്‍ രാഷ്ട്രനിര്‍മ്മാണത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും സ്വാതന്ത്ര്യസമരത്തില്‍ സ്ത്രീകളുടെ പങ്കിനെക്കുറിച്ചും ഈ സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്.

    'ജനാധിപത്യത്തിന്റെ ശക്തി' എന്ന ആശയത്തിനു നാന്ദി കുറിച്ചതായി ഞാന്‍ പ്രഖ്യാപിക്കുന്നു. 'ജനാധിപത്യത്തിന്റെ ശക്തി'ക്കു കീഴിലുള്ള ഈ ആദ്യ ദേശീയ സമ്മേളനം വന്‍ വിജയമാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ സമ്മേളനം സംഘടിപ്പിച്ചതിന് കേരള നിയമസഭയെയും അതിന്റെ സെക്രട്ടറിയറ്റിനെയും ഞാന്‍ അഭിനന്ദിക്കുന്നു. എല്ലാ പ്രതിനിധികള്‍ക്കും ക്ഷണിക്കപ്പെട്ടവര്‍ക്കും ഞാന്‍ എന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു. നിങ്ങളുടെ എല്ലാ ശ്രമങ്ങളിലും വലിയ വിജയം കൈവരട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.
    Published by:user_57
    First published: