• HOME
  • »
  • NEWS
  • »
  • india
  • »
  • Yashwant Sinha | രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മത്സരം സ്വത്വങ്ങൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലാണെന്ന് യശ്വന്ത് സിൻഹ

Yashwant Sinha | രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മത്സരം സ്വത്വങ്ങൾ തമ്മിലല്ല, ആശയങ്ങൾ തമ്മിലാണെന്ന് യശ്വന്ത് സിൻഹ

റബർ സ്റ്റാമ്പുകളും നിശബ്ദമായി ഇരിക്കുന്നവരുമല്ല പ്രസിഡൻറാകേണ്ടത്,  ഭരിക്കുന്നവരോട് "നോ " പറയാൻ ധൈര്യമുള്ളവരാണ്. തനിക്ക് അതിന് ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  • Share this:
    തിരുവനന്തപുരം: സ്വത്വങ്ങൾ തമ്മിലുള്ള മത്സരമല്ല, രാഷ്ട്രപതി തെരഞ്ഞെടുപ്പെന്നും ആശയങ്ങൾ തമ്മിലാണ് മത്സരമെന്നും പ്രതിപക്ഷത്തിൻ്റെ രാഷ്ട്രപതി സ്ഥാനാർഥി യശ്വന്ത് സിൻഹ. ഗോത്രവർഗത്തിൽ നിന്നുള്ള ആദ്യ രാഷ്ട്രപതിയാകും എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു എന്ന പ്രചരണത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

    റബർ സ്റ്റാമ്പുകളും നിശബ്ദമായി ഇരിക്കുന്നവരുമല്ല പ്രസിഡൻറാകേണ്ടത്,  ഭരിക്കുന്നവരോട് "നോ " പറയാൻ ധൈര്യമുള്ളവരാണ്. തനിക്ക് അതിന് ധൈര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ക്ക് തുടക്കമിടുന്നതിനായി ഇന്നലെയാണ് അദ്ദേഹം കേരളത്തിലെത്തിയത്.

    കേന്ദ്ര സർക്കാരിന് എതിരെ രൂക്ഷ വിമർശനമാണ് സിൻഹ ഉയർത്തിയത്. ജനക്ഷേമമല്ല, എങ്ങനെയും തെരഞ്ഞെടുപ്പ് ജയിച്ച് ഭരണത്തിൽ തുടരാനാണ് അവരുടെ ശ്രമമെന്നും സിന്‍ഹ വിമര്‍ശിച്ചു. പ്രതിപക്ഷത്തിന് അവര്‍ വില കല്പിക്കുന്നില്ല. ഏറ്റുമുട്ടലിനോടാണ് ഭരണപക്ഷത്തിന് താത്പര്യം. ജനാധിപത്യം നിലനിൽക്കണമെങ്കിൽ ഇതിനെതിരേ പോരാടണം. രാജ്യത്ത് അപ്രഖ്യാപിത അടിയന്തിരാവസ്ഥയാണ്. ഇപ്പോഴത്തെ അടിയന്തിരാവസ്ഥയ്ക്ക് അടിസ്ഥാനം വർഗീയതയാണെന്നും സമൂഹത്തെ വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അതിൻ്റെ ഫലമാണ് ഇപ്പോൾ കാണുന്നതെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

    ഇങ്ങനെയല്ല ജനാധിപത്യം നടപ്പാക്കേണ്ടത്. തൻ്റെ  സ്ഥാനാർഥിത്വം പോരാട്ടത്തിൻ്റെ ഭാഗമാണെന്നും സിൻഹ പറഞ്ഞു.
    വർഷങ്ങളായുള്ള പോരാട്ടത്തിൻ്റെ ഭാഗമാണിത്. ഞാനും ബിജെപി ക്കാരനായിരുന്നു. എന്നാൽ പ്രധാനമന്ത്രിയുടെ പ്രവർത്തനത്തിലും സർക്കാരിൻ്റെ നയങ്ങളിലുള്ള വ്യത്യസ്ത അഭിപ്രായം കാരണമാണ് ബിജെപി വിട്ടത് . ആ പോരാട്ടം തുടരുകയാണ്. കേരളത്തിൽ പ്രചരണം തുടങ്ങാൻ തീരുമാനിച്ചത് ബോധ പൂർവമാണ്. ഡൽഹിയിൽ നിന്ന് ഏറെ അകലെയാണെങ്കിലും
    ഹൃദയത്തോട് ഏറെ അടുത്തു നിൽക്കുന്ന സ്ഥലമാണ് തിരുവനന്തപുരമെന്നും യശ്വന്ത് സിൻഹ പറഞ്ഞു.

    നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും വെവ്വേറെയാണ് സിൻഹ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിൽ ഭരണപക്ഷ എംഎൽഎമാർ രാഷ്ട്രപതി സ്ഥാനാർഥിയെ സ്വീകരിച്ചു. രാജ്യത്തിൻ്റെ പ്രത്യേക അന്തരീക്ഷത്തിലാണ് യശ്വന്ത് സിൻഹസംയുക്ത സ്ഥാനാർഥിയായത്.

    എല്ലാ അർഥത്തിലും രാഷ്ട്രപ്രതി സ്ഥാനത്തിന് അർഹതയുള്ളയാളാണ് സിൻഹയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിപക്ഷത്തെ 41 എം എൽ എ മാരുടെയും 19 എം പിമാരുടെയും പിന്തുണ പ്രതിപക്ഷ നേതാവ് വാഗ്ദാനം ചെയ്തു. കേരളത്തിൽ നിന്നുള്ള മുഴുവൻ വോട്ടും പ്രതിപക്ഷത്തിൻ്റെ സംയുക്ത സ്ഥാനാർഥിയായ സിൻഹയ്ക്കു ലഭിക്കും. മുൻ രാഷ്ട്രപതി പ്രണബ് കുമാർ മുഖർജിക്കും ഇത്തരത്തിൽ വോട്ട് ലഭിച്ചിരുന്നു.

    യശ്വന്ത് സിൻഹ ഇന്ത്യയുടെ രാഷ്‌ട്രപതി ആകാനായി സാധ്യമായ എല്ലാ പ്രവർത്തനവും ഇടതുപക്ഷം നടത്തുമെന്നും ഇത് സംബന്ധിച്ച വിവാദങ്ങൾ അനാവശ്യം  ആണെന്നും മന്ത്രി പി രാജീവ് പ്രതികരിച്ചു. ഭിന്നിപ്പ് ഉണ്ടാക്കുന്ന ചെറിയ പ്രതികരണങ്ങൾ ബിജെപിയെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

    ജൂലൈ 18നാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ ജൂലൈ 21ന് ആണ്. 4809 പേർക്കാണ് രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയുക. 776 എംപിമാരും 4033 എംഎൽഎമാരുമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍. ആകെ വോട്ടു മൂല്യം 10,86,431  ആണ്. വോട്ടെടുപ്പ് പാർലമെൻറ് മന്ദിരത്തിലും നിയമസഭകളിലും നടക്കും. വോട്ടെണ്ണൽ ഡല്‍ഹിയാലാണ് നടക്കുക. വോട്ടെടുപ്പിന് ശേഷം ബാലറ്റു പെട്ടികൾ വിമാനമാർഗ്ഗം ഡല്‍ഹിയില്‍ എത്തിക്കും. രാജ്യസഭ സെക്രട്ടറി ജനറൽ പി സി മോദിയാണ് വരണാധികാരി.
    Published by:Arun krishna
    First published: