ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അടക്കം 14 ഉന്നത ഉദ്യോഗസ്ഥരുടെ ഹെലികോപ്ടർ അപകടം അട്ടിമറിയല്ലെന്ന് അന്വേഷണ റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. വ്യോമസേന നിയോഗിച്ച അന്വേഷ സംഘത്തിന്‍റേതാണ് കണ്ടെത്തൽ. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് പ്രാഥമിക സൂചനകൾ ഉണ്ടായിരുന്നു. വ്യോമസേനയിലെ വിദഗ്ദ്ധരും ഇതേ നിഗമനത്തിലാണ് എത്തിച്ചേർന്നതെന്ന് ടൈംസ് നൌ റിപ്പോർട്ട് ചെയ്യുന്നു. അപകട സമയത്ത് പ്രദേശത്ത് കനത്ത മൂടല്‍ മഞ്ഞ് ഉണ്ടായിരുന്നു. ഇക്കാര്യം പ്രദേശവാസികളും വ്യക്തമാക്കിയിരുന്നു.
എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തില്‍ ഉള്ള വിദഗ്ദ്ധ സംഘമാണ് അന്വേഷണം നടത്തി റിപ്പോർട്ട് തയ്യാറാക്കിയത്. മോശം കാലാവസ്ഥയെ തുടർന്നുള്ള പിഴവ് ആണ് അപകടകാരണമായത് എന്നാണ് നിഗമനം. അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചതായാണ് വിവരം. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കു ശേഷം പ്രസിദ്ധീകരിക്കും എന്നാണ് പുറത്തുവരുന്ന സൂചന.
നവംബർ എട്ടിനാണ് വ്യോമസേനയുടെ എം ഐ 17വി 5 ഹെലികോപ്‌ടർ തമിഴ്നാട്ടിലെ കുനൂരിന് അടുത്ത് അപകടത്തില്‍ പെട്ടത്. സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത്, റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍, ലെഫ്. കേണല്‍ ഹര്‍ജീന്ദര്‍ സിങ്, എന്‍ കെ ഗുര്‍സേവക് സിങ്, എന്‍ കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്‌ടറിലുണ്ടായിരുന്നത്. അപകടത്തില്‍ ഇവരിൽ ആരും രക്ഷപെട്ടില്ല.
Also Read- Fighter Jet Crash | രാജസ്ഥാനില്‍ വ്യോമസേന വിമാനം തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു
വെല്ലിങ്ടണ്‍ ഡിഫന്‍സ് കോളേജില്‍ 2.45ന് സൈനിക കേഡറ്റുകളെ അഭിസംബോധന ചെയ്യുന്നതിനുള്ള പരിപാടിക്കായാണ് ബിപിൻ റാവത്ത് യാത്ര തിരിച്ചത്. 11.45ന് സുളൂര്‍ വ്യോമതാവളത്തില്‍ നിന്നുമാണ് സംഘം വെല്ലിങ്‌ടണിലേക്ക് പുറപ്പെട്ടത്. 12.20 വെല്ലിങ്‌ടണ്‍ ഹെലിപാഡില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇറങ്ങാതെ മടങ്ങുകയായിരുന്നു. എന്നാല്‍ 10 കിലോ മീറ്റര്‍ മാത്രം മാറി കുനൂര്‍ കട്ടേരിക്ക് സമീപം ഒരു ഫാമില്‍ ഹെലികോപ്ടറ്റർ തകര്‍ന്നു വീഴുകയായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Bipin rawat, Madhurika Rawat