നാഷണൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വാണിജ്യാടിസ്ഥാനത്തിലുള്ള 19 കിലോഗ്രാം പാചകവാതക സിലിണ്ടറിന്റെ വില (price for commercial LPG cylinders) സിലിണ്ടർ ഒന്നിന് 250 രൂപ വർധിപ്പിച്ചു. ഏപ്രിൽ 1 വെള്ളിയാഴ്ച മുതൽ വില പ്രാബല്യത്തിൽ വരും. ഡൽഹിയിൽ സിലിണ്ടർ വില ഇപ്പോൾ 2,253 രൂപയാകുമെന്ന് വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ 19 കിലോഗ്രാം എൽപിജി സിലിണ്ടറിന് 346 രൂപ വർധിപ്പിച്ചു കഴിഞ്ഞു. നേരത്തെ മാർച്ച് ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 105 രൂപ വർധിപ്പിച്ചിരുന്നു, തുടർന്ന് മാർച്ച് 22ന് ഒൻപത് രൂപ കുറച്ചു. എന്നാൽ ഗാർഹിക പാചകവാതക സിലിണ്ടറുകളിൽ ഈ വില വർധനവ് ഉണ്ടായിട്ടില്ലെന്നതാണ് ആശ്വാസം.
അതേ സിലിണ്ടറിന് ഇപ്പോൾ കൊൽക്കത്തയിൽ 2,351 രൂപയും മുംബൈയിൽ 2,205 രൂപയും ചെന്നൈയിൽ 2,406 രൂപയുമാണ്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും പാചകവാതക സിലിണ്ടറുകളുടെ വില പ്രതിമാസം പരിഷ്കരിക്കുന്നു.
റെസ്റ്റോറന്റുകൾ, ഭക്ഷണശാലകൾ, ചായക്കടകൾ എന്നിവയും മറ്റും 19 കിലോഗ്രാം സിലിണ്ടറിന്റെ ഏറ്റവും വലിയ ഉപഭോക്തൃ വിഭാഗമാണ്.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വില തുടർച്ചയായി വർധിപ്പിക്കുകയാണ്. മാർച്ച് 22 ന്, സബ്‌സിഡിയുള്ള ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിച്ചു. അതിനുമുൻപ് വരെ 2021 ഒക്ടോബർ 6ന് ശേഷം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ നിരക്കിൽ മാറ്റമൊന്നും ഉണ്ടായില്ല.
ഏപ്രിൽ 1 മുതൽ ഗാർഹിക എൽപിജി സിലിണ്ടറുകൾ ഡൽഹിയിൽ 949.50 രൂപയ്ക്കും കൊൽക്കത്തയിൽ 976 രൂപയ്ക്കും മുംബൈയിൽ 949.50 രൂപയ്ക്കും ചെന്നൈയിൽ 965.50 രൂപയ്ക്കും ലഭ്യമാണ്.
പ്രാദേശിക നികുതികൾ കാരണം എൽപിജി സിലിണ്ടറുകളുടെ വില ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും, ചരക്ക് ചാർജിൽ നിന്ന് ഉയരുന്ന ഉയർന്ന വില നികത്താൻ തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് കേന്ദ്ര സർക്കാർ ഒരു ചെറിയ സബ്‌സിഡി നൽകുന്നു. സർക്കാർ-സബ്‌സിഡി പദ്ധതി പ്രകാരം ഓരോ കുടുംബത്തിനും പ്രതിവർഷം 12 സിലിണ്ടറുകൾക്ക് അർഹതയുണ്ട്. സർക്കാർ നൽകുന്ന സബ്‌സിഡി തുക ഓരോ മാസവും വ്യത്യാസപ്പെടുന്നു.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം നൽകിയ കണക്കുകൾ പ്രകാരം ഇന്ത്യയിലുടനീളമുള്ള സജീവ ഗാർഹിക ഉപഭോക്താക്കളുടെ എണ്ണത്തിൽ സ്ഥിരമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021 ജൂലൈ 1 വരെയുള്ള കണക്കനുസരിച്ച്, PMUY ഉപഭോക്താക്കൾ ഉൾപ്പെടെ 29.11 കോടി സജീവ ഗാർഹിക എൽപിജി ഉപഭോക്താക്കളുണ്ട്. 2018-19ൽ രാജ്യത്ത് 26.54 കോടി ഉപഭോക്താക്കളാണുണ്ടായിരുന്നത്.
അതേസമയം, പെട്രോൾ, ഡീസൽ വിലയിൽ മാറ്റമില്ലാതെ തുടരുന്നത് അൽപം ആശ്വാസം നൽകിയിരിക്കുകയാണ്. 11 ദിവസത്തിനുള്ളിൽ രണ്ടാം ഇടവേളയ്ക്ക് മുമ്പ്, വാഹനഇന്ധന നിരക്ക് ലിറ്ററിന് 6.40 രൂപ വർധിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.