• HOME
  • »
  • NEWS
  • »
  • india
  • »
  • Vegetable Price | തക്കാളിക്ക് 100, നാരങ്ങക്ക് 250; പച്ചക്കറികൾക്ക് തീ വില; നട്ടം തിരിഞ്ഞ് സാധാരണക്കാർ

Vegetable Price | തക്കാളിക്ക് 100, നാരങ്ങക്ക് 250; പച്ചക്കറികൾക്ക് തീ വില; നട്ടം തിരിഞ്ഞ് സാധാരണക്കാർ

ഡൽഹിയിൽ ഒരു കിലോ തക്കാളി 60 രൂപക്കു മുതൽ 80 രൂപക്കു വരെ വിൽക്കുമ്പോൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തക്കാളിയുടെ വില 100 രൂപ വരെ എത്തിയിട്ടുണ്ട്

  • Share this:
    പണപ്പെരുപ്പം (inflation) കുറയ്ക്കാൻ സർക്കാർ നടപടികൾ സ്വീകരിച്ചു വരികയാണെങ്കിലും രാജ്യത്ത് പച്ചക്കറികളുടെ വില ഇപ്പോഴും ഉയർന്നു തന്നെയാണ്. ഡൽഹിയിൽ ഒരു കിലോ തക്കാളി 60 രൂപക്കു മുതൽ 80 രൂപക്കു വരെ വിൽക്കുമ്പോൾ രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ തക്കാളിയുടെ വില 100 രൂപ വരെ എത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്ത് നാരങ്ങയുടെ വില കിലോയ്ക്ക് 200 രൂപ മുതൽ 250 രൂപ വരെയാണ്.

    ലഭ്യത കുറഞ്ഞതിനാലാണ് തക്കാളിക്കും മറ്റ് പച്ചക്കറികൾക്കും ഇപ്പോൾ വില കൂടുന്നത്. മഴക്കാലത്ത് പച്ചക്കറിക്ക് പൊതുവെ വില കൂടുമെന്ന് ഗാസിപൂർ മണ്ടിയിലെ വ്യാപാരികൾ പറയുന്നു. തക്കാളി, നാരങ്ങ എന്നിവയ്ക്ക് പുറമെ മറ്റ് പച്ചക്കറികളും ഉയർന്ന വിലയ്ക്കാണ് വിൽക്കുന്നത്. കോളിഫ്‌ളവർ 120 രൂപ, ഉരുളക്കിഴങ്ങ് 40 രൂപ, ഉള്ളി 35-40 രൂപ, വഴുതന 80 രൂപ, ക്യാപ്‌സിക്കം 100-130 രൂപ, ചീര 60 രൂപ, കാരറ്റ് 80 രൂപ എന്നിങ്ങനെയാണ് മറ്റ് പച്ചക്കറികളുടെ വിലകൾ.

    പണപ്പെരുപ്പം ഉയർന്നത് സാധാരണക്കാരായ ജനങ്ങളെ നട്ടം തിരിക്കുകയാണ്. ഭക്ഷ്യവസ്തുക്കളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും വില ഗണ്യമായി വർധിക്കുമ്പോഴും തങ്ങളുടെ വരുമാനത്തിൽ വർധനവൊന്നും ഇല്ലെന്ന കാര്യം പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻപ് വാങ്ങിയിരുന്നതിനേക്കാൾ കുറവ് സാധനങ്ങളാണ് ഇപ്പോൾ വീട്ടിലേക്ക് വാങ്ങുന്നതെന്നും ഇവർ പറയുന്നു.

    റീട്ടെയിൽ പണപ്പെരുപ്പം 8 വർഷത്തെ ഉയർന്ന നിരക്കിൽ

    2021 ഏപ്രിലിൽ 4.23 ശതമാനവും 2022 മാർച്ചിൽ 6.97 ശതമാനവും ആയിരുന്ന റീട്ടെയിൽ പണപ്പെരുപ്പം ഏപ്രിൽ മാസത്തിൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കായ 7.79 ശതമാനത്തലേക്കെത്തി. ഭക്ഷ്യ പണപ്പെരുപ്പം 8.38 ശതമാനമായി ഉയർന്നു.

    ഇനിയെന്ത്?

    രാജ്യത്തെ വിലക്കയറ്റം നിയന്ത്രിക്കാൻ കഴിഞ്ഞ കുറച്ച് മാസങ്ങളായി സെൻട്രൽ ബാങ്കും സർക്കാരും നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് സിഎൻബിസി-ടിവി 18 ന് (CNBC-TV18) നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 2022 സെപ്തംബർ വരെ റീട്ടെയിൽ പണപ്പെരുപ്പം വർദ്ധിക്കുമെന്നും അതിനുശേഷം ക്രമേണ കുറയാൻ തുടങ്ങുമെന്നുമാണ് ഇന്ത്യ റേറ്റിംഗ്സ് (India Ratings) പ്രതീക്ഷിക്കുന്നത്.

    അതേസമയം, രാജ്യത്ത് കുതിച്ചുയരുന്ന വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനായി പെട്രോള്‍,ഡീസല്‍ എന്നിവയുടെ എക്സൈസ് തീരുവ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിരുന്നു. പെട്രോൾ ലിറ്ററിന് യഥാക്രമം 8 രൂപയും ഡീസലിന് 6 രൂപയുമാണ് എക്സൈസ് തീരുവയിൽ കുറവ് വരുത്തിയത്. പാചക വാതകത്തിന് സബ്സിഡി വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഉജ്വല്‍ യോജന പദ്ധതി മുഖാന്തരമാണ് സബ്സിഡി ലഭിക്കുന്നത്. സിലിണ്ടറിന് 200 രൂപ എന്ന കണക്കിൽ പരമാവധി 12 സിലിണ്ടറുകൾക്കാണ് സബ്സിഡി ലഭിക്കുക. കാർഷിക രംഗത്ത് ചെലവുയരുന്ന സാഹചര്യത്തിൽ വളങ്ങൾക്ക് സബ്സിഡി നൽകുന്നതും ഉയർത്തി. നിർമ്മാണ മേഖലയിലും ചെലവ് ചുരുക്കാൻ കേന്ദ്രം ഇടപെടുന്നുണ്ട്. സിമന്റ് ലഭ്യത ഉറപ്പാക്കാനും സിമന്റ് വില കുറയ്ക്കാനുമാണ് ശ്രമം.

    Summary: Price of veggies go up in the essential commodities market. The sudden price rise had given a tough time for common man
    Published by:user_57
    First published: