ന്യൂഡല്‍ഹി: അഫ്ഗാനിലെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാദ്മിര്‍ പുടിനുമായി ചര്‍ച്ച ചെയ്തു. ഇരുരാഷ്ട്ര നേതാക്കളും ടെലിഫോണിലൂടെ 45 മിനിറ്റോളം സംസാരിച്ചുു. അഫ്ഗാനിലെ നിലവിലെ സ്ഥിതിഗതികളെ കുറിച്ച് പുടിനുമായി വിശദമായി സംസാരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്.
കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യയും റഷ്യയും സഹകരണം ഉള്‍പ്പെടെയുള്ള ഉഭയകക്ഷി അജണ്ടകള്‍ പുടിനുമായി സംസാരിച്ചെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള കൂടിയോലോചകള് തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അഫ്ഗാനിസ്ഥാനിലെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തേണ്ട ആവശ്യകതയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
അതേസമയം അഫ്ഗാനിസ്ഥാനില്‍ നിന്ന് 78 പേരെ ചൊവ്വാഴ്ച ഇന്ത്യയിലെത്തിച്ചു. മലയാളിയായ സിസ്റ്റര്‍ തെരേസ, ക്രാസ്ത സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയിലെ എട്ട് അംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാരും 44 അഫ്ഗാന് സ്വദേശികളും അടങ്ങുന്ന സംഘമാണ് ഡല്‍ഹിയില്‍ എത്തിയത്. ഇന്ത്യന്‍ വ്യോമസേന വിമാനത്തില്‍ കഴിഞ്ഞ ദിവസം ഇവരെ തജികിസ്ഥാനിലേക്ക് മാറ്റിയിരുന്നു. പിന്നീട് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു.
മലയാളികള്‍ ഉള്‍പ്പെടെ 25 ഇന്ത്യക്കാരും സിഖ് വിഭാഗത്തില്‍പ്പെട്ട 44 അഫ്ഗാനിസ്ഥാന്കാരും സംഘത്തിലുണ്ട്. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് സിംഗ് പുരി, വി. മുരളീധരന് തുടങ്ങിയവര്‍ സംഘത്തെ ഡല്‍ഹി വിമാനത്താവളത്തില്‍ സ്വീകരിച്ചു. അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ച സിഖ് മത ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബിന്റെ മൂന്ന് പകര്‍പ്പും സ്വീകരിച്ചു. ഇവ മഹാവീര്‍ നഗറിലെ ഗുരുദ്വാരയിലേക്ക് മാറ്റി.
Also Read-'ഓപ്പറേഷന് ദേവി ശക്തി'; അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള ഒഴിപ്പിക്കല്‍ ദൗത്യത്തിന് പേര് നല്കി ഇന്ത്യ
അതിനിടെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ സഹായവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്തെത്തി. ആറ് വിദേശ രാജ്യങ്ങള്‍ അവരുടെ സ്ഥാപനങ്ങള്‍ക്ക് വേണ്ടി അഫ്ഗാനിസ്താനില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കമെന്ന് വ്യക്തമാക്കി. അമേരിക്ക, ഖത്തര്‍ എന്നിവയ്ക്ക് പുറമെ യു.എ.ഇ., ബ്രിട്ടണ്, ജര്‍മ്മനി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണ അറിയിച്ചത്.
Also read: അഫ്ഗാൻ അഭയാർത്ഥികളെ സ്വീകരിക്കുന്ന രാജ്യങ്ങൾ ഏതൊക്കെ?
ആറുരാജ്യങ്ങളും അവര്‍ക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളില്‍ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഇന്ത്യയിലെത്തിക്കുമെന്നാണ് അറിയിച്ചിട്ടുളളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.