ന്യൂഡൽഹി: അധികാരത്തിലെത്തിയ ശേഷം ആദ്യ വാർത്ത സമ്മേളനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമിത്ഷായ്ക്കൊപ്പമായിരുന്നു മോദിയുടെ വാർത്ത സമ്മേളനം. തെരഞ്ഞെടുപ്പ് പ്രാചാരണങ്ങള്ക്ക് അവസാനം കുറിച്ചു കൊണ്ടായിരുന്നു മോദി വാർത്താ സമ്മേളനം നടത്തിയത്.
വാർത്താ സമ്മേളനത്തിൽ ജനങ്ങൾക്ക് നന്ദി പറഞ്ഞ മോദി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. പകരം ബിജെപി അധ്യക്ഷൻ അമിത്ഷായാണ് മറുപടി പറഞ്ഞത്. ചരിത്രം ആവർത്തിക്കുമെന്നും വീണ്ടും അധികാരത്തിലെത്തുമെന്നും മോദി പറഞ്ഞു.
also read:
PM Narendra Modi Press Meet LIVE: ജനങ്ങൾക്ക് നന്ദി പറഞ്ഞ് മോദി; ചോദ്യങ്ങൾക്ക് മറുപടി നൽകി അമിത് ഷാ
മെയ് 23ന് വിധി വരുമ്പോൾ 300ൽ അധികം സീറ്റ്കളിൽ ബിജെപി ജയിക്കും . പൂർണ്ണ ഭൂരിപക്ഷത്തോടെ എൻഡിഎ സർക്കാർ അധികാരത്തിൽ എത്തും. ചില കാര്യങ്ങൾ ലോകത്തോട് അഭിമാനത്തോടെ പറയാൻ കഴിയും- മോദി പറഞ്ഞു. റംസാനും, ഐപിഎലും, പരീക്ഷകളും ഒക്കെ നടക്കുമ്പോഴാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് എന്നത് നമ്മുടെ ജനാധിപത്യത്തിലെ നല്ല കാര്യങ്ങളാണ്- അദ്ദേഹം വ്യക്തമാക്കി.
സമൂഹ മാധ്യമങ്ങൾ ഇരട്ട വിശ്വാസ്യത നിറവേറ്റേണ്ട ബാധ്യതയുണ്ടെന്നും മോദി പറഞ്ഞു . പൂർണ്ണ ഭൂരിപക്ഷമുള്ള സർക്കാർ അഞ്ചു വർഷം പൂർത്തിയാക്കുന്നത് അപൂർവമായിട്ടാണെന്നും മോദി പറഞ്ഞു. ജനങ്ങളോട് നന്ദി പറയാൻ ആണ് താൻ വന്നതെന്നും അദ്ദേഹം അറിയിച്ചു. നിങ്ങൾക്ക് ഇടയിൽ ഞാൻ വന്നത് നന്ദി പറയാനാണ്. എല്ലാവരുടെയും അനുഗ്രഹം വേണം- മോദി പറഞ്ഞു.
2014 മെയ് 16നാണ് അധികാരത്തിൽ എത്തിയത്. ചിലരുടെ നിരാശ മെയ് 17ന് തുടങ്ങിയതാണ്. മീററ്റിൽ തുടങ്ങിയതാണ് ആദ്യ റാലി. ഇന്ന് അവസാനിച്ചത് മധ്യപ്രദേശിൽ. രണ്ടു സ്ഥലങ്ങളും സ്വാതന്ത്ര സമരവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇതെല്ലാം വെറുതെ സംഭവിക്കുന്നതല്ല, കൃത്യമായി ആസൂത്രണം ചെയ്തതാണ്. ഒരു റാലി പോലും തനിക്ക് റദ്ദാക്കേണ്ടി വന്നിട്ടില്ല. ആദ്യ ദിവസത്തെ അതേ ഉത്സാഹം തന്റെ മുഖത്ത് കാണാം-മോദി പറഞ്ഞു.
സർക്കാർ രൂപീകരിക്കാൻ ബിജെപിക്ക് പൂർണ്ണ ഭൂരിപക്ഷം ലഭിക്കുമെന്നും മോദി ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് മുഖം തിരിച്ച മോദി താൻ അച്ചടക്കമുള്ള ജവാൻ എന്ന് മാത്രമായിരുന്നു മറുപടി പറഞ്ഞത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.