രണ്ടര വർഷത്തെ ഇടവേളക്ക് ശേഷം പ്രധാനമന്ത്രി (Prime Mninster) നരേന്ദ്ര മോദി (Narendra Modi ) ഇന്ന് ജമ്മു കശ്മീരിൽ (Jammu and Kashmir). 370-ാം അനുച്ഛേദം എടുത്തുകളഞ്ഞ് സംസ്ഥാനം വിഭജിച്ച ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ സന്ദര്‍ശനമാണിത്. ബനിഹാൽ - ഖാസികുണ്ഡ് തുരങ്കം (Banihal Qazigund Road Tunnel) ഉൾപ്പടെ നിരവധി അടിസ്ഥാനസൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്തും.
ആകെ ഇരുപതിനായിരം കോടിയുടെ പദ്ധതികളാണ് നരേന്ദ്രമോദി നാടിന് സമർപ്പിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചിട്ടുണ്ട്. ദേശീയ പഞ്ചായത്ത് രാജ് ദിനാചരണത്തിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി, രാജ്യത്തുടനീളമുള്ള ഗ്രാമസഭകളെ അഭിസംബോധന ചെയ്യും.
3100 കോടിയിലധികം രൂപ ചെലവിൽ നിർമിച്ച ബനിഹാൽ - ഖാസിഗുണ്ട് റോഡ് ടണലാണ് പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നത്. 8.45 കിലോമീറ്റർ നീളമുള്ള തുരങ്കം ബനിഹാലിനും ഖാസിഗണ്ടിനും ഇടയിലുള്ള റോഡ് ദൂരം 16 കിലോമീറ്റർ കുറയ്ക്കുകയും യാത്രാ സമയം ഒന്നര മണിക്കൂർ കുറയ്ക്കുകയും ചെയ്യുന്നതാണ്.
Also Read- ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് രാഷ്ട്രപതി ഭവനില്‍ ഉജ്വല വരവേല്‍പ്പ് ; സ്വീകരണത്തിന് നന്ദി പറഞ്ഞ് ബോറിസ് ജോണ്സണ്
7500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ഡല്‍ഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയുടെ മൂന്ന് റോഡ് പാക്കേജുകളുടെ തറക്കല്ലിടലും നരേന്ദ്രമോദി നിർവഹിക്കും. 5300 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റാറ്റിൽ ജല വൈദ്യുത പദ്ധതി, 4500 കോടിയിലധികം രൂപ ചെലവിട്ട് നിർമ്മിക്കുന്ന ക്വാർ ജല വൈദ്യുത പദ്ധതി എന്നിവയുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
കിഷ്ത്വാറിലെ ചെനാബ് നദിയിലാണ് ഇവയുടെ നിർമ്മാണം. ജമ്മു കാശ്മീരിലെ ജൻ ഔഷധി കേന്ദ്രങ്ങളുടെ ശൃംഖല കൂടുതൽ വിപുലീകരിക്കുന്നതിനും ഗുണമേന്മയുള്ള ജനറിക് മരുന്നുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുമായി 100 കേന്ദ്രങ്ങളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.
Also Read- നമ്മുടെ അർധസൈനിക വിഭാഗങ്ങളെ അറിയാം; ഭാഗം 5: സ്പെഷ്യൽ സർവീസ് ബ്യൂറോ SSB
പ്രധാനമന്ത്രിയുടെ ജമ്മുകശ്മീർ സന്ദർശനത്തിന്റെ ഭാഗമായി മേഖലയിൽ അതീവ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സ്ഥലത്തെ സാഹചര്യവും സുരക്ഷയും വിലയിരുത്താൻ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഇന്നലെ ഉന്നതതല യോഗം ചേർന്നിരുന്നു. പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കാനിരിക്കെ ഇന്നലെയും ജമ്മുകശ്മീരിലെ മിർഹാമയിൽ വീണ്ടും ഏറ്റുമുട്ടൽ നടന്നിരുന്നു. രണ്ട് ഭീകരരെ സുരക്ഷ സേന ഏറ്റുമുട്ടലിൽ വധിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം വധിച്ചിരുന്നു. പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ സിഐഎസ്എഫ് ബസിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം നടന്നിരുന്നു. ഇവിടെ മുതിർന്ന ഉദ്യോഗസ്ഥരെത്തി സുരക്ഷ വിലയിരുത്തിയിട്ടുണ്ട്.
കശ്മീർ സന്ദർശനത്തിന് ശേഷം വൈകിട്ടോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി മുംബൈയിലെത്തും. പ്രശസ്ത ഗായിക ലതാമങ്കേഷ്കറിന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് സ്വീകരിക്കാൻ ആണ് അദ്ദേഹം എത്തുന്നത്. വൈകീട്ട് മുംബൈയിലെ ഷൺമുഖാനന്ദ ഹാളിലാണ് പരിപാടി. രാഷ്ട്രത്തിനായി നരേന്ദ്രമോദി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് അവാർഡ് നൽകുന്നതെന്ന് ദീനാനാഥ് ചാരിറ്റബിൾ ട്രസ്റ്റ് അറിയിച്ചു. അവാർഡ് സ്വീകരിക്കാൻ എത്തുന്നതിൽ സന്തോഷമുണ്ടെന്നും ശക്തമായ ഇന്ത്യയെ സ്വപ്നംകണ്ട് കണ്ട വ്യക്തിയാണ് ലതാമങ്കേഷ്കര്‍ എന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.