നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Narendra Modi Birthday| പ്രധാനമന്ത്രിക്ക് ഇന്ന് സപ്തതി; ജന്മദിനം വിപുലമായി ആഘോഷിക്കാൻ ബിജെപി

  Narendra Modi Birthday| പ്രധാനമന്ത്രിക്ക് ഇന്ന് സപ്തതി; ജന്മദിനം വിപുലമായി ആഘോഷിക്കാൻ ബിജെപി

  സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനനം. മില്ലേനിയം കുട്ടികളെ സാക്ഷിയാക്കി മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു പ്രവേശനം. ഇന്ത്യ ഇതുവരെ കണ്ട പ്രധാനമന്ത്രിമാരില്‍ നിന്നെല്ലാം നരേന്ദ്ര ദാമോദര്‍ ദാസ് മോദി വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്.

  Prime Minister Narendra Modi.

  Prime Minister Narendra Modi.

  • Share this:
   പൗരാണിക ഇന്ത്യയിലെ വിശ്വാസമനുസരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്നു സപ്തതിയാണ്. 70 വര്‍ഷത്തെ ജീവിതം പൂര്‍ത്തിയാക്കി എഴുപത്തിയൊന്നാം പിറന്നാള്‍ ദിനത്തിലേക്കു കടക്കുമ്പോഴാണ് വേദകാലത്തെ കണക്കില്‍ സപ്തതി. രാഷ്ട്രീയ സ്വയം സേവകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്കുള്ള മോദിയുടെ വരവിന്റെ ഇരുപതാം വാര്‍ഷികവും ഇതേസമയത്താണ് കടന്നുവരുന്നത്.

   സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനനം. മില്ലേനിയം കുട്ടികളെ സാക്ഷിയാക്കി മുഖ്യധാരാ രാഷ്ട്രീയത്തിലേക്കു പ്രവേശനം. ഇന്ത്യ ഇതുവരെ കണ്ട പ്രധാനമന്ത്രിമാരില്‍ നിന്നെല്ലാം നരേന്ദ്ര ദാമോദര്‍ ദാസ് മോദി വ്യത്യസ്തനാകുന്നത് ഇങ്ങനെയാണ്. 1950 സെപ്റ്റംബര്‍ 17നാണ് ജനനം. സ്വാതന്ത്ര്യം നേടി പരമാധികാര റിപ്പബ്ലിക് ആയ ഇന്ത്യയില്‍ ജനിച്ച ഒരാള്‍ ആദ്യമായി പ്രധാനമന്ത്രിയാകുന്നത് മാത്രമായിരുന്നില്ല പ്രത്യേകത. രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ പ്രവര്‍ത്തകനില്‍ നിന്ന് മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നരേന്ദ്രമോദി കടന്നു വരുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലായിരുന്നു. 2001 ഒക്ടോബര്‍ ഏഴിന് ഒരു പഞ്ചായത്ത് അംഗം പോലും ആകാതെ ഗുജറാത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പ്രവേശനം -

   Also Read-ബാങ്കിന് പറ്റിയ പിശക്; ക്രെഡിറ്റായ അഞ്ചര ലക്ഷം പ്രധാനമന്ത്രി നിക്ഷേപിച്ചതാണെന്നും തിരിച്ചു നൽകില്ലെന്നും അക്കൗണ്ട് ഉടമ

   ആ വരവു തന്നെ പലതുകൊണ്ടും ഒരു ഭൂകമ്പമായിരുന്നു. ഗുജറാത്ത് ഭൂകമ്പത്തിനൊപ്പം പ്രതിച്ഛായയും തകര്‍ന്നടിഞ്ഞ കേശുഭായി പട്ടേലിന് പകരക്കാരനായി വാജ്‌പേയി കണ്ടെത്തിയ കര്‍ക്കശക്കാരന്‍. ഗുജറാത്തിനും ഡല്‍ഹിക്കും വെളിയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കുപോലും അത്ര സുപരിചിതനല്ലാത്തയാള്‍. അമേരിക്കയിലേക്കും യൂറോപ്പിലേക്കും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യവസായം നടത്താന്‍ പോയിരുന്ന ഗുജറാത്തി കോടീശ്വരന്മാരെ മടക്കി വിളിച്ചു തുടങ്ങിയതാണ് ആ വേറിട്ട വഴിയിലെ സഞ്ചാരം. വാജ്‌പേയ് സര്‍ക്കാര്‍ തുടര്‍ഭരണമില്ലാതെ കേന്ദ്രത്തില്‍ വീണപ്പോഴും ഗുജറാത്തില്‍ മോദിക്ക് ബദല്‍ ഇല്ലായിരുന്നു.

   വാജ്‌പേയി മാത്രമായിരുന്നില്ല അപ്പോള്‍ നേതൃത്വത്തില്‍ ഉണ്ടായിരുന്നത്. രാജ്യമെങ്ങും രഥയാത്ര നടത്തി ബിജെപിക്ക് അടിത്തറയുണ്ടാക്കിയ എല്‍ കെ അദ്വാനി ഉണ്ടായിരുന്നു. തന്ത്രജ്ഞനായ മുരളീ മനോഹര്‍ ജോഷിയും തീപ്പൊരിയായ ഉമാഭാരതിയും ഉണ്ടായിരുന്നു. ഇവരൊക്കെ കാഴ്ചക്കാരായി നില്‍ക്കെയാണ് 2014ന്റെ നായകനായത്. പിന്നെ അഞ്ചാണ്ടിനു ശേഷം ഒരു കോണ്‍ഗ്രസ് ഇതര സര്‍ക്കാരിനും ഇതുവരെ കിട്ടിയിട്ടില്ലാത്ത സമ്പൂര്‍ണ തുടര്‍ഭരണം.

   2021ലെ പിറന്നാള്‍ ദിനത്തിലും ചിത്രം മാറുന്നില്ല. വിവാദങ്ങളും വിമര്‍ശനങ്ങളും ദിവസവുമെന്നതുപോലെ ഉയരുന്നുണ്ടെങ്കിലും നരേന്ദ്രമോദിക്കു ബദലായി പ്രതിപക്ഷത്തു മാത്രമല്ല, ബിജെപിയിലും ഇനിയും ആരും ഉയര്‍ന്നുവന്നിട്ടില്ല.
   Also Read-'അലിഗഡ് ഇനി സംരക്ഷിക്കുക വീടുകൾ മാത്രമല്ല; ഇന്ത്യൻ അതിർത്തിയും ': പഴയ താഴും താക്കോലും ഓർമിപ്പിച്ച് നരേന്ദ്രമോദി

   71,000 മൺചിരാതുകൾ; 14 കോടി സൗജന്യ റേഷൻ; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷം

   സെപ്റ്റംബർ 17 വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 71ാം ജന്മദിനമാണ്. വാരണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺ ചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ ജന്മദിനം ആഘോഷിക്കുക. ഇതുകൂടാതെ 14 കോടി സൗജന്യ റേഷൻ കിറ്റും വിതരണം ചെയ്യാനാണ് ബിജെപി പദ്ധതിയിടുന്നത്. റേഷൻ കിറ്റുകൾക്ക് പുറത്ത് 'നന്ദി മോദിജി' എന്ന് പ്രിന്റ് ചെയ്തിരിക്കും.

   ഇതിന് പുറമെ പ്രധാനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അഞ്ച് കോടി പോസ്റ്റ് കാര്‍ഡുകളും അയക്കും. രക്തദാന ക്യാമ്പുകൾ, ശുചീകരണ യജ്ഞങ്ങൾ, റേഷൻ കാർഡ് വിതരണം തുടങ്ങി വിവിധ പരിപാടികളിലൂടെ നരേന്ദ്ര മോദിയുടെ പിറന്നാൾ ദിനം അവിസ്മരണീയമാക്കാനാണ് ബിജെപി തയാറെടുക്കുന്നത്.

   'സേവ ഔർ സമര്‍പ്പണ്‍ അഭിയാന്‍' എന്ന് പേരിട്ടിരിക്കുന്ന 20 ദിവസം നീളുന്ന ക്യാംപയിന് പ്രധാനമന്ത്രിയുടെ ജന്മദിനമായ വെള്ളിയാഴ്ച (സെപ്റ്റംബർ 17) തുടക്കമാകും. ഒക്ടോബർ 7 വരെയാകും വിവിധ പരിപാടികൾ സംഘടിപ്പിക്കുക. ക്യാംപയിന്റെ ഭാഗമായി ഉത്തർപ്രദേശിൽ മാത്രം 27,000 കേന്ദ്രങ്ങളിൽ പരിപാടികൾ നടക്കും.
   Published by:Naseeba TC
   First published: