HOME » NEWS » India » PRIME MINISTERS PROJECT YUVA WAS LAUNCHED TO 2 PROMOTE YOUNG WRITERS

യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ പദ്ധതി 'യുവ' ആരംഭിച്ചു

രാജ്യത്ത് വായനയും, എഴുത്തും, പുസ്തക സംസ്‌കാരവും പ്രാത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യയെയും ഇന്ത്യന്‍ സാഹിത്യത്തെയും ആഗോളതലത്തില്‍ ശ്രദ്ധയില്‍ പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം

News18 Malayalam | news18-malayalam
Updated: June 8, 2021, 7:20 PM IST
യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രധാനമന്ത്രിയുടെ പദ്ധതി 'യുവ' ആരംഭിച്ചു
Prime Minister Narendra Modi. (PTI)
  • Share this:
ന്യൂഡല്‍ഹി: യുവസാഹിത്യകാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പ്രധാനമന്ത്രിയുടെ പദ്ധതി 'യുവ' കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് തുടക്കം കുറിച്ചു. ചെറുപ്പക്കാരും വളര്‍ന്നു വരുന്നവരുമായ എഴുത്തുകാര്‍ക്ക് പരിശീലനത്തിലൂടെ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നതിനാണിത്. 30 വയസിനു താഴെ പ്രായമുള്ളവരും ചെറുപ്പക്കാരും വളര്‍ന്നു വരുന്നവരുമായ എഴുത്തുകാര്‍ക്കാണ് പദ്ധതിയിലൂടെ മാര്‍ഗ്ഗദര്‍ശനവും പരിശീലനവും ലഭിക്കുക. രാജ്യത്ത് വായനയും, എഴുത്തും, പുസ്തക സംസ്‌കാരവും പ്രാത്സാഹിപ്പിച്ചുകൊണ്ട് ഇന്ത്യയെയും ഇന്ത്യന്‍ സാഹിത്യത്തെയും ആഗോളതലത്തില്‍ ശ്രദ്ധയില്‍ പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

ഇന്ത്യ സ്വാതന്ത്ര്യ സമരത്തെ കുറിച്ച് ചെറുപ്പക്കാരായ എഴുത്തുകാര്‍ നടത്തുന്ന രചനകളെ പ്രോത്സാഹിപ്പിക്കുക എന്നുള്ള പ്രധാന മന്ത്രിയുടെ കാഴ്ച്ചപ്പാടുമായി ബന്ധപ്പെട്ടാണ് യുവ( യംങ് അപ്കമിംങ് ആന്‍ഡ് വെര്‍സറ്റൈല്‍ ഓതേഴ്സ്) യുടെ തുടക്കം. 2021 ജനുവരി 31 ലെ മന്‍ കി ബാത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സ്വാതന്ത്ര്യ സമര സേനാനികളെ കുറിച്ച് എഴുതുവാന്‍ യുവ തലമുറയോട് ആഹ്വാനം ചെയ്തത്.

നാം ഇന്ത്യന്‍ സ്വാതന്ത്ര്യ ലബ്ധിയുടെ 75-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അന്നു ജീവിതം സമര്‍പ്പിച്ച സ്വാതന്ത്ര്യ സമര സേനാനികളോടുള്ള ആദരസൂചകമായി സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സംഭവങ്ങളെയും സ്വന്തം മേഖലകളില്‍ ആ കാലഘട്ടത്തിലുണ്ടായ വീരേതിഹാസങ്ങളെയും രേഖപ്പെടുത്താനാണ് പ്രധാന മന്ത്രി ആവശ്യപ്പെട്ടത്.

ആസാദി കാ അമൃത് മഹോത്സവ് എന്ന പദ്ധതിയുടെ ഭാഗമാണ് യുവ. യുവ തലമുറയുടെ കാഴ്ച്ചപ്പാടുകളെ മുന്നോട്ടു കൊണ്ടുവരുവാനും വാഴ്ത്തപ്പെടാത്ത ധീരര്‍, സ്വാതന്ത്ര്യ സമര സേനാനികള്‍, അറിയപ്പെടാത്തതും വിസ്മരിക്കപ്പെട്ടതുമായ സ്ഥലങ്ങള്‍, ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തില്‍ അവയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളെ നൂതനവും ക്രിയാത്മകവുമായ രീതിയില്‍ അവതരിപ്പിക്കുവാനുമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുക. ഇത്തരത്തില്‍ ഇന്ത്യന്‍ പൈതൃകവും സംസ്‌കാരവും വൈജ്ഞാനിക സമ്പ്രദായവും പ്രോത്സാഹിപ്പിക്കുന്ന എഴുത്തുകാരുടെ ഒരു നിരയെ വികസിപ്പിക്കുന്നതിന് ഈ പദ്ധതി സഹായകരമാകും.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ബുക്ക് ട്രസ്റ്റ്, ഇന്ത്യ ആണ് പദ്ധതിയുടെ ഘട്ടം ഘട്ടമായുള്ള പരിശീലന നിര്‍വഹണ ചുമതല വഹിക്കുന്നത്. പദ്ധതിയുടെ ഭാഗമായി തയാറാക്കുന്ന പുസ്തകങ്ങള്‍ നാഷണല്‍ ബുക്ക് ട്രസ്റ്റ് നേരിട്ടു പ്രസിദ്ധീകരിക്കും. മാത്രവുമല്ല സാഹിത്യ സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി ഏക ഭാരതം ശ്രേഷ്ഠ ഭാരതം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിന് ഈ കൃതികള്‍ ഇതര ഇന്ത്യന്‍ ഭാഷകളിലേയ്ക്കു പരിഭാഷപ്പെടുത്തുകയും ചെയ്യും. തെരഞ്ഞെടുക്കപ്പെടുന്ന യുവ എഴുത്തുകാര്‍ക്ക് ലോകത്തിലെ തന്നെ മികച്ച എഴുത്തുകാരുമായി സംവദിക്കുന്നതിനും സാഹിത്യ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിനും അവസരം ലഭിക്കും.

യുവ മനസുകളെ ശാക്തീകരിക്കുന്നതിനും, ഭാവി ലോകത്തിന്റെ നേതൃത്വത്തിലേയ്ക്കു വരാന്‍ തയാറുള്ള യുവ വായനക്കാരെയും പഠിതാക്കളെയും സൃഷ്ടിക്കുന്ന വിജ്ഞാന ആവാസ വ്യവസ്ഥ വികസിപ്പിക്കുന്നതിനും ഇന്ത്യയുടെ ദേശീയ വിദ്യാഭ്യാസ നയം 2020 ഊന്നല്‍ കൊടുക്കുന്നത്.

2021 ജൂണ്‍ 1 മുതല്‍  ജൂലൈ 31 വരെ നടത്തുന്ന അഖിലേന്ത്യ മത്സരത്തിലൂടെ  75 എഴുത്തുകാരെ തെരഞ്ഞെടുക്കും. വിജയികളെ 2021 ഓഗസ്റ്റ് 15 ന് പ്രഖ്യാപിക്കും. പ്രശ്സതരായ എഴുത്തുകാരും പരിശീലകരും ഈ യുവ എഴുത്തുകാര്‍ക്ക് പരിശീലനം നല്‍കും. പരിശീലനം നടത്തുന്നവരുടെ രചനകളുടെ കൈയെഴുത്തു പ്രതികള്‍ 2021 ഡിസംബര്‍ 15 ന് പ്രസാധനത്തിനു തയ്യറാകും. പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങള്‍ 2022 ജനുവരി 12 ന് ദേശീയ യുവജന ദിനത്തില്‍ പ്രകാശനം ചെയ്യും. പരിശീലന പദ്ധതിയില്‍ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറുമാസത്തേയ്ക്ക് പ്രതിമാസം 50,000 രൂപയുടെ സ്റ്റൈഫന്റ് അനുവദിക്കുകയും ചെയ്യും . കൂടുതൽ വിവരങ്ങൾ അറിയാൻ ഈ ലിങ്കിൽ (https://innovateindia.mygov.in/yuva/)  ക്ലിക്ക് ചെയ്യൂ
Published by: Jayesh Krishnan
First published: May 29, 2021, 8:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories