ചെന്നൈ: സ്വന്തം വീട്ടിൽ പ്രാർഥന യോഗം നടത്തുന്നതിന് പൊലീസിന്റെയോ അധികൃതരുടെയോ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഹൈക്കോടതി ഉത്തരവ്. ജസ്റ്റിസ് പി.ഡി ആദികേശവലുവാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. അനുമതിയില്ലാതെ പ്രാർഥന യോഗം സംഘടിപ്പിക്കുന്നത് തടഞ്ഞ പൊലീസ് നടപടിക്കെതിരെയാണ് പാസ്റ്ററായ സി. ജോസഫ് ഹൈക്കോടതിയെ സമീപിച്ചത്. പ്രമുഖ നിയമവാർത്താ പോർട്ടലായ ലൈവ് ലോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സി. ജോസഫിന്റെ പെന്തക്കോസ്ത് സഭ നടത്തിയ പ്രാർഥനാ പരിപാടിക്കെതിരെ പരാതിയുമായി ഹിന്ദുമുന്നണി എന്ന സംഘടന രംഗത്തെത്തിയതോടെയാണ് പൊലീസ് ഇടപെട്ടത്. സമാധാന ചർച്ചയ്ക്കായി വിളിച്ചുവരുത്തിയ പൊലീസ് പരിപാടിക്ക് മുൻകൂർ അനുമതി ആവശ്യമാണെന്ന് അറിയിച്ചിരുന്നു. സമാധാന ചർച്ച കഴിയുന്നതുവരെ പ്രാർഥന പരിപാടി പാടില്ലെന്നും പൊലീസ് നിർദേശിച്ചിരുന്നു. ഇതേത്തുടർന്നാണ് സി. ജോസഫ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
ആർ. ജെഗനാഥൻ ഇസ്രായേൽ Vs പൊലീസ് സൂപ്രണ്ട് കേസിലെ വിധി പ്രകാരം സ്വന്തം വീട്ടിലോ അതിനോട് ചേർന്ന വസ്തുവിലോ ഒരാൾക്ക് പ്രാർഥന യോഗം സംഘടിപ്പിക്കണമെങ്കിൽ അതിന് മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. അതുകൊണ്ടുതന്നെ പ്രാർഥനയോഗത്തിന് അനുമതി വേണമെന്ന പൊലീസിന്റെ നിർദേശം തള്ളിക്കളയുന്നുവെന്നും വിധിയിൽ പറയുന്നു.
സഭയുടെ പ്രാർഥന പരിപാടി ശബ്ദമലിനീകരണവും ഗതാഗതകുരുക്കും ഉണ്ടാക്കുന്നുവെന്ന് ആരോപിച്ച് ഹിന്ദുമുന്നണി പ്രവർത്തകർ പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് പൊലീസ് സമാധാന ചർച്ചയ്ക്കായി മുൻകൈയെടുത്തത്. വീടിനോട് ചേർന്ന് പ്രാർഥന ഹാൾ നിർമിച്ചത് മുൻകൂർ അനുമിതിയില്ലാതെയാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.