• HOME
 • »
 • NEWS
 • »
 • india
 • »
 • Madras HC | സ്വകാര്യതാ ലംഘനം; സ്പാകളിൽ CCTV ക്യാമറകൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി ജഡ്ജി

Madras HC | സ്വകാര്യതാ ലംഘനം; സ്പാകളിൽ CCTV ക്യാമറകൾ സ്ഥാപിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ രൂക്ഷവിമർശനവുമായി ജഡ്ജി

സ്പാകളിലും മസാജ്, തെറാപ്പി സെന്ററുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്ന സമീപകാല ഉത്തരവിനെ തുടര്‍ന്നുണ്ടായ കേസ് പരിഗണിക്കവെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

 • Last Updated :
 • Share this:
  ഒരു ജുഡീഷ്യല്‍ നടപടിയിലൂടെയും മൗലികാവകാശങ്ങള്‍ (Fundamental Rights) വെട്ടിച്ചുരുക്കാന്‍ കഴിയില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ (Madras High Court) മധുര ബെഞ്ചിലെ ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍.

  സ്പാകളിലും മസാജ്, തെറാപ്പി സെന്ററുകളിലും സിസിടിവി ക്യാമറകള്‍ (CCTV Cameras) സ്ഥാപിക്കണമെന്ന സമീപകാല ഉത്തരവിനെ തുടര്‍ന്നുണ്ടായ കേസ് പരിഗണിക്കവെയായിരുന്നു ജഡ്ജിയുടെ പരാമര്‍ശം.

  2017-ലെ ഒരു കേസിലെ സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി സ്വകാര്യത സംരക്ഷിക്കാനുള്ള വ്യക്തികളുടെ അവകാശത്തെ ഹനിക്കുന്നതാണ് ഈ ഉത്തരവെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ നിരീക്ഷിച്ചു. തന്റെ സ്പായ്ക്ക് 'നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ്' നല്‍കാന്‍ തിരുച്ചി പൊലീസിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പായല്‍ ബിശ്വാസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസ് സ്വാമിനാഥന്‍ന്റെ നിരീക്ഷണം.

  കഴിഞ്ഞ മാസം സമാനമായ മറ്റൊരു കേസില്‍ സ്പാകളിലും മറ്റ് കേന്ദ്രങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ജസ്റ്റിസ് എസ്എം സുബ്രഹ്മണ്യം ഉത്തരവിട്ടിരുന്നുവെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രസ്തുത ഉത്തരവ് കെഎസ് പുട്ടസ്വാമി കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച ഒമ്പതംഗ ബെഞ്ചിന്റെ വിധിന്യായത്തിന് വിരുദ്ധമാണെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

  മസാജ് സെന്ററുകളിലെ അധാര്‍മിക പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള സംശയം ഒരു വ്യക്തിയുടെ വിശ്രമിക്കാനുള്ള അവകാശത്തിലേക്ക് കടന്നുകയറാനുള്ള മതിയായ കാരണമല്ല. സ്വകാര്യതയ്ക്കുള്ള മൗലികാവകാശത്തിന്റെ ഭാഗമാണ് ഇതെന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു. മൗലികാവകാശമുള്‍പ്പെടെ ഒരു അവകാശവും കേവലമല്ലെന്ന് സമ്മതിച്ചെങ്കിലും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിയമനിര്‍മ്മാണ സഭയ്‌ക്കോ എക്‌സിക്യൂട്ടീവിനോ മാത്രമേ കഴിയൂ എന്നും ജസ്റ്റിസ് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു.

  ''ഒരു ജുഡീഷ്യല്‍ നടപടി കൊണ്ടും മൗലികാവകാശങ്ങളെ പരിമിതിപ്പെടുത്താനോ അതിന്റെ പരിധി വെട്ടിച്ചുരുക്കാനോ കഴിയില്ല'', അദ്ദേഹം പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സ്പാകളിലും മസാജ് സെന്ററുകളിലും ആളൊഴിഞ്ഞതോ അടച്ചിട്ടതോ ആയ മുറികള്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് സുബ്രഹ്മണ്യം നിര്‍ദ്ദേശിച്ചപ്പോള്‍, മസാജ് സെഷനുകള്‍ക്ക് ശേഷം ഉപഭോക്താക്കള്‍ക്ക് കുളിക്കുന്നതിനും മറ്റുമായി അത്തരം കേന്ദ്രങ്ങളില്‍ അടച്ച മുറികള്‍ ഒഴിവാക്കാനാവില്ലെന്ന് ജസ്റ്റിസ് സ്വാമിനാഥന്‍ അഭിപ്രായപ്പെട്ടു. ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ 2019ലെ വിജ്ഞാപനത്തെ പരാമര്‍ശിച്ചുകൊണ്ട് സ്പാ അല്ലെങ്കില്‍ മസാജ് പാര്‍ലറുകള്‍ക്ക് പാര്‍ട്ടീഷനുകളോ മുറികളോ ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

  Also Read-Death Penalty for Rape | ബലാത്സംഗക്കേസുകളില്‍ ഇനി തൂക്കുകയര്‍; നിയമം പാസാക്കി മഹാരാഷ്ട്ര

  സ്വകാര്യതയെ പൊതുവെ ഒരു വ്യക്തിയുടെ അവകാശമായി കാണാമെങ്കിലും അതിനപ്പുറത്തേക്ക് അത് പരിഗണിക്കപ്പെടേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജസ്റ്റിസ് സ്വാമിനാഥന്‍ പറഞ്ഞു. ജോര്‍ജ്ജ് മേസണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ പ്രിസില്ല എം റീഗന്റെ 'ലെജിസ്ലേറ്റിംഗ് പ്രൈവസി' എന്ന കൃതിയെ പരാമര്‍ശിച്ച് കൊണ്ടായിരുന്നു ജസ്റ്റിസ് സ്വാമിനാഥന്റെ നിരീക്ഷണം. പ്രൊഫ. പ്രിസില്ലയുടെ പുസ്തകത്തില്‍ സ്വകാര്യതയെ ഒരു മൂല്യമായും പൊതു നയത്തിന്റെ ലക്ഷ്യമായുമാണ് സങ്കല്‍പ്പിക്കുന്നത്.
  Published by:Jayashankar AV
  First published: