ന്യൂഡൽഹി : പ്രിയങ്ക ഗാന്ധിയുടെ ഔദ്യോഗിക സ്ഥാനാരോഹണം ഉടൻ. കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ആയി പാർട്ടി നിയമിച്ച പ്രിയങ്ക അധികം വൈകാതെ തന്നെ സ്ഥാനം ഏറ്റെടുക്കും. പ്രിയങ്കയെ വരവേൽക്കാനുള്ള എല്ലാ ഏർപ്പാടുകളും കോൺഗ്രസ് പൂർത്തിയാക്കിക്കഴിഞ്ഞു.
ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ഓഫീസ് മുറിയോട് ചേർന്നാണ് പ്രിയങ്കയ്ക്കും ഓഫീസ് ഒരുക്കിയിരിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമായി പ്രിയങ്കയുടെ നെയിം ബോർഡുകളും സ്ഥാപിച്ച് കഴിഞ്ഞു. കുംഭമേളയിൽ സ്നാനം നടത്തിയ ശേഷം പ്രിയങ്ക സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതപ്പെടുന്നത്. രാഷ്ട്രീയത്തിലെ ഔദ്യോഗിക പ്രവേശനത്തിനൊപ്പം ട്വിറ്റർ, ഫേസ്ബുക്ക് തുടങ്ങി സാമൂഹ്യമാധ്യങ്ങളിലും പ്രിയങ്ക അരങ്ങേറ്റം കുറിക്കും.
Also Read-
കള്ളപ്പണം വെളുപ്പിക്കൽ: റോബർട്ട് വാദ്രയെ ഇന്ന് ചോദ്യം ചെയ്യും
പ്രിയങ്കയുടെ വരവിന് തയ്യാറെടുത്ത് ലക്നൗവിലെ കോൺഗ്രസ് ഓഫീസും നവീകരിച്ചിട്ടുണ്ട്. കിഴക്കൻ യുപിയിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഇവിടെ ഇരുന്നാകും പ്രിയങ്ക നിരീക്ഷിക്കുക. മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓഫീസ് മുറി തന്നെയാണ് പ്രിയങ്കയ്ക്കായി ഇപ്പോൾ വാസ്തു ശാസ്ത്ര വിധി പ്രകാരം നവീകരിച്ച് ഒരുക്കിയിരിക്കുന്നത്.
Also Read-പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം വർഷങ്ങളായുള്ള ആസൂത്രണത്തിനു ശേഷം; മനസു തുറന്ന് രാഹുൽ
എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി ഇന്ന് വൈകിട്ടോടെ ചുമതല ഏറ്റെടുക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വൈകീട്ട് നടക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് മുന്നോടിയായി പ്രിയങ്ക ഔദ്യോഗികമായി ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച ഒദ്യോഗിക പ്രഖ്യാപനം പുറത്ത് വന്ന സമയത്ത് വിദേശത്തായിരുന്ന പ്രിയങ്ക തിരിച്ചെത്തിയ ഉടന്‍ രാഹുല്‍ ഗാന്ധി, സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പടിഞ്ഞാറന്‍ യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ജോതിരാദിത്യ സിന്ധ്യ എന്നിവരുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.