കാൺപുർ: ഉത്തർപ്രദേശ് പൊലീസ് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പ്രതിഷേധ ധർണ്ണ 24 മണിക്കൂർ പിന്നിട്ടു. പ്രിയങ്കാ ഗാന്ധിയെ കാണാനെത്തിയ കോൺഗ്രസ്- തൃണമൂൽ പ്രവർത്തകരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സോൻഭദ്ര വെടിവെയ്പിൽ ദുരിതം അനുഭവിക്കുന്നവരെ കാണാതെ തിരിച്ചു പോകില്ലെ പ്രിയങ്ക പറഞ്ഞു.
മിർസാപൂരിലെ ചുനാർ ഗസ്റ്റ് ഹൗസിന് മുന്നിലാണ് കഴിഞ്ഞ 24 മണിക്കൂറിലധികമായി എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക പ്രതിഷേധം തുടരുന്നത്. വെടിവെയ്പുണ്ടായ സോൻഭദ്ര സന്ദർശിക്കാൻ അനുവദിക്കാത്തതിലാണ് പ്രിയങ്കയുടെ പ്രതിഷേധം. ആദ്യം പൊലീസും പിന്നീട് ജില്ലാ കള്കടറും പ്രിയങ്കയുമായി ചർച്ച നടത്തി. എന്നാൽ വെടിവെയ്പിൽ മരിച്ചവരുടെ ബന്ധുക്കളേയും പരിക്കേറ്റവരേയും കാണാതെ മടങ്ങില്ലെന്നാണ് പ്രിയങ്കയുടെ നിലപാട്. സുരക്ഷാ കാരണങ്ങളലാണ് തടഞ്ഞതെന്ന് പൊലീസ് പറഞ്ഞപ്പോൾ സുരക്ഷിതമായ സ്ഥലത്ത് അവരെ കൊണ്ടുവരൂ, അവരുടെ വിഷമങ്ങൾ കേൾക്കട്ടെ എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം.
പത്തുപേരുടെ ജീവനെടുത്ത വെടിവെയ്പ് നടന്ന സോൻഭദ്ര സന്ദർശിക്കാൻ ഇന്നലെയാണ് പ്രിയങ്ക എത്തിയത്. നാരായൺപൂരിൽ വെച്ച് പൊലീസ് തടഞ്ഞു. ധർണ്ണ നടത്തിയ പ്രിയങ്കയേയും കോൺഗ്രസ് നേതാക്കളേയും കസ്റ്റഡിയിലെടുത്ത് ചുനാർ ഗസ്റ്റ് ഹൗസിലേക്ക് മാറ്റുകയായിരുന്നു. പ്രിയങ്കയെ കാണാനെത്തിയ തൃണമൂൽ പ്രവര്‍ത്തകരെ വാരാണസിയിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. കൂടുതൽ കോൺഗ്രസ് പ്രവർത്തകര്‍ പ്രിയങ്കക്ക് പിന്തുണയുമായി സ്ഥലത്ത് എത്തുന്നുണ്ട്. പ്രിയങ്ക രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു എന്നാണ് സർക്കാരിന്റെ ആരോപണം.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.