ഭോപ്പാൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ വിജയം പ്രവചിച്ചതിനെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകൻ ജോലിയിൽ തിരികെയെത്തുന്നു. വിക്രം യൂണിവേഴ്സിറ്റിയിലെ സംസ്കൃതം, വേദം, ജ്യോതിശാസ്ത്രം എന്നീ വിഭാഗങ്ങളുടെ മേധാവിയായ രാജേശ്വർ ശാസ്ത്രി മുസൽഗ്വാൻകറാണ് സസ്പെൻഷനിലായിരുന്നത്.
also read:
കോഹ്ലിക്കും ഇന്ത്യൻ ടീമിനും ആശംസയർപ്പിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീം
ഒരു മാസത്തെ സസ്പെൻഷനു ശേഷം മധ്യപ്രദേശ് കോടതിയുടെ ഉത്തരവോടെ ഇദ്ദേഹം വ്യാഴാഴ്ച തിരിച്ചെത്തുകയാണ്. രാജേശ്വർ ശാസ്ത്രിയെ സസ്പെൻഡ് ചെയ്തു കൊണ്ടുള്ള വിക്രം യൂണിവേഴ്സിറ്റിയുടെ ഉത്തരവ് മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഇതിനെ തുടർന്ന് ഇദ്ദേഹം വ്യാഴാഴ്ച മുതൽ ജോലിയിൽ പ്രവേശിക്കും.
കഴിഞ്ഞ കുറേ നാളായി എനിക്ക് സംഭവിച്ചത് നല്ല കാര്യങ്ങൾ ആയിരുന്നില്ല. ഞാനൊരു ജ്യോത്സ്യനാണ്. എന്റെ ജോലിയാണ് ഞാൻ ചെയ്തത്. കോടതി അതിന്റെ ജോലി നന്നായി ചെയ്തു. വനിത ജഡ്ജി അവരുടെ അനുഗ്രഹം എനിക്ക് നൽകി- രാജേശ്വർ ശാസ്ത്രി പറഞ്ഞു.
ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ 300ൽ അധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നായിരുന്നു രാജേശ്വർ ശാസ്ത്രിയുടെ പ്രവചനം. ഇതിനു പിന്നാലെ മെയ് രണ്ടിനാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. അദ്ദേഹം പ്രവചിച്ചത് പോലെ മെയ് 23ന് രണ്ടാം തവണയും ബിജെപി അധികാരത്തിലെത്തി.
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ബബ് ലു ഖിച്ച് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രാജേശ്വർ ശാസ്ത്രിയെ സസ്പെൻഡ് ചെയ്തത്. ശാസ്ത്രി 1965ലെ മധ്യപ്രദേശ് സിവിൽ സർവീസ് നിയമവും തെരഞ്ഞെടുപ്പ് ചട്ട ലംഘനവും നടത്തിയെന്നാരോപിച്ചാണ് പരാതി നൽകിയത്.
മോദി സർക്കാർ അധികാരത്തിലെത്തിയതിനു പിന്നാലെ ലോകത്തെ ഒന്നാം നമ്പർ ശാസ്ത്രമാണ് ജ്യോതി ശാസ്ത്രമെന്ന് മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി രമേഷ് പൊഖ്റിയാൽ പറഞ്ഞിരുന്നു. മന്ത്രി പറഞ്ഞത് ശരിയാണെന്നാണ് ശാസ്ത്രി പറയുന്നത്. മറ്റ് ശാസ്ത്രങ്ങളെല്ലാം അനുമാനങ്ങളാണെന്നും എന്നാൽ ജ്യോതി ശാസ്ത്രം ദൃശ്യമായ ശാസ്ത്രമാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ വാദങ്ങൾ തെളിയിക്കുന്നതിനായി ശാസ്ത്രി ഒരു ഉദാഹരണവും വ്യക്തമാക്കി. മണിക്കൂറില്‍ 50 കിലോമീറ്റർ വേഗതയിൽ ഒരു കാർ ഓടിക്കുകയാണെന്ന് വിചാരിക്കുക. പെട്ടെന്ന് മണിക്കൂറിൽ 100 കിലോ മീറ്റർ വേഗതയിൽ മറ്റൊരു കാർ നിങ്ങളെ മറികടന്ന് പോയി. അപ്പോൾ നിങ്ങൾക്ക് ഒരു പ്രകമ്പനം അനുഭവപ്പെടും. അതുപോലെ ഭൂമിയുടെയും മറ്റ് ഗ്രഹങ്ങളുടെ ചലനവും മാറ്റങ്ങളും എല്ലാത്തിലും ഒരു സ്വാധീനം ഉണ്ടാക്കുന്നു. അദ്ദേഹം പറഞ്ഞു. ജ്യോതി ശാസ്ത്രജ്ഞന് എല്ലാ വേദങ്ങളിലും അറിവുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.