• HOME
  • »
  • NEWS
  • »
  • india
  • »
  • Prophet Remark Row | പ്രവാചക നിന്ദാ വിവാദത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റ്; മുസ്ലീം യുവാവ് മഹാരാഷ്ട്രയിൽ അറസ്റ്റിൽ

Prophet Remark Row | പ്രവാചക നിന്ദാ വിവാദത്തിൽ നൂപുർ ശർമയെ പിന്തുണച്ച് പോസ്റ്റ്; മുസ്ലീം യുവാവ് മഹാരാഷ്ട്രയിൽ അറസ്റ്റിൽ

മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് സാദ് അൻസാരി.

  • Share this:
    പ്രവാചകൻ മുഹമ്മദ് നബിക്കെതിരായ (Prophet Muhammad) വിവാദ പരാമർശത്തെ തുടർന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട ബി.ജെ.പി വക്താവ് നൂപുർ ശർമയെ (Nupur Sharma) പിന്തുണച്ചതിന്റെ പേരിൽ മഹാരാഷ്ട്ര സ്വദേശിയായ സാദ് അൻസാരി എന്ന യുവാവ് അറസ്റ്റിൽ. ഞായറാഴ്ചയാണ് ഭിവണ്ടി പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അൻസാരിയുടെ വീടിനു പുറത്ത് ജനക്കൂട്ടം തടിച്ചു കൂടുകയും സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. അൻസാരിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു വീടിന് പുറത്ത് തടിച്ചുകൂടിയവരുടെ ആവശ്യം.

    സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ഡിസിപി അറിയിച്ചു. കൂടുതൽ സംഘർഷം തടയാൻ പ്രദേശത്തിന് സമീപം പോലീസിനെയും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    ''50 വയസ്സുള്ള ഒരാൾ 6-9 വയസ്സുള്ള പെൺകുട്ടിയെ വിവാഹം ചെയ്യുന്നത് ബാലപീഡനമാണ്. നിങ്ങളുടെ 6 വയസ്സുള്ള മകളെ 50 വയസ്സുള്ള ഒരാൾക്ക് നൽകുമോ?. ഞാൻ ഒരു മതത്തെയും പിന്തുണയ്ക്കുന്നില്ല. അവയെ ഞാൻ വെറുക്കുന്നു. വർഷങ്ങൾക്ക് മുൻപ് മരിച്ച ഒരു മനുഷ്യനെക്കുറിച്ച് എന്തെങ്കിലും പറഞ്ഞതിന് നീയും കുടുംബവും കൊല്ലപ്പെടുന്ന ഒരു ലോകത്ത് ജീവിക്കാൻ ഞാൻ ഭയപ്പെടുന്നു'', എന്നാണ് അൻസാരി സോഷ്യൽ മീഡിയ പോസ്റ്റിൽ എഴുതിയിരുന്നത്.

    ''കുട്ടികളേ നിങ്ങൾ വളരൂ. ലോകത്ത് തീവ്രവാദം പടർത്തുന്ന മതങ്ങളെ ഉപേക്ഷിച്ച് മനുഷ്യരാകൂ. ഇത് വളരെ ലളിതമാണ്. ഇത് പോസ്റ്റ് ചെയ്തതിനു ശേഷം എനിക്കു മേൽ എത്രമാത്രം വെറുപ്പുണ്ടാകുമെന്ന് എനിക്കറിയാം. നിങ്ങൾ ഇപ്പോഴും കുട്ടികളാണ്. അതിനാൽ തെറ്റിദ്ധരിപ്പിക്കപ്പെടാൻ എളുപ്പമാണ്'', അൻസാരി കൂട്ടിച്ചേർത്തു.

    മഹാരാഷ്ട്രയിലെ ഭിവണ്ടിയിൽ എഞ്ചിനീയറിംഗ് വിദ്യാർത്ഥിയാണ് സാദ് അൻസാരി. സോഷ്യൽ മീഡിയയിലൂടെ നൂപൂർ ശർമ്മയെ പിന്തുണച്ചതിന് ജനക്കൂട്ടം അൻസാരിക്കെതിരെ തിരിയുകയും കൽമ (ആറ് ഇസ്ലാമിക വാക്യങ്ങൾ) ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്തിരുന്നു.

    ഒരു ടെലിവിഷൻ ചാനലിലെ സംവാദത്തിനിടെ പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമർശം നടത്തിയതിന് നൂപൂർ ശർമക്ക് ഭിവണ്ടി പോലീസ് സമൻസ് അയക്കുകയും പോലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

    അതിനിടെ, ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിമീൻ (All India Majlis-e-Ittehadul Muslimeen (AIMIM)) തലവൻ അസദുദ്ദീൻ ഒവൈസി നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് രം​ഗത്തെത്തി. സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി വക്താവിന് പിന്തുണ നൽകിക്കൊണ്ടും അവർക്കെതിരായ ഭീഷണികളെ അപലപിച്ചു കൊണ്ടും നിരവധി പേർ രം​ഗത്തെത്തി. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയും, ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറും സസ്‌പെൻഡ് ചെയ്യപ്പെട്ട നൂപുർ ശർമയെ പിന്തുണച്ച് രം​ഗത്തെത്തിയിരുന്നു. ടിവി ചർച്ചകളിലും മറ്റും സംസാരിക്കുമ്പോൾ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ബിജെപി നേതാക്കളോടും വക്താക്കളോടും കേന്ദ്ര മന്ത്രിമാരോടും പാർ‌ട്ടി നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനിടെയിലും, നൂപുർ ശർമക്കുള്ള പിന്തുണ ഓരോ ദിവസവും കൂടി വരികയാണ്.
    Published by:Sarath Mohanan
    First published: