• HOME
  • »
  • NEWS
  • »
  • india
  • »
  • Prophet Remark Row | പ്രവാചക നിന്ദാ വിവാദം: താനെ പോലീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മുസ്ലീങ്ങളോട് മാപ്പ് പറയണമെന്ന്

Prophet Remark Row | പ്രവാചക നിന്ദാ വിവാദം: താനെ പോലീസ് വെബ്‌സൈറ്റ് ഹാക്ക് ചെയ്തു; മുസ്ലീങ്ങളോട് മാപ്പ് പറയണമെന്ന്

ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് മാപ്പ് പറയണമെന്നും ഹാക്കർമാർ സ്ക്രീനിൽ തെളിഞ്ഞ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു.

  • Share this:
താനെ സിറ്റി പോലീസ് കമ്മീഷണറേറ്റിന്റെ (Thane city police Commissionerate) വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ (Prophet Muhammad) ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനകളുമായി ബന്ധപ്പെട്ടു നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാ​ഗമായാണ് ഹാക്കിങ്ങ്. ലോകമെമ്പാടുമുള്ള മുസ്ലീങ്ങളോട് മാപ്പ് പറയണമെന്നും ഹാക്കർമാർ സ്ക്രീനിൽ തെളിഞ്ഞ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. ആവശ്യമായ നടപടികൾക്കായി തങ്ങൾ വിവിധ ഏജൻസികളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും താനെ സൈബർ ക്രൈം ടീം അതിനായി പ്രവർത്തിക്കുന്നു‌ണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൺ ഹാറ്റ് സൈബർ ടീം (One Hat Cyber Team) എന്ന സംഘമാണ് വെബ്സൈറ്റ് ഹാക്ക് ചെയ്തത്.

''ഹലോ ഇന്ത്യൻ ഗവൺമെന്റ്, എല്ലാവർക്കും ഹലോ. ഇസ്‌ലാമിനെ അവഹേളിച്ചതു കൊണ്ട് നിങ്ങൾ വീണ്ടും വീണ്ടും പ്രശ്‌നമുണ്ടാക്കുന്നു. വേഗം പോയി ലോകമെമ്പാടുമുള്ള മുസ്‌ലീങ്ങളോട് ക്ഷമ ചോദിക്കുക. ഞങ്ങളുടെ അപ്പോസ്തലനെ അപമാനിക്കുമ്പോൾ ഞങ്ങൾ വെറുതെ ഇരിക്കില്ല" എന്നാണ് വെബ്‌സൈറ്റ് തുറക്കുമ്പോൾ, സ്‌ക്രീനിൽ പ്രത്യക്ഷപ്പെടുന്ന സന്ദേശത്തിൽ പറഞ്ഞിരുന്നത്.

താനെ പോലീസ് കമ്മീഷണറേറ്റിന്റെ വെബ്‌സൈറ്റ് പരിശോധിച്ചപ്പോൾ സന്ദേശം നീക്കം ചെയ്തതായാണ് ന്യൂസ് 18 കണ്ടെത്തിയത്. വെബ്‌സൈറ്റ് നിലവിൽ അറ്റകുറ്റപ്പണിയിലാണ് എന്നെഴുതിക്കാണിക്കുന്ന ഒരു കറുത്ത സ്ക്രീൻ ആണ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്.

ഇന്തോനേഷ്യയിൽ ഉള്ള ഒരു ഹാക്കർ ഗ്രൂപ്പാണ് വൺ ഹാറ്റ് സൈബർ ടീം. ഇതൊരു കമ്മ്യൂണിറ്റി ഓർഗനൈസേഷൻ ആണെന്നും തങ്ങൾ സ്വാതന്ത്ര്യവും നീതിയും ആവശ്യപ്പെടുന്നു എന്നും അവരുടെ ഇൻസ്റ്റഗ്രാം പേജിൽ പറയുന്നുണ്ട്. എന്നാൽ ആ പേജിലെ വിവരങ്ങൾ ഇന്തോനേഷ്യൻ ഭാഷയിലാണ്. കൂടാതെ, ഇതിൽ കോഡുകളും സ്ക്രിപ്റ്റുകളും ഉണ്ട്.

ചാനല്‍ ചര്‍ച്ചക്കിടയില്‍ മുഹമ്മദ് നബിയെക്കുറിച്ച് വിവാദ പരാമര്‍ശം നടത്തിയ ദേശീയ വക്താവ് നൂപുര്‍ ശര്‍മയെ ബി.ജെ.പി. സസ്‌പെന്‍ഡ് ചെയ്തിരുന്നു. പാര്‍ട്ടിയുടെ ഡല്‍ഹി മാധ്യമവിഭാഗം മേധാവി നവീന്‍ ജിന്‍ഡാലിനേയും പാര്‍ട്ടി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തില്‍ വ്യാപകമായ പ്രതിഷേധവും സംഘര്‍ഷവും തുടരുന്നതിനിടെ ആയിരുന്നു ബി.ജെ.പിയുടെ നടപടി. നൂപുറിന്റെ പരാമര്‍ശത്തെ തള്ളിയ ബി.ജെ.പി., ഏതെങ്കിലും മതവ്യക്തിത്വങ്ങളെ അപമാനിക്കുന്നതിനെ ശക്തമായി അപലപിക്കുന്നുവെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, നൂപുർ ശർമക്ക് പിന്തുണ നൽകിക്കൊണ്ടും അവർക്കെതിരായ ഭീഷണികളെ അപലപിച്ചു കൊണ്ടും നിരവധി പേർ രംഗത്തെത്തുന്നുണ്ട്. ഈസ്റ്റ് ഡൽഹിയിൽ നിന്നുള്ള ബിജെപി എംപിയും, ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറും സസ്‌പെൻഡ് ചെയ്യപ്പെട്ട നൂപുർ ശർമയെ പിന്തുണച്ച് സംസാരിച്ചിരുന്നു. ടിവി ചർച്ചകളിലും മറ്റും സംസാരിക്കുമ്പോൾ ഇത്തരം വിഷയങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ബിജെപി നേതാക്കളോടും വക്താക്കളോടും കേന്ദ്ര മന്ത്രിമാരോടും പാർ‌ട്ടി നിർദ്ദേശിച്ചതായി റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിനിടെയും, നൂപുർ ശർമക്കുള്ള പിന്തുണ ഓരോ ദിവസവും കൂടി വരികയാണ്.
Published by:Sarath Mohanan
First published: