• HOME
  • »
  • NEWS
  • »
  • india
  • »
  • പി ടി ഉഷ, ഇളയരാജ, ബാഹുബലിയുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ് എന്നിവർ രാജ്യസഭയിലേക്ക്

പി ടി ഉഷ, ഇളയരാജ, ബാഹുബലിയുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ് എന്നിവർ രാജ്യസഭയിലേക്ക്

അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

  • Last Updated :
  • Share this:
    ന്യൂഡൽഹി: മലയാളികളുടെ അഭിമാനവും ഇതിഹാസ കായികതാരവുമായ പയ്യോളി എക്സ്പ്രസ് പി ടി ഉഷ, സംഗീതജ്ഞൻ ഇളയരാജ, ബാഹുബലി അടക്കമുള്ള സിനിമകളുടെ എഴുത്തുകാരൻ വി വിജയേന്ദ്ര പ്രസാദ്, സാമൂഹികപ്രവര്‍ത്തകനും ധര്‍മസ്ഥല ക്ഷേത്രത്തിന്റെ കാര്യക്കാരനുമായ വീരേന്ദ്ര ഹെഗ്‌ഡെ എന്നിവരെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിർദേശം ചെയ്തു. പിന്നാലെ പി ടി ഉഷ ഉള്‍പ്പെടെയുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

    ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളിലൊരാളായ പി ടി ഉഷ രാജ്യസഭയുടെ ഭാഗമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ' എല്ലാ ഇന്ത്യക്കാര്‍ക്കും പ്രചോദനമാണ് പി ടി ഉഷ. അവർ രാജ്യത്തിനായി നേടിയ നേട്ടങ്ങള്‍ വളരെ വലുതാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി യുവകായികതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ അവര്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നുണ്ട്. രാജ്യസഭയിലേക്ക് നാമനിര്‍ദേശം ലഭിച്ച പി ടി ഉഷയ്ക്ക് അഭിനന്ദനങ്ങള്‍'- നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.



    സംഗീത സൃഷ്ടികൊണ്ട് വിവിധ തലമുറകളെ ആകർഷിച്ച പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി കുറിച്ചു. അദ്ദേഹത്തിന്റെ പാട്ടുകൾ ഒട്ടനേകം വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നു. ഏറ്റവും ലളിതമായ പശ്ചാത്തലത്തിൽ നിന്ന് വന്ന് ഏറെ നേട്ടങ്ങൾ സ്വന്തമാക്കിയ അദ്ദേഹത്തിന്റെ ജീവിതയാത്ര ഏറെ പ്രചോദകമാണ്. രാജ്യസഭയിലേക്ക് അദ്ദേഹത്തെ നാമനിർദേശം ചെയ്യപ്പെട്ടതിൽ അതിയായ സന്തോഷമുണ്ട്- പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.



    ദശാബ്ദങ്ങളായി സൃഷ്ടിപരമായ ലോകത്തുള്ളയാളാണ് വി വിജയേന്ദ്ര പ്രസാദ്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകം ആഗോളതലത്തിൽ അടയാളപ്പെടുത്തുന്നതാണ് അദ്ദേഹത്തിന്റെ സൃഷ്ടികളെന്നും പ്രധാനമന്ത്രി അഭിനന്ദന സന്ദേശത്തിൽ പറഞ്ഞു.



    സാമൂഹ്യ സേവന രംഗത്ത് കര്‍മനിരതനാണ് വീരേന്ദ്ര ഹെഗ്ഡെ. ധർമസ്ഥല ക്ഷേത്രത്തിൽ പ്രാർത്ഥിക്കുന്നതിനും ആരോഗ്യ വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാക്ഷിയാകാനുമുള്ള അവസരം തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചു.



    English Summary: legendary athlete PT Usha, Film composer Ilaiyaraaja and film maker V Vijayendra Prasad were nominated to the Rajya Sabha on Wednesday. Soon after, Prime Minister Narendra Modi issued congratulatory tweets for the eminent citizens, calling them an inspiration for every Indian.
    Published by:Rajesh V
    First published: