• HOME
  • »
  • NEWS
  • »
  • india
  • »
  • പൂനെ വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും; ഒക്ടോബര്‍ 16 മുതല്‍ റണ്‍വേ പുനര്‍നിര്‍മ്മാണം

പൂനെ വിമാനത്താവളം 14 ദിവസത്തേക്ക് അടച്ചിടും; ഒക്ടോബര്‍ 16 മുതല്‍ റണ്‍വേ പുനര്‍നിര്‍മ്മാണം

മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ചരിത്ര പ്രദേശമായ പൂനെയില്‍ നിന്ന് ഏകദേശം 10 കി.മീ ദൂരത്തില്‍ വടക്ക് കിഴക്കായിട്ടാണ് പൂനെ അന്താരാഷ്ട്രവിമാനത്താവളം സ്ഥിതി ചെയ്യുന്നത്

  • Share this:
    ഈ മാസം പകുതിയ്ക്ക് ശേഷം പൂനെ വിമാനത്താവളം വഴി യാത്ര നടത്താന്‍ ആഗ്രഹിക്കുന്ന യാത്രക്കാര്‍ അവരുടെ സന്ദര്‍ശനം പുന:ക്രമീകരിക്കേണ്ടതുണ്ട്. റണ്‍വേയുടെ അറ്റകുറ്റപ്പണികളെ തുടര്‍ന്ന് വിമാനത്താവളം 14 ദിവസത്തേയ്ക്ക് അടച്ചിടും. ഒക്ടോബര്‍ 16 മുതല്‍ 14 ദിവസത്തേക്കാണ് വിമാനത്താവളം അടച്ചിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അതായത് 2021 ഒക്ടോബര്‍ 29 വരെ വിമാനത്താവളം വഴിയുള്ള സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കും. ഇന്ത്യന്‍ എയര്‍ഫോഴ്സ് (ഐഎഎഫ്) ആണ് റണ്‍വേയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.

    അടച്ചുപൂട്ടല്‍ കാരണം വിമാനത്താവളം വഴി സര്‍വീസ് നടത്തുന്ന എല്ലാ വാണിജ്യ വിമാനങ്ങളും ഒക്ടോബര്‍ 16 മുതല്‍ 29 വരെ നിര്‍ത്തിവയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഐഎഎഫില്‍ നിന്ന് നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് തീരുമാനമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറയുന്നു. ''ഈ കാലയളവില്‍ നടത്തുന്ന റണ്‍വേ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനത്തെക്കുറിച്ച് ഐഎഎഫ് അറിയിച്ചിട്ടുണ്ട്. അതിനാലാണ് ഈ പ്രഖ്യാപനം നടത്തിയത് '' വാര്‍ത്ത ഏജന്‍സിയായ പിടിഐയോട് പൂനെ വിമാനത്താവളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

    പൂനെ വിമാനത്താവളത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലും ഈ വിവരങ്ങള്‍ പങ്കുവച്ചിട്ടുണ്ട്. ലോഹേഗാവിലുള്ള ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ എയര്‍ബേസിന്റെ ഭാഗവുമായി ഈ വിമാനത്താവളം റണ്‍വേ പങ്കുവയ്ക്കുന്നുണ്ട്. പൂനെ വിമാനത്താവള നിയന്ത്രണം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുമായും പങ്കുവച്ചിട്ടുണ്ട്. റണ്‍വേ അറ്റകുറ്റപ്പണിയ്ക്കായി വിമാനത്താവളം ഏപ്രിലില്‍ ഏറ്റെടുക്കാനാണ് നേരത്തെ ഉദ്ദേശിച്ചിരുന്നതെങ്കിലും മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ മാസം പകുതിയോടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

    ഈ വിമാനത്താവളത്തിലൂടെ 2020 സാമ്പത്തിക വര്‍ഷത്തില്‍ 80 ലക്ഷത്തിലധികം യാത്രക്കാരാണ് കടന്നു പോയിട്ടുള്ളത്. വര്‍ദ്ധിച്ചു വരുന്ന വിമാന സര്‍വ്വീസുകളും യാത്രക്കാരുടെ എണ്ണവും എയര്‍പോര്‍ട്ട് അധികൃതരെ ഒരു പുതിയ ടെര്‍മിനലിന്റെ നിര്‍മ്മാണത്തിനും റണ്‍വേ വിപുലീകരണത്തിനും നിര്‍ബന്ധിതരാക്കി. 2021 മേയ് 27 വരെ പത്ത് കോടിയിലധികം കോവിഷീല്‍ഡ് ഡോസുകളുടെ ആഭ്യന്തര ഗതാഗതം പൂനെ എയര്‍പോര്‍ട്ട് കൈകാര്യം ചെയ്തിരുന്നു.

    മഹാരാഷ്ട്ര സംസ്ഥാനത്തിന്റെ ചരിത്ര പ്രദേശമായ പൂനെയില്‍ നിന്ന് ഏകദേശം 10 കി.മീ ദൂരത്തില്‍ വടക്ക് കിഴക്കായിട്ടാണ് പൂനെ അന്താരാഷ്ട്രവിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് അന്താരാഷ്ട്രവും അന്തര്‍ദേശിയവുമായയാത്രാ വിമാനങ്ങളുടെ സേവനം ലഭ്യമാണ്. പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്കുള്ള സര്‍വ്വീസുകള്‍.

    1939 - 45 കാലഘട്ടത്തില്‍ നടന്ന രണ്ടാം ലോകമഹായുദ്ധ കാലഘട്ടത്ത് ഈ വിമാനത്താവളം പ്രധാന പങ്കുവഹിച്ചിരുന്നതായാണ് ചരിത്ര രേഖകള്‍ പറയുന്നത്.
    Published by:Jayashankar AV
    First published: