പൂനെ: പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പങ്കെടുക്കേണ്ടിയിരുന്ന കവിസംഗമം പരിപാടിയുടെ വേദി രണ്ടുതവണ മാറ്റിയത് വിവാദമായി. പുനെ പൊലീസ് ഇടപെട്ടാണ് വേദി മാറ്റിയത്. പൂനെ നിഗഡി ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിൽ നടത്താൻ നിശ്ചയിച്ച പരിപാടിയാണ് മാറ്റിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് കവിസംഗമം പരിപാടി നടക്കേണ്ടിയിരുന്നത്. പരിപാടിയുടെ ഉദ്ഘാടകനായാണ് മന്ത്രി ജി. സുധാകരൻ പങ്കെടുക്കാനിരുന്നത്. എന്നാൽ പരിപാടി തുടങ്ങാൻ ഒരുമണിക്കൂർ മുമ്പ് പൊലീസ് സ്ഥലത്തെത്തി പരിപാടി നടത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. നേരത്തെ നൽകിയ അനുമതി റദ്ദാക്കിയെന്നും പൊലീസ് അറിയിച്ചു. ഇതേത്തുടർന്ന് പരിപാടിയുടെ സംഘാടകനായ വാഗ്ദേവത മാനേജിങ് എഡിറ്റർ എൻ.ജി ഹരിദാസിന്‍റെ ഓഫീസ് പരിസരത്തേക്കുമാറ്റി. രണ്ടുമണിക്കൂർ വൈകിയാണ് പരിപാടി നടന്നത്. ജില്ലാ കോൺഗ്രസ് ഉപാധ്യക്ഷൻ കൂടിയായ എൻ.ജി ഹരിദാസ് സംഘടിപ്പിച്ച പരിപാടിക്ക് പൊലീസ് ഇടങ്കോലിട്ടത് രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
ആദ്യം നിഗഡി പ്രാധികരണിലുള്ള വീർ സർവർക്കർ സദനിലായിരുന്നു പരിപാടി നിശ്ചയിച്ചത്. എന്നാൽ പരിപാടി നടത്താനാകില്ലെന്ന് അറിയിച്ച് ഹാളുടമ ബുക്കിങ് റദ്ദാക്കിയതോടെയാണ് ശ്രീകൃഷ്ണക്ഷേത്രത്തിലെ പാഞ്ചജന്യം ഹാളിലേക്ക് മാറ്റിയത്. എന്നാൽ ഇവിടെയും പരിപാടി നടത്താനാകില്ലെന്ന് പൊലീസ് അറിയിക്കുകയായിരുന്നു. പരിപാടി തടസപ്പെടുത്താൻ ശ്രമിച്ചത് ആർ.എസ്.എസ് ആണെന്ന ആരോപണം സംഘാടകർ ഉന്നയിക്കുന്നുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.