ജൂലൈ 1 മുതല്‍ പഞ്ചാബിലെ എല്ലാ വീടുകള്‍ക്കും 300 യൂണിറ്റ് വൈദ്യുതി (300 unit free power) സൗജന്യമായി ലഭിക്കുമെന്ന് മുഖ്യമന്ത്രി ഭഗവന്ത് മന് (Bhagwant Mann). പഞ്ചാബിന്റെ ഭരണം ഏറ്റെടുത്ത് ഒരു മാസത്തിനു ശേഷമാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഏപ്രില്‍ 16ന് പഞ്ചാബിലെ (Punjab) ജനങ്ങള്‍ക്ക് ചില ശുഭ വാര്‍ത്തകള്‍ നല്‍കുമെന്ന് ജലന്ധറില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി സൂചന നല്‍കിയിരുന്നു. അതിനു പിന്നാലെയാണ് ആം ആദ്മി പാര്‍ട്ടി (AAP) സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയിരിക്കുന്നത്.
മുഖ്യമന്ത്രി ഭഗവന്ത് മനും (Bhagwant Mann) ചീഫ് സെക്രട്ടറി അനിരുദ്ധ് തിവാരി, വൈദ്യുത വകുപ്പ് സെക്രട്ടറി ദിലീപ് കുമാര്‍ എന്നിവരുള്‍പ്പെട്ട സംസ്ഥാനത്തെ മുതിര്‍ന്ന ഉദ്യോഗസ്ഥരും എഎപി മേധാവി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സൗജന്യ വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള രീതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഈ ആഴ്ച ആദ്യമായിരുന്നു കൂടിക്കാഴ്ച നടന്നത്. അടച്ചു തീര്‍ക്കാനുള്ള വൈദ്യുത ബില്ലുകള്‍ ഒഴിവാക്കുന്നതിനൊപ്പം എല്ലാ വീട്ടിലും യാതൊരു വിവേചനവുമില്ലാതെ സൗജന്യ വൈദ്യുതി നല്‍കുമെന്ന് കെജ്രിവാള് തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പിനു മുമ്പുള്ള ആദ്യത്തെ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇത്.
പ്രതിവര്‍ഷം സംസ്ഥാനത്ത് 5000 കോടി രൂപയുടെ അധിക ബാധ്യത കൂടി ഉണ്ടാക്കുന്നതാണ് ഈ പ്രഖ്യാപനം. 3 ലക്ഷം കോടി രൂപയുടെ കടബാധ്യതയില്‍ സംസ്ഥാനം ഇപ്പോള്‍ നട്ടംതിരിയുകയാണ്. കാര്‍ഷിക മേഖലയ്ക്ക് സൗജന്യ വൈദ്യുതിയും പിന്നോക്ക വിഭാഗങ്ങള്‍ക്കും ബിപിഎല്‍ കുടുംബങ്ങള്‍ക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതിയും പഞ്ചാബ് സര്‍ക്കാര്‍ ഇതിനകം നല്‍കുന്നുണ്ട്.
2016ല്‍ അവതരിപ്പിച്ച പദ്ധതി പ്രകാരമാണ് ഇവ നല്‍കുന്നത്. കൂടാതെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും പ്രതിമാസം 100 രൂപ സ്റ്റൈപെന്‍ഡും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിന് പ്രതിവര്‍ഷം 1500 കോടിയിലധികം ചെലവ് വരാനാണ് സാധ്യത. 8000 മെഗാവാട്ട് വൈദ്യുതിയാണ് ഇതിനകം പഞ്ചാബില്‍ ആവശ്യമായുള്ളത്. നെല്‍കൃഷി ചെയ്യുന്ന സമയത്ത് ഇത് 15000 മെഗാവാട്ടായി ഉയരും.
പഞ്ചാബില്‍ റേഷന്‍ നരിട്ട് വീടുകളില്‍ വിതരണം ചെയ്യുന്ന പദ്ധതി നടപ്പാക്കാനും ആം ആദ്മി പാര്‍ട്ടി ഒരുങ്ങുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ കാരണം ഡല്‍ഹിയില്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പഞ്ചാബില്‍ ഭഗവന്ത് മന്നിന്റെ സര്‍ക്കാര്‍ ഈ ഉദ്യമം നടപ്പില്‍ വരുത്തുന്നതോടെ രാജ്യമെങ്ങും ഈ പദ്ധതിയ്ക്കായി ആവശ്യമുയരുമെന്ന് ഉറപ്പാണെന്നും കെജ്രിവാള് പറഞ്ഞിരുന്നു.
'സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും നാളുകളായിട്ടും നീണ്ട ക്യൂവില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ വിധിക്കപ്പെട്ട ആളുകളാണ് നമ്മള്. വീടുകളില്‍ പിസ്സ ഓര്‍ഡര്‍ ചെയ്തു വാങ്ങാന്‍ സാധിക്കും. എന്നാല്‍ റേഷന്‍ വാങ്ങാന്‍ സാധിക്കുമോ? വീട്ടുവാതിലില്‍ റേഷന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഉത്പന്നങ്ങള്‍ ആളുകള്‍ക്ക് നേരിട്ട് എത്തിക്കും' കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയില്‍ പദ്ധതി നടപ്പാക്കുമെന്ന് കേജ്രിവാള് മുന്‍പ് വാഗ്ദാനം ചെയ്തെങ്കിലും ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തില്‍ വീടുകളില്‍ റേഷന്‍ വിതരണം ചെയ്യാന്‍ വ്യവസ്ഥ ചെയ്തിട്ടില്ല എന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം എതിര്‍ത്തിരുന്നു.
Published by:Arun krishna
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.